ആയിരക്കണക്കിന് മൃതദേഹം; സിറിയയിൽ ദിവസവും കണ്ടെത്തുന്നത് നിരവധി കൂട്ടക്കുഴിമാടങ്ങൾ
ദരാ ഗവർണറേറ്റിൽനിന്ന് മാത്രം കഴിഞ്ഞദിവസം 12 കൂട്ടക്കുഴിമാടങ്ങളാണ് കണ്ടെത്തിയത്
ദമസ്കസ്: സിറിയയിൽ കഴിഞ്ഞദിവസങ്ങളിലായി കണ്ടെത്തിയത് നിരവധി കൂട്ടക്കുഴിമാടങ്ങൾ. തെക്കൻ സിറിയയിലെ ദരാ ഗവർണറേറ്റിലാണ് ഒടുവിലായി കുഴിമാടം കണ്ടെത്തിയത്. പുറത്താക്കപ്പെട്ട പ്രസിഡന്റ് ബശ്ശാറുൽ അസദിന്റെ കാലഘട്ടത്തിൽ കൊല്ലപ്പെട്ട സാധാരണക്കാരുടെ മൃതദേഹങ്ങളാണ് ഇവിടെയുള്ളതെന്ന് വിശ്വസിക്കുന്നു. ഈ മാസമാദ്യം ബാത്ത് ഭരണം തകർന്നതോടെ രാജ്യത്തിന്റെ പലഭാഗങ്ങളിൽനിന്നായി നിരവധി കൂട്ടക്കുഴിമാടങ്ങളാണ് തിരച്ചിലിന്റെ ഭാഗമായി കണ്ടെത്തിയത്. ഇതിന്റെ വിഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.
ദരാ ഗവർണറേറ്റിന്റെ മധ്യഭാഗത്തുള്ള ഇസ്റാ നഗരത്തിന്റെ പ്രാന്തപ്രദേശത്തെ തോട്ടത്തിലാണ് പുതിയ കുഴിമാടം കണ്ടെത്തിയതെന്ന് ദരാ 24 ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ബശ്ശാർ ഭരണകൂടത്തിന്റെ സൈന്യവുമായി സഹകരിച്ചിരുന്ന സായുധ സംഘമാണ് ഇത് നിയന്ത്രിച്ചിരുന്നത്. നിലവിൽ 24 മൃതദേഹങ്ങൾ ഇതിൽനിന്ന് നാട്ടുകാർ പുറത്തെടുത്തിട്ടുണ്ട്. ഇവരെ തിരിച്ചറിയാനായി ഫോറൻസിക്, മെഡിക്കൽ സംഘം പ്രദേശത്ത് എത്തിയിട്ടുണ്ട്. പത്ത് വർഷം മുമ്പ് സംസ്കരിച്ച മൃതദേഹങ്ങൾ വരെ ഇവിടെയുള്ളതായാണ് വിവരം. ദരാ ഗവർണറേറ്റിൽനിന്ന് മാത്രം കഴിഞ്ഞദിവസം 12 കൂട്ടക്കുഴിമാടങ്ങളാണ് കണ്ടെത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ദമസ്കസിന്റെ പ്രാന്തപ്രദേശത്തുള്ള അൽ ഹുസൈന മേഖലയിലെ കൂട്ടക്കുഴിമാടത്തിൽനിന്ന് ആയിരക്കണക്കിന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 2012നും 2016നും ഇടയിൽ പിടികൂടി വധിച്ച പതിനായിരക്കണക്കിന് പേരുടെ മൃതദേഹം ഇവിടെയുണ്ടാകുമെന്നാണ് അനൗദ്യോഗിക കണക്ക്.
ദമസ്കസിന്റെ പുറത്തുള്ള കുഴിമാടത്തിൽ ഏകദേശം ഒരു ലക്ഷത്തോളം പേരുടെ മൃതദേഹങ്ങൾ ഉണ്ടെന്ന് സിറിയൻ എമർജൻസി ടാസ്ക് ഫോഴ്സ് മേധാവി മൗവാസ് മുസ്തഫ പറയുന്നു. രാജ്യതലസ്ഥാനത്തുനിന്ന് 40 കിലോമീറ്റർ അകലെയുള്ള അൽ ഖുദൈഫയിൽ അഞ്ച് കുഴിമാടങ്ങളാണുള്ളത്. സിറിയൻ പൗരൻമാരെക്കൂടാതെ വിദേശികളുടെ മൃതദേഹങ്ങളും ഈ കുഴിമാടങ്ങളിലുണ്ടെന്ന് മുസ്തഫ പറയുന്നു.
2011ന് ശേഷം ലക്ഷക്കണക്കിന് പേരാണ് സിറിയയിൽ കൊല്ലപ്പെട്ടിട്ടുള്ളത്. ബശ്ശാറുൽ അസദിന്റെയും പിതാവ് ഹാഫിസിന്റെയും കാലഘട്ടങ്ങളിൽ കുപ്രസിദ്ധമായ ജയിലുകളിൽ വെച്ച് ലക്ഷക്കണക്കിന് പേരെയാണ് പീഡിപ്പിച്ച് അതിദാരുണമായി ഇല്ലാതാക്കിയത്.
കഴിഞ്ഞദിവസം പല രാഹസ്യ ജയിലുകളും കണ്ടെത്തുകയും ഇവിടങ്ങളിൽനിന്ന് ആയിരക്കണക്കിന് പേരെ രക്ഷിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ ഉറ്റവർ ഈ ജയിലുകളിലുണ്ടോ എന്നറിയാൻ നിരവധി പേരാണ് ജയിലുകൾക്ക് മുന്നിലെത്തിയത്.
ആ ഒരു ലക്ഷം പേർ എവിടെ?
ബശ്ശാറിന്റെ ഭരണകാലത്ത് കാണാതായ ഒരു ലക്ഷത്തോളം പേർ മരിച്ചിട്ടുണ്ടാകുമെന്ന് സിറിയയിലെ മനുഷ്യാവകാശ പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. മനുഷ്യാവകാശങ്ങൾക്കായുള്ള സിറിയൻ കൂട്ടായ്മയുടെ തലവൻ ഫാദൽ അബ്ദുൽഗനി പറയുന്നത് അസദിന്റെ ഭരണകാലത്ത് 1,36,000 പേരെ പിടികൂടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നാണ്. ഇതിൽ 5000ഓളം പേർ കുട്ടികളാണ്. അബ്ദുഗനിയും 21 പേരടങ്ങുന്ന സംഘവും ഇത്തരത്തിൽ കാണാതായവരുടെ വിവരങ്ങൾ ശേഖരിച്ചുവെച്ചിട്ടുണ്ട്. അസദ് ഭരണം ഇല്ലാതായതോടെ സംഘം എല്ലാ ജയിലുകളും സന്ദർശിക്കുകയും അവിടെനിന്ന് മോചിപ്പിച്ച തടവുകാരുടെ വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞദിവസങ്ങളിലായി 31,000 പേരെ മാത്രമാണ് വിട്ടയച്ചിട്ടുള്ളത്. അതിനാൽ തന്നെ ബാക്കി വരുന്ന ഒരു ലക്ഷത്തോളം പേർ കൊല്ലപ്പെട്ടിട്ടുണ്ടാകാനാണ് സാധ്യതയെന്ന് അബ്ദുൽ ഗനി പറയുന്നു.
നിലവിൽ എല്ലാ രഹസ്യ തടങ്കൾ കേന്ദ്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. സിറിയയിലെ കുപ്രസിദ്ധമായ സെദ്നയ ജയിലിൽ 10,000 പേരെയാണ് ഉൾക്കൊള്ളാനാവുക. ഇവിടെനിന്ന് 1600 പേരെയാണ് മോചിപ്പിച്ചതെന്നും അബ്ദുൽ ഗനി വ്യക്തമാക്കി.
ഉറ്റവരെ തേടി ആശുപത്രികളിൽ
കാണാതായ തങ്ങളുടെ ഉറ്റവരെക്കുറിച്ച് സിറിയക്കാർ ജയിലിന് പുറമെ ആശുപത്രികളിലും പരതുന്നുണ്ട്. ദമസ്കസിലെ അൽ മുജ്തഹിദ് ആശുപത്രി മോർച്ചറി മുഖത്ത് തൂവാലയിട്ട് നിരവധി പേരാണ് സന്ദർശിക്കുന്നത്. തലസ്ഥാനത്തിന്റെ പുറത്തുള്ള ആശുപത്രിയിലുണ്ടായിരുന്ന 35 മൃതദേഹങ്ങൾ അൽ മുജ്തഹിദിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഇവർ എല്ലാവരും ഒരുപോലത്തെ വസ്തമ്രാണ് ധരിച്ചിരുന്നത്. അതിനാൽ തന്നെ ഇവർ സെദ്നയ ജയിലിലായിരുന്നു ഉണ്ടായിരുന്നതെന്ന് അൽ മുജ്തഹിദിലെ സന്നദ്ധ ഡോക്ടർമാർ പറയുന്നു.
മൃതദേഹങ്ങൾ സൂക്ഷിച്ച ബാഗുകൾ പുരുഷൻമാരും സ്ത്രീകളുമെല്ലാം പരിശോധിക്കുന്നുണ്ട്. എന്നാൽ, പല മൃതദേഹങ്ങൾക്കും ദിവസങ്ങളുടെ പഴക്കമുള്ളതിനാൽ തിരിച്ചറിയാൻ പ്രയാസമുണ്ട്. മിക്ക മൃതദേഹങ്ങളിലും ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിന്റെ അടയാളങ്ങൾ വ്യക്തമായി കാണാനാകും. പീഡനത്തിന് പുറമെ പലരും പട്ടിണി കാരണമാണ് മരിച്ചതെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.
Adjust Story Font
16