Quantcast

മാലദ്വീപ് പ്രസിഡന്റിനെതിരെ 'കൂടോത്രം'; വനിതാ മന്ത്രിയും സഹോദരനും അറസ്റ്റില്‍, മന്ത്രിസഭയില്‍നിന്ന് പുറത്ത്

നേരത്തെ മുഹമ്മദ് മുഇസ്സു മാലെ നഗരസഭാ മേയര്‍ ആയിരുന്നപ്പോള്‍ സിറ്റി കൗണ്‍സില്‍ അംഗമായിരുന്നു ഫാത്തിമ ഷംനാസ്

MediaOne Logo

Web Desk

  • Published:

    28 Jun 2024 9:56 AM GMT

Maldives minister Fathimath Shamnaz Ali arrested and suspended for performing ‘black magic’ on President Mohamed Muizzu, black magic in Maldives
X

ഫാത്തിമ ഷംനാസ് അലി, മുഹമ്മദ് മുഇസ്സു

മാലെ: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുഇസ്സുവിനെതിരെ മന്ത്രി 'കൂടോത്രം' പ്രയോഗിച്ചതായി റിപ്പോര്‍ട്ട്. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന, ഊര്‍ജ മന്ത്രി ഫാത്തിമ ഷംനാസ് അലി സലീം ആണ് സംഭവത്തില്‍ കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. ഇതിനു പിന്നാലെ ഇവരെ മന്ത്രിസഭയില്‍നിന്നു പുറത്താക്കിയിരിക്കുകയാണ്. മന്ത്രിയുടെ സഹോദരന്‍ ഉള്‍പ്പെടെ മറ്റു രണ്ടുപേരും കേസില്‍ അറസ്റ്റിലായിട്ടുണ്ട്.

പ്രസിഡന്റിനോട് കൂടുതല്‍ അടുപ്പത്തിലാകാന്‍ വേണ്ടിയാണ് ഫാത്തിമ ഷംനാസ് ആഭിചാര പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നാണു വിവരം. രഹസ്യവിവരത്തെ തുടര്‍ന്ന് ജൂണ്‍ 23ന് ഇവരുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ മന്ത്രവാദവുമായി ബന്ധപ്പെട്ടുള്ള വസ്തുക്കള്‍ പൊലീസ് കണ്ടെടുത്തിരുന്നുവെന്ന് മാലദ്വീപ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനു പിന്നാലെയാണു മന്ത്രിയെ കസ്റ്റഡിയിലെടുത്തത്. ഇളയ സഹോദരന്‍, മന്ത്രവാദക്കാരന്‍ എന്നിവരാണു പിടിയിലായ മറ്റുള്ളവര്‍. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം ഏഴു ദിവത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

സംഭവത്തില്‍ മാലദ്വീപ് സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല. എന്നാല്‍, ഫാത്തിമ ഷംനാസും മറ്റു രണ്ടുപേരും ഉള്‍പ്പെട്ട കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് മാലെ അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ അഹ്മദ് ഷിഫാന്‍ അറിയിച്ചത്.

നേരത്തെ മുഹമ്മദ് മുഇസ്സു മാലെ നഗരസഭാ മേയര്‍ ആയിരുന്നപ്പോള്‍ സിറ്റി കൗണ്‍സില്‍ അംഗമായിരുന്നു ഫാത്തിമ ഷംനാസ്. കഴിഞ്ഞ വര്‍ഷം മുഇസ്സു മാലദ്വീപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഫാത്തിമയെ സഹമന്ത്രിയായി നിയമിക്കുകയായിരുന്നു. മാലദ്വീപ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ മുലീയാഗെയുടെ ചുമതലയായിരുന്നു ഇവര്‍ക്കു നല്‍കിയത്. പിന്നീട് പരിസ്ഥിതി മന്ത്രാലയത്തിലേക്കു മാറ്റുകയായിരുന്നു.

മാലദ്വീപില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ അപായമണി മുഴങ്ങുന്ന ഘട്ടത്തില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തിയ നേതാവായിരുന്നു ഫാത്തിമ ഷംനാസ്. ദ്വീപ് രാജ്യത്ത് സമുദ്രനിരപ്പ് ഉയര്‍ന്ന് തീരപ്രദേശങ്ങളെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതു തടയാന്‍ നീക്കങ്ങളുണ്ടായില്ലെങ്കില്‍ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ രാജ്യത്തെ കടലെടുക്കുമെന്നാണ് യു.എന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഇതിന്റെ ഭാഗമായുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണു പുതിയ സംഭവവികാസങ്ങളും മന്ത്രിയുടെ സ്ഥാനം തെറിക്കുന്നതും.

സംഭവത്തില്‍ ഫാത്തിമ ഷംനാസിന്റെ മുന്‍ ഭര്‍ത്താവും മാലദ്വീപ് മന്ത്രിയുമായ ആദം റമീസും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. മുഇസ്സുവിന്റെ അടുത്തയാളായിരുന്നു ഇദ്ദേഹം. എന്നാല്‍, ഏതാനും മാസങ്ങളായി ആദം പ്രസിഡന്റിനൊപ്പമുണ്ടായിരുന്നില്ലെന്നാണു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദമ്പതികള്‍ക്ക് മാസങ്ങള്‍ പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ മൂന്ന് മക്കളുണ്ട്.

കൂടോത്രവും മന്ത്രവാദങ്ങളും മാലദ്വീപ് ശിക്ഷാ നിയമപ്രകാരം കുറ്റകൃത്യമല്ല. എന്നാല്‍, ഇസ്്‌ലാമിക നിയമപ്രകാരം ആറു മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. മാലദ്വീപില്‍ ഇത്തരം ആഭിചാര പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പതിവുള്ളതാണ്. ഇതുവഴി ജീവിതത്തില്‍ ഉദ്ദേശിച്ച നേട്ടങ്ങളുണ്ടാക്കാനാകുമെന്നും ശത്രുക്കളെ നിഗ്രഹിക്കാനാകുമെന്നുമെല്ലാമാണു മന്ത്രവാദക്കാര്‍ വാദിക്കാറുള്ളത്.

Summary: Maldives minister Fathimath Shamnaz Ali arrested and suspended for performing ‘black magic’ on President Mohamed Muizzu

TAGS :

Next Story