വൈദ്യുതി പ്രതിസന്ധി; മൊബൈല്‍,ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കുമെന്ന് പാക് സര്‍ക്കാര്‍
വിലക്കയറ്റം മൂലം പാകിസ്താനിലെ ജനങ്ങള്‍ വലയുന്നതിനിടെയാണ് ഇരുട്ടടി പോലെ വൈദ്യുതി പ്രതിസന്ധിയുടെ വരവ്
ഇസ്‍ലാമാബാദ്: രാജ്യം വൈദ്യുതി പ്രതിസന്ധിയില്‍ നട്ടംതിരിയുന്നതിനിടെ മൊബൈല്‍,ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കാനൊരുങ്ങി പാക് സര്‍ക്കാര്‍. രാജ്യത്ത് വൈദ്യുതി മുടങ്ങിയ സാഹചര്യത്തിൽ മൊബൈൽ, ഇന്‍റര്‍നെറ്റ് സേവനങ്ങൾ നിർത്തലാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് പാകിസ്താന്‍ നാഷണൽ ഇൻഫർമേഷൻ ടെക്‌നോളജി ബോർഡ് (എൻ.ഐ.ടി.ബി) മുന്നറിയിപ്പ് നൽകി.
"പാകിസ്താനിലെ ടെലികോം ഓപ്പറേറ്റർമാർ രാജ്യവ്യാപകമായി മണിക്കൂറുകളോളം വൈദ്യുതി തടസപ്പെടുന്നതിനാൽ മൊബൈൽ, ഇന്‍റര്‍നെറ്റ് സേവനങ്ങൾ നിർത്തലാക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാരണം വൈദ്യുതി തടസം അവരുടെ പ്രവർത്തനങ്ങളെ രൂക്ഷമായി ബാധിക്കുന്നുണ്ട്'' എൻ.ഐ.ടി.ബി ട്വീറ്റ് ചെയ്തു. ജൂലൈ മാസത്തിൽ കൂടുതൽ ലോഡ് ഷെഡ്ഡിംഗ് നേരിടേണ്ടി വരുമെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് രാജ്യത്തിന് മുന്നറിയിപ്പ് നൽകിയതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു."പാകിസ്താന് ആവശ്യമായ ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി) വിതരണം ചെയ്യാൻ കഴിഞ്ഞില്ല, എന്നിരുന്നാലും, സഖ്യ സർക്കാർ കരാർ സാധ്യമാക്കാൻ ശ്രമിക്കുകയായിരുന്നു." പ്രധാനമന്ത്രി പറഞ്ഞു.
വിലക്കയറ്റം മൂലം പാകിസ്താനിലെ ജനങ്ങള്‍ വലയുന്നതിനിടെയാണ് ഇരുട്ടടി പോലെ വൈദ്യുതി പ്രതിസന്ധിയുടെ വരവ്. ഊര്‍ജ ക്ഷാമം രൂക്ഷമായതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയം വെട്ടിക്കുറയ്ക്കുകയും കറാച്ചി ഉൾപ്പെടെയുള്ള വിവിധ നഗരങ്ങളിൽ ഷോപ്പിംഗ് മാളുകൾ നേരത്തേ അടച്ചുപൂട്ടാൻ പാക് സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തിരുന്നു.
സാമ്പത്തികപ്രതിസന്ധി രൂക്ഷമായ പാകിസ്താനിൽ പേപ്പറിനും ക്ഷാമം നേരിടുകയാണ്. ആഗസ്തില്‍ പുതിയ അധ്യയനവർഷം ആരംഭിക്കുമ്പോൾ കുട്ടികൾക്ക് പുസ്തകം വിതരണംചെയ്യാനാകില്ലെന്ന് പേപ്പർ വ്യാപാരികളുടെ സംഘടന വ്യക്തമാക്കി. ആഗോളവിലക്കയറ്റത്തിനുപുറമേ പാക് സർക്കാരിന്‍റെ തെറ്റായ നയങ്ങളും പേപ്പർവ്യവസായത്തിലെ പ്രാദേശികകുത്തകകളുമാണ് സ്ഥിതി വഷളാക്കിയത്.
വിദേശകടം പെരുകിയതും തിരിച്ചടിയായി. 2021-'22 സാമ്പത്തിക വർഷം പലിശയിനത്തിൽമാത്രം പാകിസ്താൻ ചൈനയ്ക്ക് നൽകിയത് 15 കോടി ഡോളറാണ്. സൗദി അറേബ്യ, ഖത്തർ രാജ്യങ്ങളിൽനിന്നും പാകിസ്താൻ വ്യാപകമായി കടം വാങ്ങിയിട്ടുണ്ട്. കടംതിരിച്ചടവ് കൂടിയതോടെ വിദേശനാണ്യശേഖരം ദുർബലമായി. ഇറക്കുമതി കുറയ്ക്കാൻ സർക്കാർ നിർബന്ധിതരായിരിക്കുകയാണ്. ഇതോടെ ഇന്ധനത്തിനുൾപ്പെടെ അവശ്യസാധനങ്ങൾക്കും വിലകൂടി.
Adjust Story Font
16