'ശത്രുബന്ദികളെ സംരക്ഷിക്കണം'; ഹമാസ് പോരാളികൾക്ക് നിര്‍ദേശങ്ങളുമായി സിൻവാര്‍-ഡയറിക്കുറിപ്പുകള്‍ പുറത്തുവിട്ട് ഫലസ്തീന്‍ പത്രം
ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ പാർപ്പിച്ച ബന്ദികളുടെ പേരുവിവരങ്ങളെല്ലാം കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കൂട്ടത്തിലുള്ള ഇസ്രായേൽ സൈനികരുടെ കണക്കും വെളിപ്പെടുത്തിയിട്ടുണ്ട്
ഗസ്സ സിറ്റി: ഇസ്രായേൽ ബന്ദികളുമായി ബന്ധപ്പെട്ട് ഹമാസ് പോരാളികൾക്കുള്ള നിർദേശങ്ങളടങ്ങിയ യഹ്‌യ സിൻവാറിന്റെ ഒസ്യത്ത് പുറത്തുവിട്ട് ഫലസ്തീൻ പത്രം 'അൽഖുദ്‌സ്'. സിൻവാറിന്റെ കൈയെഴുത്തിലുള്ള മൂന്ന് ഡയറിക്കുറിപ്പുകളാണ് പത്രം പുറത്തുവിട്ടത്. ബന്ദികളെ സംരക്ഷിക്കണമെന്നും ഉപദ്രവിക്കരുതെന്നുമുള്ള നിർദേശങ്ങളടങ്ങിയ ഖുർആൻ വാക്യവും പ്രവാചകവചനവും ചേർത്ത കുറിപ്പുകളിൽ ബന്ദികളുടെ വിശദമായ കണക്കുകളും പേരുവിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
അൽഅർഖാം കമേഴ്ഷ്യൽ പ്രിന്റിങ് കമ്പനി എന്ന പേരിലുള്ള സ്ഥാപനത്തിന്റെ ഡയറിയിലാണ് യഹ്‌യ സിൻവാർ ഹമാസ് പോരാളികൾക്കുള്ള നിർദേശങ്ങൾ എഴുതിവച്ചിരിക്കുന്നത്. ഖുർആനിലെ 'മുഹമ്മദ്' എന്ന അധ്യായത്തിലെ നാലാം സൂക്തമാണ് ആദ്യം ചേർത്തിരിക്കുന്നത്. 'അതിനുശേഷം (അവരോട്) ദാക്ഷിണ്യം കാണിക്കുകയോ മോചനമൂല്യം സ്വീകരിച്ചു വിട്ടയയ്ക്കുകയോ ചെയ്യുക' എന്നു വിശ്വാസികളെ ഉണർത്തുന്ന സൂക്തമാണിത്.
യുദ്ധമുന്നണിയിൽ സ്വീകരിക്കേണ്ട മര്യാദകളുടെ തുടർച്ചയായാണ് ഇത്തരമൊരു നിർദേശവും ഖുർആൻ നൽകുന്നത്. ഖുർആൻ വ്യാഖ്യാനങ്ങൾ പ്രകാരം ആ സൂക്തത്തിന്റെ താൽപര്യം ഇങ്ങനെയാണ്: ''കനത്ത നാശം വിതച്ച ശേഷം അവരെ പിടികൂടിയാൽ ഒന്നുകിൽ നഷ്ടപരിഹാരമോ മോചനദ്രവ്യമോ ഒന്നും വാങ്ങാതെ അവരെ വിട്ടയയ്ക്കുക. അല്ലെങ്കിൽ മോചനത്തിനു പകരം എന്തെങ്കിലും വാങ്ങിയ ശേഷം അവരെ വെറുതെവിടുക.''
ഈ ഖുർആൻ വാക്യത്തിനുശേഷം പ്രവാചകൻ മുഹമ്മദ് നബിയുടെ വചനമാണ് സിൻവാർ എഴുതിയിട്ടുള്ളത്. ആ പ്രവാചകവചനം ഇങ്ങനെയാണ്: ''രോഗിയെ സന്ദർശിക്കുക, വിശന്നവനെ ഊട്ടുക, ബന്ദിയെ മോചിപ്പിക്കുക.''
തുടർന്നാണ് ബന്ദികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സിൻവാർ ഹമാസ് പോരാളികൾക്ക് നിർദേശം നൽകുന്നത്. ശത്രുബന്ദികളുടെ ജീവൻ കാത്തുരക്ഷിക്കണമെന്നും അവർക്കു സംരക്ഷണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഫലസ്തീൻ തടവുകാരുടെ മോചനം ഉൾപ്പെടെയുള്ള ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള 'സമ്മർദ കാർഡുകൾ' ആയി അവരെ കാണണമെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ഇതിനായി ഒരു പൊതുതത്വവും സിൻവാർ അവതരിപ്പിക്കുന്നു; 'അനിവാര്യമായ കാര്യം പൂർത്തീകരിക്കാൻ ആവശ്യമായതും അനിവാര്യം തന്നെയാണ്.' ശത്രുബന്ദികളെ സംരക്ഷിക്കാതെ നമ്മുടെ തടവുകാരുടെ മോചനം സാധ്യമാകില്ലെന്നും സിൻവാർ വിവരിക്കുന്നു. ബന്ദിമോചനത്തിന്റെ പ്രതിഫലം നമ്മുടെ പോരാളികളുടെ നന്മയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
രണ്ടാമത്തെ ഡയറിക്കുറിപ്പിൽ ഇസ്രായേൽ ബന്ദികളുടെ വിശദാംശങ്ങളാണ് സിൻവാർ വിവരിക്കുന്നത്. ബന്ദികളുടെ പ്രായവും ലിംഗവുമെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. കൂട്ടത്തിലുള്ള ഇസ്രായേൽ സൈനികരുടെ കണക്കും വെളിപ്പെടുത്തിയിട്ടുണ്ട്. ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ പാർപ്പിച്ച ബന്ദികളുടെ കണക്കാണിത്. ഇതിൽ സ്ഥലം വ്യക്തമല്ലാത്തൊരു ഭാഗത്തെ കണക്കുകൾ ഇങ്ങനെയാണ്:
60 വയസിനു മുകളിൽ അഞ്ചുപേർ, 60 വയസിനു താഴെ 10 പേർ, മൂന്ന് സൈനികർ, 40 വയസിനു താഴെ മൂന്നു സ്ത്രീകൾ, 40നു മുകളിൽ നാല് സ്ത്രീകൾ.
മധ്യ ഗസ്സയില്‍: സൈനിക യൂനിഫോമിൽ ആറ്, റിസർവ് സൈനികർ 12(മുതിർന്നയാൾക്ക് പ്രായം 53), എണ്ണത്തിലില്ലാത്ത ഏഴ് യുവാക്കൾ(21നും 27നും ഇടയിൽ പ്രായം).
റഫായില്‍: ഏഴ് സൈനികർ(ആറ് പുരുഷന്മാരും ഒരു സ്ത്രീയും), മൂന്ന് റിസർവ് സൈനികർ, നാല് യുവാക്കൾ, ഒരു വയോധികൻ(66 വയസ്), ഒരു അറബി ബദു(നാടോടി അറബ് വംശജൻ).
ബന്ദികളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്ന മറ്റൊരു ഡയറിക്കുറിപ്പും പുറത്തുവന്നിട്ടുണ്ട്. നഴ്‌സായ ഒരു യുവതി, രണ്ട് റഷ്യൻ സ്ത്രീകൾ, ഒരു ഫിലിപ്പൈൻ-ഇസ്രായേൽ വയോധിക, ഒരു അമേരിക്കൻ വൃദ്ധ എന്നിവരുടെ പേരും വയസുമെല്ലാം ഇക്കൂട്ടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു യുവതിയുടെ പേരിനു നേരെ രോഗിയാണെന്നും സൂചിപ്പിച്ചിട്ടുണ്ട്.
അതേസമയം, ഡയറിക്കുറിപ്പുകളുടെ ഉറവിടം 'അൽഖുദ്‌സ്' വെളിപ്പെടുത്തിയിട്ടില്ല. ഇത് ഏതു സമയത്ത് എഴുതിയതാണെന്നു തുടങ്ങുന്ന വിശദാംശങ്ങളും പത്രം നൽകുന്നില്ല. അതേസമയം, ഒരു വര്‍ഷം മുന്‍പുള്ള കുറിപ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയ ബന്ദികളെല്ലാം ഇതിനകം മോചിതരായിട്ടുണ്ടെന്ന് 'ജെറൂസലം പോസ്റ്റും' സൂചിപ്പിക്കുന്നു.
ഫലസ്തീനിൽ ഏറ്റവും പ്രചാരമുള്ള പത്രമാണ് അധിനിവിഷ്ട വെസ്റ്റ് ബാങ്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന 'അൽഖുദ്‌സ്'. നേരത്തെ പ്രചാരത്തിലുണ്ടായിരുന്ന അൽദിഫായും അൽജിഹാദും ലയിച്ചാണ് 1967ൽ 'അൽഖുദ്‌സ്' ആയി പ്രസിദ്ധീകരണം ആരംഭിക്കുന്നത്.
Summary: Palestinian newspaper Al-Quds publishes three documents with instructions for guarding hostages, claiming as handwritten by slain Hamas leader Yahya Sinwar
Adjust Story Font
16