ഓർഡർ ചെയ്തത് ഐഫോൺ; കിട്ടിയത് ടോയ്ലറ്റ് പേപ്പറും ചോക്ലേറ്റും
പാക്കറ്റ് പൊതിഞ്ഞ ടേപ്പിൽ കൃത്രിമം കാണിച്ചത് നേരത്തേ തന്നെ ശ്രദ്ധയിൽപ്പെട്ടിരുന്നു എന്നും കരോൾ പറഞ്ഞു.
ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളിൽ നിന്നും സ്മാർട് ഫോണും മറ്റു വിലകൂടിയ ഉൽപന്നങ്ങളും ഓർഡർ ചെയ്തവർക്ക് കല്ലും സോപ്പും കിട്ടിയ വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഐഫോൺ ഓർഡർ ചെയ്ത ഉപഭോക്താവിന് ലഭിച്ചത് ടോയ്ലറ്റ് പേപ്പറും ചോക്ലേറ്റും. യുകെയിലാണ് സംഭവം. ഒരു ലക്ഷം രൂപയുടെ ഐഫോൺ 13 പ്രോ മാക്സാണ് ഡാനിയേൽ കാരോൾ എന്ന ഉപഭോക്താവ് ഓൺലൈനായി ഓർഡർ ചെയ്തത്.
ആപ്പിളിന്റെ വെബ്‌സൈറ്റ് വഴി ഡിസംബർ 2നാണ് കാരോൾ ഐഫോൺ ഓർഡർ ചെയ്തത്. ഫോൺ ലഭിക്കാൻ രണ്ടാഴ്ച വൈകി, ഡിസംബർ 17 നാണ് പാക്കേജ് ലഭിച്ചത്. കാഡ്ബറിയുടെ വൈറ്റ് ഓറിയോ ചോക്ലേറ്റിന്റെ രണ്ടു ബാറുകളായിരുന്നു ബോക്സിൽ ഉണ്ടായിരുന്നത്. പാക്കറ്റ് പൊതിഞ്ഞ ടേപ്പിൽ കൃത്രിമം കാണിച്ചത് നേരത്തേ തന്നെ ശ്രദ്ധയിൽപ്പെട്ടിരുന്നതായി കരോൾ പറഞ്ഞു. തട്ടിപ്പിന് പിന്നാലെ ഡി.എച്ച്.എല്ലിനെ ടാഗ് ചെയ്ത് സംഭവം വിവരിച്ച് കാരോൾ ട്വീറ്റ് ചെയ്തു.
ഫോൺ വെയർഹൗസിൽ എത്തിയതുമുതൽ തെറ്റിദ്ധരിപ്പിക്കുന്ന നിരവധി സന്ദേശങ്ങൾ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം, സംഭവം പരിശോധിക്കുമെന്നും കാരോളിന് പുതിയ ഫോൺ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡി.എച്ച്.എൽ പ്രതികരിച്ചു.
Adjust Story Font
16