Quantcast

ന്യൂസിലൻഡിന് പിന്നാലെ മെക്‌സികോയും; പൊതു ഇടങ്ങളിൽ സമ്പൂർണ പുകവലി നിരോധനം ഏർപ്പെടുത്തി

പുകയില ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ, സ്‌പോൺസർഷിപ്പ് എന്നിവക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-01-15 09:27:57.0

Published:

15 Jan 2023 9:21 AM GMT

smoking,Mexico,ban, public places,tobacco
X

പൊതു ഇടങ്ങളിൽ സമ്പൂർണ പുകവലി നിരോധനം ഏർപ്പെടുത്തി മെക്‌സികോ. ലോകത്തിലെ ഏറ്റവും കർശനമായ പുകവലി വിരുദ്ധ നിയമങ്ങളിൽ ഒന്നാണ് മെക്‌സികോയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. 2021 ൽ രാജ്യത്ത് നിയമം കൊണ്ടു വന്നിരുന്നെങ്കിലും ഇനിമുതല്‍ കർശനമാക്കാനാണ് സർക്കാറിന്റെ തീരുമാനം. പല ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും പൊതു ഇടങ്ങളിൽ പുകവലിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം പാസാക്കിയിട്ടുണ്ട്.

മെക്‌സിക്കോയിലെ നിലവിലെ നിയമപ്രകാരം റെസ്റ്റോറന്റുകൾ, പാർക്കുകൾ, ബീച്ചുകൾ, ഹോട്ടലുകൾ, ജോലിസ്ഥലങ്ങൾ എന്നിവിടങ്ങൾ പുകവലി നിരോധന ഇടങ്ങളാണ്. കൂടാതെ പുകയില ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ, സ്‌പോൺസർഷിപ്പ് എന്നിവക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ മെക്‌സികോയുടെ നടപടിയെ സ്വാഗതം ചെയ്യുകയും നിരോധനം നടപ്പിലാക്കിയതിന് മെക്‌സിക്കൻ സർക്കാരിനെ അഭിനന്ദിക്കുകയും ചെയ്തു. അമേരിക്കയിൽ ഒരുവർഷം പത്തു ലക്ഷത്തോളം പേർ പുകയിലയുടെ ഉപയോഗം മൂലം മരണപ്പെടുന്നു എന്നും ഇത്തരത്തിൽ ഒരു നിയമം കർശനമാക്കുന്നതോടെ മരണസംഖ്യ കുറക്കാനാകുമെന്നും പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ വ്യക്തമാക്കി. നിയമം കർശനമാകുന്നതോടെ മെക്‌സികോയിൽ സ്വകാര്യ ഇടങ്ങളിൽ മാത്രമേ ആളുകൾക്ക് പുകവലി സാധ്യമാകൂ.

പുകയിലയുടെ ഉപയോഗം തടയുന്നതിനായി ന്യൂസിലൻഡ് സർക്കാർ ഈയിടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പുക വലിക്കാത്ത ഒരു തലമുറയെ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള നിയമമാണ് രാജ്യത്ത് പാസാക്കിയത്. നിലവിൽ ഏറ്റവും കുറവ് ആളുകൾ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന രാജ്യമാണ് ന്യൂസിലൻഡ്. മുതിർന്നവരിൽ എട്ടു ശതമാനത്തിന് മാത്രമാണ് പുകവലി ശീലമുള്ളത്.

TAGS :

Next Story