'വിക്കിപീഡിയ വിൽക്കുന്നില്ല'; നിലപാട് ആവർത്തിച്ച് സ്ഥാപകൻ ജിമ്മി വെയ്ൽസ്
വിക്കിപീഡിയക്ക് എത്രരൂപയാകുമെന്നായിരുന്നു ഇലോണ്‍ മസ്കിനെ ടാഗ് ചെയ്തുകൊണ്ട് ഒരു മാധ്യമപ്രവർത്തകന്‍ ചോദിച്ചത്
സാൻഫ്രാൻസിസ്‌കോ: സൗജന്യ ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയ വിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് സ്ഥാപകൻ ജിമ്മി വെയ്ൽസ്. വിക്കിപീഡിയ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ട്വിറ്റർ മേധാവി ഇലോൺ മസ്‌കിനോടുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിക്കിപീഡിയക്ക് എത്രരൂപയാകുമെന്നായിരുന്നു ഇലോണ്‍ മസ്കിനെ ടാഗ് ചെയ്തുകൊണ്ട് ഒരു മാധ്യമപ്രവർത്തകന്‍ ചോദിച്ചത്. ഈ ട്വീറ്റിനാണ് ജിമ്മി വെയ്ൽസ് പ്രതികരിച്ചത്.
ട്വിറ്റർ ഫയലുകൾ എന്ന പേജ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വിക്കി പീഡിയയിൽ നിന്ന് നീക്കം ചെയ്തിരുന്നു. ഇതിനെതിരെ ട്വിറ്റർ സി.ഇ.ഒ ഇലോൺ മസ്‌ക് രൂക്ഷമായാണ് വിമർശിച്ചത്. വിക്കിപീഡിയയുടെ ഇടതുപകക്ഷ പക്ഷാപാതമാണ് ഇതിന് പിന്നിലെന്നാണ് മസ്‌ക് ആരോപിച്ചത്.
ഇതിന് മുമ്പും ഇലോൺ മസ്‌കും ജിമ്മി വെയ്ൽസും ഓൺലൈനായി ഏറ്റുമുട്ടിയിരുന്നു. വിക്കിപ്പീഡിയയെ കുറ്റപ്പെടുത്തി പലതവണ മസ്‌ക് രംഗത്തുവന്നിട്ടുണ്ട്. വിക്കിപീഡിയയിൽ ആർക്ക് എപ്പോൾ വേണമെങ്കിലും തിരുത്തലുകൾ വരുത്താനും വിവരങ്ങൾ കൂട്ടിച്ചേർക്കാനും കഴിയുമെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു മസ്‌കിന്റെ പരിഹാസം. ജൂലൈയിൽ വിക്കിപീഡിയ മാന്ദ്യത്തെക്കുറിച്ചുള്ള പേജ് എഡിറ്റ് നീക്കം ചെയ്തതിനെയും ഇലോൺ മസ്‌ക് വിമർശിച്ചിരുന്നു.
അതേസമയം, ട്വിറ്റർ മേധാവി സ്ഥാനത്തുനിന്ന് ഇലോൺ മസ്‌ക് സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.. അഭിപ്രായ വോട്ടടെടുപ്പിൽ തിരിച്ചടി നേരിട്ടതിനെ തുടർന്നാണ് തീരുമാനം. ഉപഭോക്താക്കളുടെ പിന്തുണയില്ലെങ്കിൽ സ്ഥാനമൊഴിയുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പകരക്കാരനെ കണ്ടെത്തിയതിന് ശേഷം ട്വിറ്റർ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനം ഒഴിയുമെന്ന് ഇലോൺ മസ്‌ക് ചൊവ്വാഴ്ച പറഞ്ഞു.'ജോലി ഏറ്റെടുക്കാൻ മാത്രം വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാലുടൻ ഞാൻ സിഇഒ സ്ഥാനം രാജിവെക്കും! അതിനുശേഷം, ഞാൻ സോഫ്റ്റ് വെയർ & സെർവറുകൾ ടീമുകൾ പ്രവർത്തിപ്പിക്കും,' മസ്‌ക് ട്വിറ്ററിൽ കുറിച്ചു. ട്വിറ്റർ സി.ഇ.ഒ പദവി ഒഴിയണമോ എന്ന്‌ചോദിച്ച് നടത്തിയ സർവേയിൽ ഭൂരിഭാഗം പേരും മസ്‌കിനെതിരെ വോട്ടുചെയ്തിരുന്നു.
ആകെ ഒരു കോടി 75 ലക്ഷം പേർ പങ്കെടുത്ത വോട്ടെടുപ്പിൽ 57.5 ശതമാനം പേർ ട്വിറ്റർ സി ഇ ഒ ഇലോൺ മസ്‌ക്കിനെതിരായി വോട്ട് ചെയ്തു. 43 ശതമാനം പേർ മാത്രമാണ് മസ്‌കിനെ പിന്തുണച്ചത്. ട്വിറ്ററിൽ സ്വന്തം പ്രൊഫൈലിലാണ് മസ്‌ക് പോൾ പങ്കുവച്ചത്. ട്വിറ്റർ മേധാവിയായി എത്തിയതിന് ശേഷം വലിയ വിമർശനമാണ് മസ്‌ക്ക് സമൂഹ മാധ്യമങ്ങളിൽ അഭിമുഖീകരിക്കുന്നത്. മാധ്യമ പ്രവർത്തകരുടെ അക്കൗണ്ട് നീക്കം ചെയ്തതും, ബ്ലൂ ടിക്കിന് നിരക്ക് ഈടാക്കാനുള്ള തീരുമാനവും വിമർശനം ഏറ്റുവാങ്ങിയിരുന്നു.
Adjust Story Font
16