പറന്നുയരുന്നതിനിടെ വിമാനം പൂർണമായും കത്തി; രക്ഷപ്പെട്ടത് പൈലറ്റ് മാത്രം, 18 യാത്രക്കാർക്ക് ദാരുണാന്ത്യം
ആഭ്യന്തര സർവീസ് നടത്തുന്ന സൗര്യ എയർലൈൻസിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്
കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന വിമാന അപകടത്തിൽ 18 യാത്രക്കാർ മരിച്ചതായി റിപ്പോർട്ട്. ഗുരുതരമായ പൊള്ളലോടെ പൈലറ്റിനെ രക്ഷപ്പെടുത്തി. 19 പേരുമായി കാഠ്മണ്ഡു ത്രിഭുവൻ വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ റൺവെയിൽ നിന്ന് വിമാനം തെന്നിവീഴുകയായിരുന്നു. ഇതിന് പിന്നാലെ വിമാനം പൂർണമായും കത്തിനശിച്ചു.ആഭ്യന്തര സർവീസ് നടത്തുന്ന സൗര്യ എയർലൈൻസിന്റെ വിമാനമാണ് അപകടത്തിൽപെട്ടത്. രക്ഷപ്പെടുത്തി പൈലറ്റിനെ വിദഗ്ധ ചികിത്സക്കായി കാഠ്മണ്ഡു മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയതായി പൊലീസ് വക്താവ് ഡാൻ ബഹാദൂർ കർക്കി എഎഫ്പിയോട് പറഞ്ഞു.
തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. കത്തിനശിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നതും പുക ഉയരുന്നതുമായ ദൃശ്യങ്ങളും പുറത്ത് വന്നു.
നേപ്പാളിലെ അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകൾക്കുള്ള പ്രധാന വിമാനത്താവളമാണ് ത്രിഭുവൻ ഇന്റർനാഷണൽ എയർപോർട്ട്. അപകടത്തിന് പിന്നാലെ വിമാനത്താവളം അടച്ചു. അപകടസമയത്ത് മഴ പെയ്തിരുന്നില്ല. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.സംഭവത്തിൽ അന്വേഷണം നടക്കുന്നതായി അധികൃതർ അറിയിച്ചു.
വിമാനഅപകടങ്ങള്‍ നിരന്തരം നടക്കുന്ന സ്ഥലമാണ് നേപ്പാള്‍. 2023ൽ യെതി എയർലൈൻസിൻ്റെ വിമാനം പൊഖാറയിൽ തകർന്നുവീണ് അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 72 പേരും കൊല്ലപ്പെട്ടിരുന്നു. 1992-ൽ പാകിസ്താൻ ഇൻ്റർനാഷണൽ എയർലൈൻസ് വിമാനം തകർന്ന് വിമാനത്തിലുണ്ടായിരുന്ന 167 പേരും മരിച്ചിരുന്നു.
Adjust Story Font
16