Quantcast

റഫയിൽ ആക്രമണം വിപുലീകരിക്കും, ലക്ഷ്യം നേടും വരെ യുദ്ധം തുടരും: നെതന്യാഹു

ആക്രമണം തടഞ്ഞില്ലെങ്കിൽ ആയിരങ്ങൾ കൊല്ലപ്പെടുമെന്ന മുന്നറിയിപ്പുമായി​ യു.എൻ സെക്രട്ടറി ജനറൽ രംഗത്തെത്തി

MediaOne Logo

Web Desk

  • Published:

    21 May 2024 1:17 AM GMT

Benjamin Netanyahu
X

നെതന്യാഹു

തെല്‍ അവിവ്: ഗസ്സയിലെ റഫയിൽ ആക്രമണം വിപുലീകരിക്കുമെന്നും ലക്ഷ്യം നേടും വരെ യുദ്ധം തുടരുമെന്നും ആവർത്തിച്ച്​ ഇസ്രായേല്‍ പ്രസിഡന്‍റ് ബെഞ്ചമിന്‍ നെതന്യാഹു. തെൽ അവീവിൽ അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്​ ജെയ്ക്​ സള്ളിവനു മുമ്പാകെയാണ്​ നെതന്യാഹുവിന്‍റെ പ്രഖ്യാപനം. ആക്രമണം തടഞ്ഞില്ലെങ്കിൽ ആയിരങ്ങൾ കൊല്ലപ്പെടുമെന്ന മുന്നറിയിപ്പുമായി​ യു.എൻ സെക്രട്ടറി ജനറൽ രംഗത്തെത്തി.

റഫയിലും വടക്കൻ ഗസ്സയിലെ പ്രദേശങ്ങളിലും ഇസ്രായേൽ കൂട്ടക്കുരുതി തുടരുകയാണ്​. പിന്നിട്ട 24 മണിക്കൂറിനിടെ, 106 പേർ കൂടി കൊല്ലപ്പെട്ടതോടെ ഗസ്സയിൽ മരണസംഖ്യ 35,562 ആയി. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ അകപ്പെട്ടവരെ പുറത്തെടുക്കാൻ പോലും കഴിയാത്ത വിധം വ്യാപക ആക്രമണങ്ങളാണ്​ ഇസ്രായേൽ നടത്തുന്നത്​. റഫയിൽ നിന്ന്​ പലായനം ചെയ്​തവരുടെ എണ്ണം 9 ലക്ഷം കവിഞ്ഞതായി യു.എൻ ഏജൻസികൾ അറിയിച്ചു. റഫയിലേക്ക്​ കൂടുതൽ സൈനികരെ നിയോഗിച്ച്​ ആക്രമണം വിപുലീകരിക്കാനാണ്​ ഇസ്രായേൽ നീക്കം. ഇക്കാര്യം യു.എസ്​ ദേശീയ സുരക്ഷാ ഉപദേഷ്​ടാവ ജെയ്​ക്​ സള്ളിവനെ നെതന്യാഹു ധരിപ്പിച്ചു. എന്നാൽ റഫയിൽ വ്യാപക ആക്രമണം നടത്തരുതെന്നും ഹമാസിനെ അമർച്ച ചെയ്യാൻ രാഷ്​ട്രീയ നടപടികൾ കൂടി വേണമെന്നും ​ജെയ്​ക്​ സള്ളിവൻ നെതന്യാഹുവിനെ അറിയിച്ചതായി വൈറ്റ്​ ഹൗസ്​ പ്രതികരിച്ചു.

ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനും പ്രതിരോധ മന്ത്രി യോവ്​ ഗാലൻറിനും അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കണമെന്ന അന്താരാഷ്ട്ര ക്രിമിനൽ കോടതി ചീഫ് പ്രോസിക്യൂട്ടറുടെ നിർദേശം ഇസ്രായേലും അമേരിക്കയും തള്ളി. ഹമാസിനെയും ഇസ്രായേലിനെയും തുലനം ചെയ്യുന്ന ഐ.സി.സി സമീപനം ലജ്ജാകരമാണെന്ന്​ അമേരിക്ക കുറ്റപ്പെടുത്തി. കോടതി നിർദേശം അവജ്​ഞയോടെ തള്ളുന്നതായി ഇസ്രായേൽ വ്യക്തമാക്കി. എന്നാൽ അന്താരാഷ്​ട്ര കോടതി നിർദേശത്തെ ഗൗരവത്തിൽ കാണണമെന്ന്​ യൂറോപ്യൻ യൂണിയൻ പ്രതികരിച്ചു.

ഗസ്സയിലെ ഹമാസ് നേതാവ് യഹ്യ സിൻവാർ, മുഹമ്മദ്​ അൽ ദൈഫ്​, ഇസ്​മാഈൽ ഹനിയ്യ എന്നിവർക്കെതിരെയും അറസ്​റ്റ്​ വാറണ്ട്​ പുറപ്പെടുവിക്കണമെന്നാണ്​ നിർദേശം. എന്നാൽ ഇരകളെയും വേട്ടക്കാരെയും ഒരുപോലെ കാണുന്ന കോടതി ആരുടെ താൽപര്യമാണ്​ സംരക്ഷിക്കുന്നതെന്ന്​ വ്യക്​തമാക്കണമെന്ന്​ ഹമാസും ഫലസ്​തീൻ സംഘടനകളും ആവശ്യപ്പെട്ടു.

TAGS :

Next Story