Quantcast

സ്ത്രീ വിദ്യാഭ്യാസ-തൊഴിൽ നിഷേധം: ആശങ്ക അറിയിച്ച് ഒ.ഐ.സി; താലിബാനുമായി ചർച്ച നടത്താൻ പണ്ഡിതസംഘത്തെ അയക്കും

തുർക്കിയിൽ ചേർന്ന മുസ്‌ലിം രാഷ്ട്ര പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം

MediaOne Logo

Web Desk

  • Published:

    16 Jan 2023 9:44 AM GMT

OIC, Taliban, womeneducation, womenemployment, Muslimscholarsdelegation, Afghanistan
X

അങ്കാറ: സ്ത്രീ വിദ്യാഭ്യാസ-തൊഴിൽ വിഷയങ്ങളിൽ അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തിന്റെ നയങ്ങളിൽ ആശങ്ക രേഖപ്പെടുത്തി മുസ്‌ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി. താലിബാനുമായി വിഷയം ചർച്ച ചെയ്യാൻ ഒ.ഐ.സി വീണ്ടും പണ്ഡിതരുടെ പ്രതിനിധി സംഘത്തെ അഫ്ഗാനിലേക്ക് അയക്കും. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും സ്ത്രീകളുടെ തൊഴിലിനും താലിബാൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനു പിന്നാലെയാണ് നീക്കം.

കഴിഞ്ഞ ദിവസം തുർക്കിയിൽ ചേർന്ന ഒ.ഐ.സി യോഗത്തിലാണ് താലിബാൻ നിലപാട് ഒരിക്കൽകൂടി ചർച്ചയായത്. സ്ത്രീകളുടെ തൊഴിൽ-വിദ്യാഭ്യാസ നിഷേധത്തിൽ ചർച്ച നടത്താനായി രണ്ടാംഘട്ട പണ്ഡിതരെ അഫ്ഗാനിലേക്ക് അയയ്ക്കുമെന്ന് ഒ.ഐ.സി സെക്രട്ടറി ജനറൽ ഹിസൈൻ ഇബ്രാഹീം ത്വാഹ അറിയിച്ചു. സ്ത്രീ-സാമൂഹിക നീതി ഇസ്‌ലാമിക ലോകത്തിന്റെ മുഖ്യ പരിഗണനയിലുള്ള വിഷയങ്ങളാണ്യ. സ്ത്രീവിഷയത്തിലും സാമൂഹികനീതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും എന്തു നിലപാട് സ്വീകരിക്കണമെന്നതടക്കം സംഘം താലിബാൻ നേതാക്കളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസമാണ് കടുത്ത നടപടികൾ താലിബാൻ പ്രഖ്യാപിച്ചത്. പെൺകുട്ടികൾ സർവകലാശാലകളിൽ പഠിക്കുന്നത് വിലക്കി. തദ്ദേശീയവും അന്തർദേശീയവുമായ സന്നദ്ധ സംഘടനകളിലും മനുഷ്യാവകാശ സംഘടനകളിലും സ്ത്രീകൾ പ്രവർത്തിക്കുന്നതും രാഷ്ട്രീയരംഗത്ത് ഇടപെടുന്നതും നിരോധിച്ചിട്ടുണ്ട്. പാർക്ക്, ജിം അടക്കമുള്ള പൊതുസ്ഥലങ്ങളിലെത്തുന്നതിനും നിയന്ത്രണമുണ്ട്. അഫ്ഗാനിലെ പുതിയ സംഭവവികാസങ്ങൾ തുർക്കി വിദേശകാര്യ മന്ത്രി മെവ്‌ലൂത് കവുസോഗ്ലു വിവിധ മുസ്‌ലിം രാജ്യങ്ങളിലെ വിദേശമന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു.

Summary: The Organization of Islamic Cooperation (OIC) will send a delegation of Muslim scholars to Afghanistan for talks with the Taliban-led government on women's rights to education and employment.

TAGS :

Next Story