Quantcast

‘ഭക്ഷണത്തിനായി വരിനിൽക്കുക രണ്ട് കിലോമീറ്റർ’; ഗസ്സയിലെ നടുക്കുന്ന ഓർമകളുമായി മലയാളി ഡോക്ടർ

‘ആശുപത്രികളിൽ ഡോക്ടർമാർ രോഗികളെ വിട്ട് ഓടിപ്പോകാൻ നിർബന്ധിതരായി’

MediaOne Logo

Web Desk

  • Updated:

    2024-10-06 08:39:45.0

Published:

6 Oct 2024 8:07 AM GMT

gaza food
X

ഡോ. സന്തോഷ് കുമാർ

ഗസ്സയിലെ ജനങ്ങൾക്ക് ഭക്ഷണത്തിനായി വരിനിൽക്കേണ്ടി വന്നിരുന്നത് രണ്ട് കിലോമീറ്റർ ദൂരത്തിലാണെന്നും ഭക്ഷണം ലഭിക്കാതെയായാൽ പരസ്പരം അടികൂടുന്ന കാഴ്ചയാണ് കാണാറുള്ളതെന്നും ഗസ്സയിൽ സേവനം ചെയ്ത മലയാളി ഡോക്ടർ സന്തോഷ് കുമാർ. ഗസ്സയിലെ നടുക്കുന്ന ഓർമകൾ ‘മീഡിയവണി’നോട് പങ്കുവെക്കുകയായിരുന്നു അദ്ദേഹം.

ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് എന്ന രാജ്യാന്തര സംഘടനയുടെ ഭാഗമായിട്ടാണ് ഗസ്സയിൽ സേവനത്തിനെത്തുന്നത്. നിലവിൽ ഇദ്ദേഹം യുക്രെയിനിലാണുള്ളത്. തിരുവനന്തപുരം മെഡിക്കൽ​ കോളജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടും എമർജൻസി വിഭാഗം മേധാവിയുമായിരുന്നു ഡോ. സന്തോഷ് കുമാർ.

കഴിഞ്ഞവർഷം നവംബറിലാണ് ഇദ്ദേഹം ആദ്യമായി ഗസ്സയിൽ പോകുന്നത്. ഈ സമയത്ത് തെക്കൻ ഗസ്സയിലെ റഫയിൽ ലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്ത് വരുന്ന കാഴ്ചയാണ് കാണുന്നതെന്ന് ഡോ. സന്തോഷ് കുമാർ പറയുന്നു. കാലുകുത്താൻ കഴിയാത്ത വിധം നിറഞ്ഞിരുന്ന റഫ. ചെറിയ പ്ലാസ്റ്റിക് ടെന്റുകളിലാണ് ആളുകളുടെ താമസം. 20ഓളം പേരാണ് ഒരു ടെന്റിൽ കഴിയുന്നത്. നല്ല തണുപ്പും ഈ സമയത്തുണ്ട്.

വെള്ളം ലഭിക്കാത്തതായിരുന്നു ഏറ്റവും വലിയ പ്രശ്നം. ജലശുദ്ധീകരണ സംവിധാനങ്ങൾ നിലച്ചു. വൈദ്യുതിയില്ല. വാർത്താവിനിമയ സംവിധാനങ്ങളും ലഭ്യമായിരുന്നില്ല.

ഏറ്റവും കുടുതൽ ആളുകൾ മരിക്കുന്നത് വിവിധ രോഗങ്ങൾ ബാധിച്ചാണ്. യഥാർഥ കണക്കിന്റെ നാലിരിട്ട ആളുകൾ യുദ്ധക്കെടുതികൾ കാരണം മരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

മധ്യ ഗസ്സയിലെ അൽ അഖ്സ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. ഇവിടെ ഇസ്രായേലി സൈനികർ ഇടക്ക് റെയ്ഡ് നടത്താറുണ്ട്. അവർ വന്ന് ആശുപത്രിയിൽനിന്ന് ഒഴിഞ്ഞുപോകാൻ പറയും. ഡോക്ടർമാരെല്ലാം രോഗികളെ വിട്ട് ഓടിപ്പോകാൻ നിർബന്ധിതരായി. ആശുപത്രിയുടെ സെക്യൂരിറ്റി പോസ്റ്റ് വരെ ബോംബിട്ട് തകർത്തു. നിരന്തരം ആകാശത്ത് ഡ്രോണുകൾ റോന്ത് ചുറ്റും. അവയുടെ ശബ്ദം തന്നെ ഭയാനകമാണെന്നും ഡോ. സന്തോഷ് കുമാർ പറയുന്നു.

TAGS :

Next Story