Quantcast

മൂന്നു ദിവസം മുൻപ് കാണാതായ യുവതി പെരുമ്പാമ്പിന്റെ വയറ്റിൽ!

അവൾ കടന്നുപോയ വേദനകൾ ആലോചിക്കുമ്പോൾ സങ്കടം തോന്നുന്നുവെന്നും ഞാനും ഒപ്പം പോയിരുന്നെങ്കിൽ അവളെ പാമ്പ് തൊടുമായിരുന്നില്ലെന്നും മരിച്ച ഫരീദയുടെ ഭർത്താവ് നോനി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    9 Jun 2024 8:43 AM GMT

Missing Indonesian woman found dead inside 16-foot-long python after 3 days, Indonesia snake attack,
X

ജക്കാർത്ത: മൂന്നു ദിവസം മുന്‍പ് കാണാതായ യുവതി പെരുമ്പാമ്പിന്റെ വയറ്റിൽ മരിച്ച നിലയില്‍! ഇന്തോനേഷ്യയിലെ ദക്ഷിണ സുലവേസിയിലെ കാലെംപാങ്ങിലാണു ഞെട്ടിപ്പിക്കുന്ന സംഭവം. 45 വയസുകാരിയെയാണ് പെരുമ്പാമ്പ് ഒന്നാകെ വിഴുങ്ങിയത്.

കാലെംപാങ് സ്വദേശി ഫരീദയെയാണു വ്യാഴാഴ്ച മുതൽ കാണാതായിരുന്നത്. വീട്ടിൽ തയാറാക്കിയ ഭക്ഷണം വിൽക്കാനായി അങ്ങാടിയിൽ പോയതായിരുന്നു അവർ. എന്നാൽ, രാത്രിയായിട്ടും തിരിച്ചുവരാതായതോടെ ഭർത്താവ് നോനി അയൽപക്കത്തും ബന്ധുവീടുകളിലുമെല്ലാം ബന്ധപ്പെട്ടു. എന്നാൽ, ഫരീദ അവിടെയൊന്നും എത്തിയിരുന്നില്ല.

അൽനാടുകളിലെല്ലാം അന്വേഷിച്ചെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. തുടർന്നു നാട്ടുകാർ ഒന്നാകെ ഇറങ്ങി നടത്തിയ തിരച്ചിലിനൊടുവിലാണു കഴിഞ്ഞ ദിവസം വീട്ടിനടുത്തുള്ള പറമ്പിൽ പെരുമ്പാമ്പ് വിഴുങ്ങിയ നിലയിൽ യുവതിയെ കണ്ടെത്തിയത്.

ഫരീദയെ കാണാതായതിനെ തുടർന്ന് നാട്ടുകാരെല്ലാം ചേർന്ന് ഊർജിതമായി തിരച്ചിലിലായിരുന്നുവെന്ന് ഗ്രാമമുഖ്യൻ സുവാർദി റോസി വാർത്താ ഏജൻസിയായ എ.എഫ്.പിയോട് പറഞ്ഞു. അതിനിടയിൽ ഭർത്താവിനു തന്നെയാണ് ആദ്യമായി സൂചനകൾ ലഭിച്ചത്. ഭാര്യയുടെ ചെരിപ്പും മറ്റു വസ്തുക്കളും ഉപേക്ഷിച്ച നിലയിൽ കണ്ടു നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

തുടർന്നു നാട്ടുകാർ ചേർന്നു നടത്തിയ തിരച്ചിലിലാണു ഭീമാകാരമായ വയറുമായി പെരുമ്പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് പാമ്പിന്റെ വയറു മുറിച്ചുനോക്കിയപ്പോഴാണ് കാണാതായ യുവതിയെ അകത്ത് കണ്ടെത്തിയത്. വീട്ടിൽനിന്ന് ഇറങ്ങിയപ്പോൾ ഉടുത്തിരുന്ന വസ്ത്രത്തിൽ തന്നെയായിരുന്നു ഫരീദ. പുറത്തെടുക്കുമ്പോൾ ജീവൻ ബാക്കിയുണ്ടായിരുന്നില്ല. പെരുമ്പാമ്പിന് അഞ്ച് മീറ്ററോളം നീളമുണ്ടായിരുന്നുവെന്നു നാട്ടുകാർ പറയുന്നു. പുറത്തെടുത്ത മൃതദേഹം മരണാനന്തര ചടങ്ങുകൾക്കുശേഷം ഖബറടക്കിയിരിക്കുകയാണ്.

നാലു മക്കളുടെ അമ്മയാണു മരിച്ച ഫരീദ. ഭാര്യയെ ഒറ്റയ്ക്കു വിട്ടതിൽ ഇപ്പോൾ ഖേദിക്കുന്നുവെന്ന് നോനി പ്രതികരിച്ചു. അന്ന് ഞാനും ഒപ്പം പോയിരുന്നെങ്കിൽ പാമ്പ് അവളെ തൊടുമായിരുന്നില്ല. അവൾ കടന്നുപോയ വേദനകൾ ആലോചിക്കുമ്പോൾ സങ്കടം തോന്നുന്നു. കുടുംബത്തോട് ക്ഷമചോദിക്കുകയാണെന്നും നോനി പറഞ്ഞു.

കാലെംപാങ്ങിൽ ഇതാദ്യമായാണ് ഒരു മനുഷ്യനെ പാമ്പ് വിഴുങ്ങുന്നതെന്ന് ഗ്രാമമുഖ്യൻ സുവാർദി പറഞ്ഞു. കാട്ടിലൂടെ നടക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. സ്ത്രീക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇത്തരമൊരു ദാരുണസംഭവം ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്തോനേഷ്യൻ കാടുകളിൽ പെരുമ്പാമ്പിന്റെ വലിയ സാന്നിധ്യമുണ്ടെന്നാണ് റിപ്പോർട്ട്. 2017നുശേഷം ഇന്ത്യോനേഷ്യയിൽ പെരുമ്പാമ്പ് വിഴുങ്ങുന്ന നാലാമത്തെയാളാണ് ഫരീദ. അവസാനമായി 2022ലാണ് ഇത്തരമൊരു സംഭവം നടക്കുന്നത്.

Summary: Missing Indonesian woman found dead inside python after 3 days

TAGS :

Next Story