Quantcast

നാല് സ്ത്രീകൾ, രണ്ട് ന്യൂനപക്ഷ പ്രതിനിധികള്‍, രണ്ട് വിദ്യാർഥികൾ-മുഹമ്മദ് യൂനുസിന്റെ ബംഗ്ലാദേശ് 'ഇടക്കാല സര്‍ക്കാര്‍' ഇങ്ങനെ

ബാങ്കിങ്-അക്കാദമിക-പൗരാവകാശ രംഗങ്ങളിൽനിന്നും വിദ്യാർഥി-മത വിഭാഗങ്ങളിൽനിന്നും ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട വിദഗ്ധരുടെ 17 അംഗ ഉപദേശക കൗൺസിലിനാണ് രൂപംനൽകിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2024-08-09 15:38:26.0

Published:

9 Aug 2024 3:33 PM GMT

Know whos who in Muhammad Yunus-led interim government in Bangladesh, Bangladesh protest, Sheikh Hasina
X

ഉപദേശക സമിതി അംഗങ്ങള്‍ക്കൊപ്പം മുഹമ്മദ് യൂനുസ്

ധാക്ക: ശൈഖ് ഹസീന രാജിവച്ച് രാജ്യംവിട്ടതിനു പിന്നാലെ നൊബേൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ അധികാരമേറ്റിരിക്കുകയാണ്. ബാങ്കിങ്-അക്കാദമിക-പൗരാവകാശ രംഗങ്ങളിൽനിന്നും വിദ്യാർഥി-മത വിഭാഗങ്ങളിൽനിന്നും ഉൾപ്പെടെയുള്ള വിദഗ്ധരെ ഉൾപ്പെടുത്തിയാണ് 17 അംഗ ഉപദേശക കൗൺസിൽ രൂപംനൽകിയിരിക്കുന്നത്. പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും പകരം യൂനുസ് മുഖ്യ ഉപദേഷ്ടാവും മറ്റുള്ളവർ ഉപദേഷ്ടാക്കളുമായാണ് അറിയപ്പെടുക.

നാല് സ്ത്രീകളും ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നു രണ്ടുപേരും വിദ്യാർഥി പ്രതിനിധികളുമെല്ലാം കൗൺസിലിൽ ഇടംപിടിച്ചിട്ടുണ്ട്. അതേസമയം, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായി ആരും സമിതിയിലില്ല. ശൈഖ് ഹസീനയുടെ അവാമി ലീഗിനു പുറമെ ജനകീയ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ബംഗ്ലാദേശ് ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി, ജമാഅത്തെ ഇസ്‌ലാമി എന്നിവയുടെ പ്രതിനിധികള്‍ക്കൊന്നും ഇടംലഭിച്ചില്ല.

തെരഞ്ഞെടുപ്പ് നിരീക്ഷക സംഘം 'ബ്രോട്ടീ' സി.ഇ.ഒ ഷർമീൻ മുർശിദ്, പരിസ്ഥിതി എൻ.ജി.ഒ 'ബെല'യുടെ സി.ഇ.ഒ സയ്യിദ റിസ്‌വാന ഹസൻ, ഗ്രാമീൺ ടെലകോം ട്രസ്റ്റി നൂർജഹാൻ ബീഗം, പരിസ്ഥിതി ഗവേഷക സ്ഥാപനമായ 'ഇംപ്രി'യിൽ സീനിയർ വിസിറ്റിങ് ഫെലോയും സ്ത്രീ അവകാശ പ്രവർത്തകയുമായ ഫരീദ അക്തർ എന്നിവരാണ് ഉപദേശക കൗൺസിലിലേക്കു തിരഞ്ഞെടുക്കപ്പെട്ട വനിതകൾ. സ്ത്രീ അവകാശ, പരിസ്ഥിതി, പൗരാവകാശ രംഗങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചവരോ ദേശീയശ്രദ്ധ നേടിയവരോ ആണ് ഇവരെല്ലാം.

ചിറ്റഗോങ് ഹിൽ ട്രാക്ട്‌സ് ഡവലപ്‌മെന്റ് ബോർഡ്(സി.എച്ച്.ടി.ഡി.ബി) ചെയർമാൻ സുപ്രദീപ് ചക്മ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ഹോസ്പിറ്റൽ(നിംഹ്) ഡയരക്ടർ പ്രൊഫ. ഡോ. ബിധാൻ രഞ്ജൻ റോയ് പൊഡ്ഡാർ എന്നിവരാണ് ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്ന് കൗൺസിലിൽ ഇടംപിടിച്ചവർ. കിഴക്കൻ ബംഗ്ലാദേശിലെ ചിറ്റഗോങ് മലയോര മേഖലയിലുണ്ടായ ശാന്തി ബാഹിനി സംഘർഷം തടയാനായി 1978ൽ അന്നത്തെ ബംഗ്ലാദേശ് പ്രസിഡന്റ് സിയാഉർറഹ്മാൻ രൂപീകരിച്ച സർക്കാർ ഏജൻസിയാണ് സി.എച്ച്.ടി.ഡി.ബി. ചിറ്റഗോങ് ഗോത്ര വിഭാഗത്തെ പ്രതിനിധീകരിച്ചാണ് ചക്മ സമിതിയിലെത്തുന്നത്. ബംഗ്ലാദേശ് ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ ധാക്കയിൽ പ്രവർത്തിക്കുന്ന പ്രമുഖ മാനസികാരോഗ്യ സ്ഥാപനമാണ് നിംഹിന്റെ ചുമതല വഹിക്കുന്ന ബിധാൻ രഞ്ജൻ ഹിന്ദു മതവിഭാഗക്കാരനുമാണ്.

വിദ്യാർഥി പ്രതിനിധികളായി ധാക്ക സർവകലാശാലയിൽനിന്നുള്ള നഹീദ് ഇസ്‌ലാമും ആസിഫ് മഹ്മൂദും കൗൺസിലിലുണ്ട്. സംവരണ വിരുദ്ധ പ്രക്ഷോഭത്തിന്റെ മുൻനിരയിലേക്കു വലിയ തോതിൽ വിദ്യാർഥികളെ എത്തിക്കാനായി കാംപയിനിനു നേതൃത്വം നൽകിയവരാണ് നഹീദും ആസിഫും. ബംഗ്ലാദേശ് മനുഷ്യാവകാശ സംഘടന 'ഒധികാർ' സ്ഥാപകൻ ആദിലുർറഹ്മാൻ ഖാൻ, മതസംഘടനയായ ഹിഫാസത്തേ ഇസ്‌ലാം നാഇബ് അമീറും ഇസ്‌ലാമി ആന്ദോളൻ ബംഗ്ലാദേശ് ഉപദേഷ്ടാവുമായ എ.എഫ്.എം ഖാലിദ് ഹുസൈൻ, ബംഗ്ലാദേശ് ബാങ്ക് മുൻ ഗവർണർ ഡോ. സലാഹുദ്ദീൻ അഹ്മദ്, ധാക്ക സർവകലാശാലയിൽ നിയമവിഭാഗം പ്രൊഫസർ ആസിഫ് നസ്‌റുൽ, മുൻ അറ്റോണി ജനറൽ ഹസൻ ആരിഫ്, മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ റിട്ട. ബ്രിഗേഡിയർ ജനറൽ ശഖാവത്ത് ഹുസൈൻ, മുൻ വിദേശകാര്യ സെക്രട്ടറി തൗഹീദ് ഹുസൈൻ, സ്വാതന്ത്ര്യ സമരസേനാനി ബീർ പ്രതീക് ഫാറൂകെ അഅ്‌സം എന്നിവരാണ് കൗൺസിലിലെ മറ്റ് അംഗങ്ങൾ.

പുതിയ സർക്കാരിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിന്റെ മേൽനോട്ടം വഹിക്കുക മുഹമ്മദ് യൂനുസ് ആകും. പുതിയ ഭരണകൂടം ചുമതലയേൽക്കുന്നതുവരെ ഗതാഗത, പ്രതിരോധ, ഭൗമ, വ്യോമയാന, ഊർജ വകുപ്പുകളും കൈകാര്യം ചെയ്യും. യൂനുസിന്റെ നേതൃത്വത്തിലുള്ള ഉപദേശക കൗൺസിലാകും ബംഗ്ലാദേശിൽ പുതിയ ജനാധിപത്യ പരിഷ്‌ക്കാരങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുക.

ധാക്ക സർവകലാശാലയിൽനിന്ന് സോഷ്യോളജി ബിരുദം നേടിയ നഹീദുൽ ഇസ്‌ലാം ടെലകോം വകുപ്പും ലിംഗ്വിസ്റ്റിക് ബിരുദധാരിയായ ആസിഫ് മഹ്മൂദ് കായിക വകുപ്പും കൈകാര്യം ചെയ്യും. ശഖാവത്ത് ഹുസൈൻ ആഭ്യന്തരം, സലാഹുദ്ദീൻ അഹ്മദ് ധനകാര്യം, ആദിലുർറഹ്മാൻ വ്യവസായം, ഷർമീൻ മുർശിദ് സാമൂഹികക്ഷേമം, ഫരീദ അക്തർ ഫിഷറീസ്, തൗഹീദ് ഹുസൈൻ വിദേശകാര്യം, നസ്‌റുൽ ഇസ്‌ലാം നിയമം, സയ്യിദ റിസ്‌വാന കാലാവസ്ഥ, ഖാലിദ് ഹുസൈൻ മതകാര്യം, നൂർജഹാൻ ബീഗം ആരോഗ്യം വകുപ്പുകളുടെ ചുമതലയും വഹിക്കും.

ആഴ്ചകൾ നീണ്ട ജനകീയ-വിദ്യാർഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ ആഗസ്റ്റ് അഞ്ചിനാണ്, ഒരു പതിറ്റാണ്ടിലേറെ കൈയിൽവച്ച പ്രധാനമന്ത്രി പദമൊഴിഞ്ഞ് ശൈഖ് ഹസീന രാജ്യംവിട്ടത്. പ്രക്ഷോഭകാരികൾ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഗണഭവനു തൊട്ടരികെ എത്തിയതോടെയാണു കാര്യങ്ങൾ കൈവിട്ടുപോയെന്നുറപ്പിച്ച് ഹസീന രാജിക്കു വഴങ്ങിയത്. സൈനിക വൃത്തങ്ങൾ ഉൾപ്പെടെ നേരത്തെ തന്നെ രാജിക്കു നിർബന്ധിച്ചിരുന്നെങ്കിലും അവർ വഴങ്ങിയിരുന്നില്ല.

ഇതോടെ സഹോദരിയെ വിളിച്ചുവരുത്തി സൈന്യം കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയായിരുന്നു. ഇതിനുശേഷവും ഹസീന തീരുമാനത്തിൽ ഉറച്ചുനിന്നു. ഒടുവിൽ ജർമനിയിൽനിന്ന് മകൻ സജീബ് വിളിച്ചാണ് അവർ രാജിക്കു തയാറായത്. സൈനിക ഹെലികോപ്ടറിൽ ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഹിൻഡൻ വ്യോമതാവളത്തിലാണ് ഹസീന ഇറങ്ങിയത്. ഇവിടെ ഒരു ദിവസത്തോളം തങ്ങിയ ശേഷം ഡൽഹിയിലെ സുരക്ഷിതകേന്ദ്രത്തിലേക്കു മാറിയതായാണ് റിപ്പോർട്ട്.

Summary: Know who's who in Muhammad Yunus-led interim government in Bangladesh

TAGS :

Next Story