ഇൻഷൂറൻസ് തുകയായി 24 കോടി ലഭിക്കാൻ 54കാരൻ ഇരുകാലുകളും വെട്ടിമാറ്റി
കാൽമുട്ടിനുതാഴെ നഷ്ടപ്പെട്ട ഇയാൾ കൃത്രിമ കാലുകൾ ഉപയോഗിച്ച് വീൽചെയറിന്റെ സഹായത്തോടെയാണ് ജീവിക്കുന്നത്
ഇൻഷൂറൻസ് തുകയായി 24കോടി രൂപ ലഭിക്കാൻ സ്വന്തം കാലുകൾ വെട്ടിമാറ്റിയ വ്യക്തിക്ക് രണ്ടു വർഷം തടവ്. ഹംഗറിയിലെ നൈർക്സാസാരിയിലെ 54കാരനെതിരെയാണ് പെസ്റ്റ് സെൻട്രൽ കോടതിയുടെ വിധി.
2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനു മുന്നിൽ പെട്ട് തന്റെ രണ്ടു കാലുകളും നഷ്ടപ്പെട്ടു എന്നായിരുന്നു ഇയാളുടെ അവകാശവാദം. എന്നാൽ, ഇയാൾ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങി തന്റെ ഇരു കാലുകളും അപകടപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കാൽമുട്ടിനുതാഴെ നഷ്ടപ്പെട്ട ഇയാൾ കൃത്രിമ കാലുകൾ ഉപയോഗിച്ച് വീൽചെയറിന്റെ സഹായത്തോടെയാണ് ജീവിക്കുന്നത്. അപകടം സംഭവിക്കുന്നതിന് മുമ്പുള്ള ദിവസം അപകടം സംഭവിച്ചാൽ ഇൻഷൂറൻസായി വലിയ തുക ലഭിക്കുന്ന പോളിസികളിൽ ഇയാൾ ചേർന്നിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഇൻഷൂറൻസ് കമ്പനികളാണ് പൊലീസിനെ വിവരമറിയിച്ചത്. സംഭവത്തിൽ സംശയം തോന്നിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എന്നാൽ, സേവിംഗ്‌സ് അക്കൗണ്ടുകളെക്കാൾ ഇൻഷൂറൻസ് പോളിസികളിൽ മികച്ച റിട്ടേൺതുക ലഭിക്കുന്നതുകൊണ്ടാണ് താൻ ഇത്രയധികം പോളിസികൾ എടുത്തതെന്നായിരുന്നു പിടിയിലായ സമയത്ത് പ്രതിയുടെ അവകാശവാദം. എന്നാൽ, തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷയായി രണ്ട് വർഷത്തെ ജയിൽവാസവും 4,724പൗണ്ട് പിഴയും വിധിച്ചു.
Adjust Story Font
16