Quantcast

ഹോട്ടലില്‍ പോയി മൂക്കുമുട്ടെ ഭക്ഷണം കഴിക്കും, ബില്ല് വരുമ്പോള്‍ നെഞ്ചുവേദന; 50കാരന്‍ പിടിയില്‍

സ്പെയിനിലെ ബ്ലാങ്ക മേഖലയില്‍ നിന്നാണ് ലിത്വാനിയന്‍ സ്വദേശിയെ അറസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Published:

    19 Oct 2023 6:44 AM GMT

hotel spain
X

പ്രതീകാത്മക ചിത്രം

മാഡ്രിഡ്: റസ്റ്റോറന്‍റുകളില്‍ പോയി വയറുനിറയെ ഭക്ഷണം കഴിച്ചതിനു ശേഷം ബില്ല് വരുമ്പോള്‍ നെഞ്ചുവേദന അഭിനയിച്ച് വിദഗ്ധമായി മുങ്ങുന്ന 50കാരന്‍ ഒടുവില്‍ പിടിയില്‍. സ്പെയിനിലെ ബ്ലാങ്ക മേഖലയില്‍ നിന്നാണ് ലിത്വാനിയന്‍ സ്വദേശിയെ അറസ്റ്റ് ചെയ്തത്.

തട്ടിപ്പുകാരന്‍റെ ഫോട്ടോ ഒരു മുന്നറിയിപ്പായി മേഖലയിലെ റസ്റ്റോറന്‍റുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിലകൂടിയ ഭക്ഷണവും പാനീയങ്ങളും ഓര്‍ഡര്‍ ചെയ്ത് കഴിച്ച ശേഷം നെഞ്ചുവേദന അഭിനയിച്ച് കുഴഞ്ഞുവീഴുകയാണ് ഇയാളുടെ പതിവ്.ഇരുപതോളം റസ്റ്റോറന്‍റുകളില്‍ ഈ പ്രകടനം കാഴ്ച വച്ച് ബില്ലില്‍ നിന്നും ഇയാള്‍ ഒഴിവായിട്ടുണ്ട്. കഴിഞ്ഞ മാസം ഒരു ഹോട്ടലിലെത്തിയ 50കാരന് 37 ഡോളറിന്‍റെ ബില്ല് കൊടുത്തപ്പോഴാണ് കള്ളത്തരം വെളിച്ചത്താകുന്നത്. ബില്ല് അടയ്ക്കാതെ മുങ്ങാന്‍ നോക്കുമ്പോള്‍ ഹോട്ടല്‍ ജീവനക്കാര്‍ പിടികൂടുകയായിരുന്നു. തന്‍റെ റൂമില്‍ പണമെടുത്തുരാമെന്ന് പറഞ്ഞെങ്കിലും ജീവനക്കാര്‍ പോകാന്‍ അനുവദിച്ചില്ല. ഈ സമയത്താണ് നെഞ്ചുവേദന അഭിനയിച്ചത്. ''അതു വളരെ നാടകീയമായിരുന്നു. അദ്ദേഹം ബോധരഹിതനായി നടിക്കുകയും നിലത്തുവീഴുകയും ചെയ്തു'' റെസ്റ്റോറന്‍റിന്‍റെ മാനേജർ ഒരു സ്പാനിഷ് വാർത്താ ഏജൻസിയോട് പറഞ്ഞു. ഹോട്ടല്‍ ജീവനക്കാര്‍ ആംബുലന്‍സ് വിളിക്കുന്നതിനു പകരം പൊലീസിനെയാണ് വിളിച്ചത്.

ഇനിയാരെയും കബളിപ്പിക്കാതിരിക്കാന്‍ മറ്റു ഹോട്ടലുകള്‍ക്ക് തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും റസ്റ്റോറന്‍റ് മാനേജര്‍ കൂട്ടിച്ചേര്‍ത്തു. ചാരനിറത്തിലുള്ള നീളമുള്ള പാന്‍റും പോളോ ഷർട്ടും ട്രെക്കിംഗ് ഷൂസും പ്രശസ്ത ബ്രാൻഡുകളുടെ ഇന്നര്‍ ബനിയനുമാണ് ഇയാൾ ധരിച്ചിരുന്നതെന്ന് സ്പാനിഷ് വാർത്താ ഏജൻസിയായ ഇഎഫ്ഇ റിപ്പോർട്ട് ചെയ്തു.2022 നവംബർ മുതൽ അദ്ദേഹം നഗരത്തിൽ താമസിച്ചു വരികയായിരുന്നു.

TAGS :

Next Story