നേപ്പാൾ പാർലമെന്റ് പൗരത്വ ഭേദഗതി ബിൽ പാസാക്കി
2020 മുതൽ ബില്ലിനെക്കുറിച്ച് ചർച്ച നടന്നുകൊണ്ടിരിക്കുകയായിരുന്നു. വിവിധ വകുപ്പുകൾ സംബന്ധിച്ച് രാഷ്ട്രീയപ്പാർട്ടികൾ തമ്മിൽ സമവായത്തിൽ എത്താത്തതിനെ തുടർന്നാണ് ബിൽ പാസാക്കുന്നത് വൈകിയത്.
കാഠ്മണ്ഡു: രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി പൗരത്വനിയമം ഭേദഗതി ചെയ്യുന്ന ബിൽ നേപ്പാൾ പാർലമെന്റ് പാസാക്കി. 2020 മുതൽ ബില്ലിനെക്കുറിച്ച് ചർച്ച നടന്നുകൊണ്ടിരിക്കുകയായിരുന്നു. നേപ്പാളി പൗരൻമാരെ വിവാഹം ചെയ്ത വിദേശ വനിതകൾ പൗരത്വം ലഭിക്കാൻ ഏഴു വർഷം കാത്തിരിക്കണമെന്നത് അടക്കമുള്ള നിർദേശങ്ങളിൽ രാഷ്ട്രീയപ്പാർട്ടികൾ തമ്മിൽ സമവായത്തിൽ എത്താത്തതിനെ തുടർന്നാണ് ബിൽ പാസാക്കുന്നത് വൈകിയത്.
ദമ്പതികളിൽ ഒരാൾ വിദേശിയാണെങ്കിൽ അവർക്ക് ജനിക്കുന്ന കുട്ടികൾക്ക് നേപ്പാളി പൗരത്വം ലഭിക്കുന്നതിന് നിലവിലുള്ള ഫെഡറൽ നിയമപ്രകാരം തടസ്സമുണ്ടായിരുന്നു. ഇതടക്കമുള്ള വകുപ്പുകളാണ് ഭേദഗതി ചെയ്തത്.
ആഭ്യന്തര മന്ത്രി ബാൽ കൃഷ്ണ ഖാന്ദ് ആണ് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്. ''മാതാപിതാക്കൾ നേപ്പാൾ പൗരൻമാരാണെങ്കിലും പൗരത്വ സർട്ടിഫിക്കറ്റ് ലഭിക്കാത്ത ആയിരക്കണക്കിന് ആളുകളുണ്ട്. പൗരത്വ സർട്ടിഫിക്കറ്റുകളുടെ അഭാവം അവർക്ക് വിദ്യാഭ്യാസവും മറ്റു സൗകര്യങ്ങളും നഷ്ടപ്പെടുത്തുന്നു. പുതിയ ബില്ലിന് അംഗീകാരം നൽകാനുള്ള അന്തരീക്ഷം സൃഷ്ടിക്കാനും പുതിയ നിയമങ്ങൾ രൂപീകരിച്ച് നിയമം നടപ്പിലാക്കുന്നതിനുള്ള മുന്നേറ്റത്തിനും സഹായിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു''- ബിൽ അവതരിപ്പിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി പറഞ്ഞു.
പാർലമെന്റിന്റെ ഉപരിസഭയിലും ബിൽ പാസാക്കാനാവുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ചില വകുപ്പുകൾക്കെതിരെ മുഖ്യ പ്രതിപക്ഷമായ സിപിഎൻ-യുഎംഎൽ സഖ്യം വിയോജിപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഹൗസ് ഓഫ് റപ്രസേന്റേറ്റീവ്‌സിൽനിന്ന് സർക്കാർ ബിൽ പിൻവലിച്ചിരുന്നു.
Adjust Story Font
16