Quantcast

ബാ​ഗിലെന്തെന്ന് ചോദ്യം; 'ബോംബ്' എന്ന് മറുപടി; ഇന്ത്യൻ യാത്രക്കാർ കാരണം രണ്ടര മണിക്കൂറിലേറെ വൈകി മലേഷ്യൻ വിമാനം

സമഗ്രമായ സുരക്ഷാ പരിശോധനയ്ക്ക് ശേഷം ബോംബൊന്നും ഇല്ലെന്ന് വ്യക്തമായതോടെയാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്.

MediaOne Logo

Web Desk

  • Updated:

    2022-09-30 16:14:53.0

Published:

30 Sep 2022 4:13 PM GMT

ബാ​ഗിലെന്തെന്ന് ചോദ്യം; ബോംബ് എന്ന് മറുപടി; ഇന്ത്യൻ യാത്രക്കാർ കാരണം രണ്ടര മണിക്കൂറിലേറെ വൈകി മലേഷ്യൻ വിമാനം
X

ക്വാലാലംപൂർ: ലഗേജുകൾ ക്യാബിനിൽ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ തർക്കത്തെ തുടർന്ന് മലേഷ്യൻ വിമാനം പുറപ്പെടാൻ വൈകിയത് രണ്ടര മണിക്കൂറിലേറെ. തർക്കത്തിനിടെ തന്റെ ബാ​ഗിൽ എന്താണെന്ന് ഒരാൾ ചോദിക്കുകയും "ബോംബ്" എന്ന് രണ്ടാമൻ ആക്രോശിക്കുകയും ചെയ്തതോടെയാണ് പണി കിട്ടിയത്. വരീന്ദർ സിദ്ധു എന്നയാളാണ് ബോബ് പരാമർശം നടത്തി കുഴപ്പത്തിലാക്കിയതും പണികിട്ടിയതും.

ഒടുവിൽ, സമഗ്രമായ സുരക്ഷാ പരിശോധനയ്ക്ക് ശേഷം ബോംബൊന്നും ഇല്ലെന്ന് വ്യക്തമായതോടെയാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. ഉച്ചയ്ക്ക് ഒരു മണിയോടെ മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച് 173 വിമാനത്തിലാണ് സംഭവം. ഒടുവിൽ രണ്ട് മണിക്കൂറും 40 മിനിറ്റും വൈകിയാണ് വിമാനം ക്വാലാലംപൂരിലേക്ക് പുറപ്പെട്ടത്. സംഭവത്തിൽ നാല് യാത്രക്കാരെ ലോക്കൽ പൊലീസിന് കൈമാറിയതായി അധികൃതർ പറഞ്ഞു. ഇവരെല്ലാം ഇന്ത്യക്കാരാണ്.

"വിമാനത്തിന്റെ ഓവർഹെഡ് ക്യാബിനിൽ ബാഗുകൾ സൂക്ഷിക്കുന്നതിനെച്ചൊല്ലി രണ്ട് യാത്രക്കാർ തമ്മിൽ വഴക്കുണ്ടായി. ഒരു യാത്രക്കാരൻ മറ്റൊരാളോട് തന്റെ ബാഗിൽ എന്താണെന്ന് ചോദിച്ചപ്പോൾ രണ്ടാമൻ 'ബോംബ്' എന്ന് മറുപടി നൽകി. ഇക്കാര്യം ഒരാൾ പൈലറ്റിനെ അറിയിക്കുകയും പൈലറ്റ് എ.ടി.സിയെ (എയർ ട്രാഫിക് കൺട്രോളർ) അറിയിക്കുകയും തുടർന്ന് വിമാനം നിലത്തിറക്കുകയും ചെയ്തു"- ഔദ്യോഗിക വൃത്തങ്ങളിലൊരാൾ പറഞ്ഞു.

"ബോംബ് ഭീഷണി വിലയിരുത്തൽ സമിതി ഉടൻ തന്നെ ഇക്കാര്യം അന്വേഷിക്കുകയും വിമാനം പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. തുടർന്ന് ബോംബ് വിളി വ്യാജമാണെന്ന് അറിയിക്കുകയും ചെയ്തു. സംഭവത്തിൽ ഇന്ത്യക്കാരായ നാല് പേരെ പൊലീസിന് കൈമാറി"- അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story