ഓസ്കര്‍ പുരസ്കാര ജേതാവായ ഫലസ്തീൻ സംവിധായകനെ ഇസ്രായേലി സൈന്യം ആക്രമിച്ച് അറസ്റ്റ് ചെയ്തു
ബല്ലാലിനെ ഇസ്രായേൽ സേന വെസ്റ്റ് ബാങ്കിലെ സുസിയ ഗ്രാമത്തിലുള്ള അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയതായി കുടുംബം ആരോപിച്ചു

വെസ്റ്റ് ബാങ്ക്: ഓസ്കര്‍ പുരസ്കാരത്തിന് അര്‍ഹമായ ഡോക്യുമെന്‍ററി 'നോ അതര്‍ ലാന്‍റ്'ന്‍റെ നാല് സംവിധായകരിലൊരാളായ ഫലസ്തീൻ സംവിധായകൻ ഹംദാൻ ബല്ലാലിന് നേരെ ഇസ്രായേലി കുടിയേറ്റക്കാരുടെ ആക്രമണം. ബല്ലാലിനെ ക്രൂരമായി മര്‍ദിച്ച ശേഷം അധിനിവേശ വെസ്റ്റ് ബാങ്കിൽ വച്ച് ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തതായി സംവിധായകൻ യുവാൽ അബ്രഹാം എക്‌സിൽ കുറിച്ചു. " 'നോ അദർ ലാൻഡ്' എന്ന സിനിമയുടെ സംവിധായകൻ ഹംദാൻ ബല്ലാലിനെ ഒരു കൂട്ടം കുടിയേറ്റക്കാർ ആക്രമിച്ചു. അവർ അദ്ദേഹത്തെ മർദ്ദിച്ചു, തലയിലും വയറ്റിലും പരിക്കുണ്ട്, കടുത്ത രക്തസ്രാവമുണ്ട്" എബ്രഹാം പോസ്റ്റിൽ പറയുന്നു. മുഖംമൂടി ധരിച്ചെത്തിയ കുടിയേറ്റക്കാര്‍ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് ബല്ലാലിനെ ഇസ്രായേൽ സേന വെസ്റ്റ് ബാങ്കിലെ സുസിയ ഗ്രാമത്തിലുള്ള അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയതായും കുടുംബം ആരോപിച്ചു. തിങ്കളാഴ്ചയാണ് സംഭവം.
വൈദ്യചികിത്സക്കായി ബല്ലാലിനെ സൈനിക താവളത്തിൽ തടവിൽ വച്ചിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞതായി അഭിഭാഷക ലിയ സെമ്മലിന്‍റെ വാക്കുകളെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആയുധധാരികളും മുഖംമൂടി ധരിച്ചവരുമായ ഏകദേശം രണ്ട് ഡസനോളം വരുന്ന കുടിയേറ്റക്കാര്‍ ഗ്രാമം ആക്രമിച്ചുവെന്ന് ഡോക്യുമെന്‍ററിയുടെ സംവിധായകരിലൊരാളായ ബാസൽ അദ്ര പറഞ്ഞു. ഓസ്കര്‍ പുരസ്കാരം വാങ്ങി തിരിച്ചെത്തിയതിന് ശേഷം തങ്ങളുടെ നേര്‍ക്ക് നിരന്തരം ആക്രമണം നടക്കുന്നുണ്ട്. ഒരു പക്ഷേ ഇത്തരമൊരു ചിത്രം നിര്‍മിച്ചതിന്‍റെ പ്രതികാരമായിരിക്കും. ഇതൊരു ശിക്ഷയായി തോന്നുന്നുവെന്നും അദ്ര എപിയോടെ പറഞ്ഞു. തിങ്കളാഴ്ച നോമ്പ് തുറന്നതിന് തൊട്ടുപിന്നാലെയാണ് അക്രമികൾ ഗ്രാമത്തിൽ പ്രവേശിച്ചതെന്ന് അദ്ര കൂട്ടിച്ചേര്‍ത്തു. ഗ്രാമത്തിൽ പതിവായി ആക്രമണം നടത്തുന്ന ഒരു കുടിയേറ്റക്കാരൻ സൈന്യത്തോടൊപ്പം ബല്ലാലിന്‍റെ വീട്ടിലേക്ക് നടന്നു നീങ്ങിയപ്പോൾ പട്ടാളക്കാർ ആകാശത്തേക്ക് വെടിവച്ചുവെന്നും അദ്ര പറയുന്നു.
ബല്ലാലിന്‍റെ ഭാര്യ തന്‍റെ ഭർത്താവിനെ തല്ലുന്നത് കേട്ടുവെന്നും 'ഞാൻ മരിക്കുകയാണ്' എന്ന് അയാൾ നിലവിളിക്കുന്നത് കേട്ടുവെന്നും അദ്ര പറഞ്ഞു. തുടർന്ന് പട്ടാളക്കാർ ബല്ലാലിനെ കൈകൾ ബന്ധിച്ചും കണ്ണുകെട്ടിയും വീട്ടിൽ നിന്ന് ഒരു സൈനിക വാഹനത്തിലേക്ക് കൊണ്ടുപോകുന്നത് അവര്‍ കണ്ടു. ബല്ലാലിന്‍റെ രക്തം ഇപ്പോഴും സ്വന്തം വീടിന്‍റെ മുൻവാതിലിനു പുറത്ത് നിലത്ത് തളം കെട്ടി നിൽക്കുന്നുണ്ടെന്നും അദ്ര കൂട്ടിച്ചേര്‍ത്തു.
മുഖംമൂടി ധരിച്ച 10-20 പേരടങ്ങുന്ന ഒരു സംഘം കല്ലുകളും വടികളും ഉപയോഗിച്ച് സെന്‍റര്‍ ഫോർ ജ്യൂവിഷ് നോൺ വയലൻസ് പ്രവർത്തകരെ ആക്രമിക്കുകയും അവരുടെ കാറിന്‍റെ ചില്ലുകൾ തകർക്കുകയും ടയറുകൾ വെട്ടിമാറ്റുകയും ചെയ്തുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ആക്ടിവിസ്റ്റുകളിൽ ഒരാളായ ജോഷ് കിമൽമാൻ എപിയോട് വിശദീകരിച്ചു. "അവർ ഫലസ്തീനികൾക്കെതിരെ കല്ലെറിയാൻ തുടങ്ങി, ഹംദാന്‍റെ വീടിനടുത്തുള്ള ഒരു വാട്ടർ ടാങ്ക് നശിപ്പിച്ചു," സെന്‍റര്‍ ഫോർ ജ്യൂവിഷ് നോൺ വയലൻസ് ആക്ടിവിസ്റ്റായ ജോസഫ് പറഞ്ഞു. സുരക്ഷാ കാരണങ്ങളാൽ തന്‍റെ മുഴുവൻ പേര് ഉപയോഗിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സൈനിക യൂണിഫോം ധരിച്ച മറ്റ് കുടിയേറ്റക്കാരോടൊപ്പം ഒരു കൂട്ടം സൈനികരും സംഭവസ്ഥലത്ത് എത്തിയതായും അവർ ഹംദാനെ സൈന്യത്തിന് കൈമാറിയതായും ദൃക്‌സാക്ഷികൾ പറഞ്ഞു. അദ്ദേഹത്തിന്‍റെ കാര്‍ കല്ലു കൊണ്ട് തകര്‍ക്കുകയും ടയറുകളിൽ ഒന്ന് പൊട്ടിക്കുകയും ചില്ലുകൾ തകര്‍ക്കുകയും ചെയ്തതായി മറ്റൊരു ദൃക്സാക്ഷിയായ രവിവ് ഗാർഡിയനോട് പറഞ്ഞു.
ആക്രമണത്തിൽ ബല്ലാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഹംദാന്‍റെ തലയ്ക്കും അടിയേറ്റിട്ടുണ്ട്. ഇസ്രായേൽ പൗരന്മാർക്ക് നേരെ കല്ലെറിഞ്ഞതിനെത്തുടർന്ന് ഫലസ്തീനികളും ഇസ്രായേലികളും തമ്മിൽ അക്രമാസക്തമായ ഏറ്റുമുട്ടലുണ്ടായതായി ഐഡിഎഫ് ഒരു പ്രസ്താവനയിൽ അറിയിച്ചു.
97-ാമത് ഓസ്‌കർ പുരസ്‌കാര ചടങ്ങില്‍ മികച്ച ഡോക്യുമെന്‍ററി- ഫീച്ചര്‍ വിഭാഗത്തിലാണ് 'നോ അദര്‍ ലാന്‍ഡ്' പുരസ്‌കാരം നേടിയിരുന്നത്. ബാസൽ അദ്ര, ഹംദാൻ ബല്ലാൽ, യുവാൽ അബ്രഹാം, റേച്ചൽ സോർ എന്നിവർ ആദ്യമായി സംവിധാനം ചെയ്ത ഡോക്യുമെന്‍ററി ചിത്രമായിരുന്നു ഇത്. സംവിധായകനായ ബാസെല്‍ അദ്രയാണ് ഡോക്യുമെന്‍ററിയിലെ പ്രധാന കഥാപാത്രമായി അഭിനയിച്ചത്. വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ കുടിയേറ്റം മൂലം ജന്മനാടായ മസാഫര്‍ യാട്ടയുടെ തകര്‍ച്ചയാണ് 'നോ അദര്‍ ലാന്‍ഡി'ലൂടെ ബാസെല്‍ അദ്ര ലോകത്തിന് മുന്നിലെത്തിച്ചത്. അദ്രയും ഇസ്രായേല്‍ മാധ്യമപ്രവര്‍ത്തകന്‍ യുവാല്‍ അബ്രഹാമും തമ്മിലുള്ള സൗഹൃദവും ചിത്രം പറയുന്നു. 2019- 2023 കാലത്താണ് ഡോക്യുമെന്‍ററി ചിത്രീകരിച്ചിരിക്കുന്നത്.വെസ്റ്റ് ബാങ്കിന്‍റെ തെക്കേ അറ്റത്തുള്ള മസാഫര്‍ യാട്ടയെ സൈനിക പരിശീലന മേഖലയായി ഉപയോഗിക്കാനുള്ള ഇസ്രായേല്‍ നീക്കമാണ് ചിത്രത്തിന്‍റെ ഉള്ളടക്കം.
Adjust Story Font
16