പട്ടിണി, ക്ഷാമം: അഭയം തേടി ശ്രീലങ്കന്‍ പൗരന്മാർ ഇന്ത്യയില്‍
ശ്രീലങ്കയില്‍ നിന്ന് പലായനം ചെയ്ത് ഇന്ത്യയിലെത്തിയ 16 പേരെ കോസ്റ്റ് ഗാർഡ് ചൊവ്വാഴ്ച പിടികൂടി
ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ അഭയം തേടി പൗരന്മാർ ഇന്ത്യയിലേക്ക്. വൈദ്യുതി തടസ്സവും അവശ്യസാധനങ്ങളുടെ ദൗർലഭ്യവും രൂക്ഷമാകുന്നതിനിടെയാണ് ശ്രീലങ്കക്കാര്‍ രാജ്യം വിടുകയാണെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
ശ്രീലങ്കയില്‍ നിന്ന് പലായനം ചെയ്ത് ഇന്ത്യയിലെത്തിയ 16 പേരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ചൊവ്വാഴ്ച പിടികൂടി. തമിഴ്നാട്ടിലെ രാമേശ്വരത്തിനടുത്തുള്ള ദ്വീപിൽ നിന്നാണ് ഇവരെ പിടികൂടിയത്. സംഘത്തിലെ മൂന്നു പേര്‍ കുട്ടികളാണ്. തൊഴിലില്ലായ്മയും ഭക്ഷ്യക്ഷാമവും മൂലം ജാഫ്‌ന, കൊക്കുപടയ്യൻ നിവാസികളാണ് കടല്‍ കടന്ന് ഇന്ത്യയിലെത്തിയത്. ഇവരെ കോസ്റ്റ് ഗാർഡ് ചോദ്യംചെയ്യുകയാണ്. പിടിയിലായവരെ ക്യാമ്പുകളിലേക്ക് മാറ്റി.
മനുഷ്യക്കടത്ത് സംഘങ്ങള്‍ക്ക് പണം നല്‍കിയാണ് പലരും കടല്‍ കടക്കുന്നത്. ബോട്ടില്‍ രാമേശ്വരത്തെത്താന്‍ 50,000 രൂപ നല്‍കിയെന്ന് ശ്രീലങ്കയില്‍ നിന്ന് പലായനം ചെയ്ത ഗജേന്ദ്രനും സംഘവും പറയുന്നു. അടുത്ത ദിവസങ്ങളിലും ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് അഭയാര്‍ഥി പ്രവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനു മുന്‍പ് 1980കളിലെ ആഭ്യന്തര സംഘര്‍ഷത്തിനിടെയാണ് ശ്രീലങ്കയില്‍ നിന്ന് വന്‍തോതില്‍ അഭയാര്‍ഥി പ്രവാഹമുണ്ടായത്. അക്കാലത്ത് തമിഴ്നാട്ടിലെത്തിയ 60,000 പേര്‍ 107 ക്യാമ്പുകളിലായി കഴിയുന്നു.
പണം നല്‍കിയാല്‍ പോലും ഇന്ധനം ലഭ്യമല്ലാത്ത അവസ്ഥയാണ് ശ്രീലങ്കയില്‍. പ്രായമായവര്‍ ഉള്‍പ്പെടെയുള്ളവരുടെ നീണ്ട നിര പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ കാണാം. പെട്രോള്‍ പമ്പുകളിലെ സംഘര്‍ഷ സാധ്യത പരിഗണിച്ച് സൈനികരെ നിയോഗിച്ചതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. വിദേശനാണ്യ പ്രതിസന്ധിക്കിടെയാണ് പെട്രോളിയം വില കുതിച്ചുയർന്നത്.
പേപ്പര്‍ ക്ഷാമം കാരണം ശ്രീലങ്കയിലെ എല്ലാ പരീക്ഷകളും അനിശ്ചിതകാലത്തേക്ക് റദ്ദാക്കി. വിദേശനാണ്യത്തിന്റെ പ്രധാനപ്പെട്ട സ്രോതസ്സായ രാജ്യത്തിന്റെ വിനോദസഞ്ചാര മേഖല, കോവിഡ് മഹാമാരിയുടെ കാലത്ത് തകര്‍ന്നടിഞ്ഞിരുന്നു. 2019ലെ ഈസ്റ്ററിനിടെ കൊളംബോയിലുണ്ടായ ബോംബ് സ്ഫോടന പരമ്പരയും വിനോദസഞ്ചാര മേഖലയെ സാരമായി ബാധിച്ചു. അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി ചൈനയിൽ നിന്ന് വന്‍തോതില്‍ കടമെടുത്തതും പ്രതിസന്ധി രൂക്ഷമാക്കി.
പഞ്ചസാര, പയറുവർഗങ്ങൾ, ധാന്യങ്ങൾ തുടങ്ങി അവശ്യവസ്തുക്കള്‍ പോലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ശ്രീലങ്ക. കടബാധ്യതാ തിരിച്ചടവ് പുനക്രമീകരിക്കണമെന്ന ശ്രീലങ്കയുടെ അഭ്യര്‍ഥന ചൈന അംഗീകരിച്ചില്ല. ഭക്ഷണം, മരുന്നുകൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ സംഭരണത്തിന് ഇന്ത്യ ശ്രീലങ്കയ്ക്ക് ഒരു ബില്യൺ ഡോളർ വായ്പ പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീലങ്കൻ ധനമന്ത്രി ബേസിൽ രാജപക്സെയുടെ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനിടെയായിരുന്നു ഇന്ത്യയുടെ സഹായ വാഗ്ദാനം. മാര്‍ച്ച് 17നായിരുന്നു ഇത്. കഴിഞ്ഞ മാസം പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങാൻ ഇന്ത്യ ശ്രീലങ്കയ്ക്ക് 500 മില്യൺ ഡോളർ വായ്പ നൽകിയിരുന്നു. പ്രതിസന്ധി നേരിടാൻ അന്താരാഷ്ട്ര നാണയ നിധിയുടെ സഹായം തേടുമെന്ന് പ്രസിഡന്റ് ഗോദബായ രജപക്‌സെ പറഞ്ഞു.
Adjust Story Font
16