ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഇടത് നേതാവ് അനുര കുമാര ദിസനായകെ മുന്നിൽ
2022 മുതൽ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്
കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അനുര കുമാര ദിസനായകെ മുന്നിൽ . ഇടതുപക്ഷ പാർട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവാണ് ദിസനായകെ. അന്തിമഫലം ഞായറാഴ്ച വരുമെന്നാണ് റിപ്പോർട്ട്. താൽക്കാലിക പ്രസിഡന്റ് റനിൽ വിക്രമസിംഗെ മൂന്നാം സ്ഥാനത്താണ്.
10 ലക്ഷം വോട്ടുകൾ എണ്ണിയപ്പോൾ 53 ശതമാനവുമായി അനുര കുമാര മുന്നിലാണ്. പ്രതിപക്ഷ നേതാവ് സജിത് പ്രേംദാസയാണ് 22 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്തുള്ളത്. നാഷനൽ പീപ്പിൾസ് പവർ മുന്നണിയുടെ ഭാഗമാണ് അനുര കുമാര ദിസനായകെയുടെ ജനതാ വിമുക്തി പെരമുന പാർട്ടി.
ശനിയാഴ്ചയായിരുന്നു ശ്രീലങ്കയിൽ തെരഞ്ഞെടുപ്പ് നടന്നത്. 75 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
2022 മുതൽ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇതിനിടയിൽ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. 2022ൽ ആയിരക്കണക്കിന് പേർ കൊളംബോയിൽ തെരുവിലിറങ്ങുകയും പ്രസിഡന്റിന്റെ വസതി കീഴടക്കുകയും ചെയ്തു. ഇതേതുടർന്ന് പ്രസിഡന്റ് ഗോട്ടബായ രാജപക്സ രാജിവെക്കുകയുണ്ടായി.
കടക്കണിയിൽനിന്ന് മോചിപ്പിച്ച് രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുക എന്ന വലിയ വെല്ലുവിളിയാണ് പുതിയ പ്രസിഡന്റിനെ കാത്തിരിക്കുന്നത്.
Adjust Story Font
16