വീണ്ടും രക്തക്കളമായി സിറിയ; അസദ് അനുകൂലികളും സുരക്ഷാസേനയും തമ്മിലുള്ള സംഘർഷത്തിൽ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടു
കഴിഞ്ഞ ഡിസംബറിൽ അസദിനെ പുറത്താക്കിയതിനു ശേഷമുള്ള ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലാണിത്

ദമസ്കസ്: മുൻ പ്രസിഡന്റ് ബശ്ശാറുൽ അസദിന്റെ അനുയായികളും സർക്കാർ സേനയുംതമ്മിലുള്ള ഏറ്റുമുട്ടലുകളിൽ സിറിയയിൽ ഇതുവരെ കൊല്ലപ്പെട്ടത് 1,000-ത്തിലധികം പേർ. കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്ത് നടക്കുന്ന ഏറ്റുമുട്ടലുകളിലാണ് ഇത്രയും ആളുകൾ കൊല്ലപ്പെട്ടതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഡിസംബറിൽ അസദിനെ പുറത്താക്കിയതിനു ശേഷമുള്ള ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലാണിത്. ലതാകിയയിലെ ജബ്‌ലെ നഗരത്തിൽ തുടങ്ങിയ സംഘർഷം മറ്റിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.
മുൻ പ്രസിഡന്റ് അസദിനോട് വിശ്വസ്തത പുലർത്തിയിരുന്ന അലവൈറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾ സൈന്യത്തിന്റെ ചെക്ക്‌പോസ്റ്റുകളിലും സുരക്ഷാ വാഹനവ്യൂഹങ്ങളിലും സൈനിക സ്ഥാനങ്ങളിലും ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഏറ്റുമുട്ടലുകൾ ആരംഭിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ഗ്രൂപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടലുകളിൽ 745 സാധാരണക്കാർ കൊല്ലപ്പെട്ടതായി സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് അറിയിച്ചു. വളരെ അടുത്തുനിന്നുള്ള വെടിവെപ്പിലാണ് കൂടുതൽ പേരും കൊല്ലപ്പെട്ടത്. 125 സർക്കാർ സുരക്ഷാ സേനാംഗങ്ങളും അസദുമായി ബന്ധമുള്ള സായുധ ഗ്രൂപ്പുകളിലെ 148 പേരും ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ആക്രമങ്ങൾ താത്കാലികമായി അവസാനിച്ചതായി അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മിക്ക പ്രദേശങ്ങളിലും സർക്കാർ നിയന്ത്രണം തിരിച്ചുപിടിച്ചു. സംഘർഷം കൂടുതലുള്ള തീരദേശ മേഖലയിലേക്കുള്ള എല്ലാ റോഡുകളും അധികൃതർ അടച്ചു. ഈ പ്രദേശത്ത് കർഫ്യു നിലവിൽ ഉണ്ട്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ശ്രമിക്കുകയാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സിറിയയിലെ ഇടക്കാല സർക്കാർ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള തീരദേശ നഗരങ്ങളിലേക്ക് കൂടുതൽ സൈനികരെ അയച്ചിട്ടുണ്ട്.
അസദിന്റെ ഭരണകാലത്ത്, അലവൈറ്റുകൾ സൈന്യത്തിലും മറ്റ് പ്രത്യേക പദവികളിലും ഉയർന്ന പദവികൾ വഹിച്ചിരുന്നു.
Adjust Story Font
16

