Quantcast

'ഫലസ്തീനികളെ നഗ്നരാക്കി ജീവനോടെ കുഴിച്ചുമൂടുന്നു; കുഞ്ഞുങ്ങളെ അമ്മമാരിൽനിന്ന് പിടിച്ചുകൊണ്ടുപോകുന്നു'-ജബാലിയയിലെ ഞെട്ടിപ്പിക്കുന്ന കാഴ്ചകൾ

'സാധാരണക്കാരെ ജീവനോടെ കുഴിച്ചുമൂടുന്നു, നഗ്നരാക്കി നിർത്തി ഒന്നിനു പിറകെ ഒന്നായി വെടിവച്ചു കൊല്ലുന്നു, പലരെയും ബന്ദികളാക്കി കൊണ്ടുപോകുന്നു'

MediaOne Logo

Web Desk

  • Published:

    26 Oct 2024 7:32 AM GMT

Palestinian men are stripped naked and buried alive by Israel soldiers; Children are taken away from their mothers - Journalists releases shocking scenes from Jabalia in northern Gaza, Israel attack on Gaza, Israel genocide in Jabalia
X

ഗസ്സ സിറ്റി: ''ഏതാനും മണിക്കൂറുകൾക്കു മുൻപ് വടക്കൻ ഗസ്സയിലെ ജബാലിയയിൽനിന്നു പകർത്തിയ ഈ ചിത്രത്തിൽ നിങ്ങൾ കാണുന്നത് മരണത്തിലേക്കു നീളുന്ന വരിയാണ്. സ്ത്രീകളെയും പുരുഷന്മാരെയും(ചിലപ്പോൾ പെൺകുട്ടികളെയും ആൺകുട്ടികളെയും) മാറ്റിനിർത്തിയ ശേഷം സ്ത്രീകളോട് സ്ഥലം കാലിയാക്കാൻ ഉത്തരവിടുന്നു ഇസ്രായേൽ ഭീകരസൈന്യം. എന്നിട്ട് പുരുഷന്മാരെ ഇരുകൈകളും ബന്ധിച്ച്, കണ്ണുകെട്ടി ആഴത്തിലുള്ളൊരു ഗർത്തത്തിൽ കൊണ്ടുപോയി നിർത്തും. ശേഷം സംഭവിക്കാൻ പോകുന്നത് എന്താണെന്ന് നമുക്കെല്ലാം അറിയാം. ഖാൻ യൂനിസിലും വടക്കൻ ഗസ്സയിലും സംഭവിച്ച പോലെ ഒന്നുകിൽ അവരെ ജീവനോടെ കുഴിച്ചുമൂടും. അല്ലെങ്കിൽ ബന്ദികളാക്കി പിടിച്ചുകൊണ്ടുപോകും. പതിനായിരങ്ങൾക്കു സംഭവിച്ച പോലെ കൊടിയ പീഡനവും കൊലയും ബലാത്സംഗവും അവയവക്കൊള്ളയുമെല്ലാമായിരിക്കും അവരെ കാത്തിരിക്കുന്നത്.''

ഫലസ്തീൻ മാധ്യമപ്രവർത്തകയും സംവിധായികയുമായ ബിസാൻ ഔദ ദിവസങ്ങൾക്കു മുൻപ് ഇൻസ്റ്റഗ്രാമിൽ കുറിച്ചതാണിത്. വടക്കൻ ഗസ്സയിലെ ജബാലിയയുടെ തത്സമയ ചിത്രമാണ് അവർ പങ്കുവച്ചിരിക്കുന്നത്. ഗസ്സയിലെ ഇസ്രായേൽ നരഹത്യ പ്രമേയമാക്കി ഔദ സംവിധാനം ചെയ്ത It’s Bisan From Gaza – and I’m Still Alive എന്ന ഡോക്യുമെന്ററിക്ക് ഇത്തവണ എമ്മി പുരസ്‌കാരം ലഭിച്ചിരുന്നു. 2023 ഒക്ടോബർ ഏഴു മുതൽ ഇസ്രായേൽ നരഹത്യയുടെ നേർച്ചിത്രങ്ങൾ അപ്പപ്പോൾ ലോകത്തിനുമുന്നിൽ എത്തിച്ച് ഗസ്സയിലെ കുരുതിക്കളങ്ങളിൽ സജീവമാണവർ ഇപ്പോഴും.


ജബാലിയയിൽ നടക്കുന്ന കൂട്ടക്കൊലയിലേക്ക് നിരന്തരം ലോകശ്രദ്ധ ക്ഷണിക്കുന്നുണ്ട് ബിസാൻ ഔദ. ദിവസങ്ങൾക്കുമുൻപ് ജബാലിയയിലെ അഭയാർഥി ക്യാംപിലുള്ള ഇന്തോനേഷ്യൻ ആശുപത്രിയിലും തൊട്ടടുത്തുള്ള ഹമദ് സ്‌കൂളിലും ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നൂറുകണക്കിനു പേരാണു കൊല്ലപ്പെട്ടത്. വൈദ്യുതിബന്ധം ഉൾപ്പെടെ വിച്ഛേദിച്ച് പുറത്തുനിന്നു വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു ഇസ്രായേൽ അതിക്രമം. നൂറുകണക്കിനു പേർ ഗുരുതരാവസ്ഥയിലും കഴിയുകയാണ്. ഇതിനു പിന്നാലെയും ജബാലിയയിലും മറ്റു വടക്കൻ പ്രദേശങ്ങളിലും മനുഷ്യക്കുരുതി തുടരുകയാണെന്ന് ഔദയ്ക്കു പുറമെ മുഅ്തസിം ദല്ലൗൽ ഉൾപ്പെടെയുള്ള ഫലസ്തീൻ മാധ്യമപ്രവർത്തകർ ഗസ്സയിൽനിന്ന് റിപ്പോർട്ട് ചെയ്യുന്നു.

സാധാരണക്കാരെ ജീവനോടെ കുഴിച്ചുമൂടുന്നു, നഗ്നരാക്കി നിർത്തി ഒന്നിനു പിറകെ ഒന്നായി വെടിവച്ചു കൊല്ലുന്നു, പലരെയും ബന്ദികളാക്കി കൊണ്ടുപോകുന്നു. വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾ നിരവധിയാണ്. ഇതിനു പുറമെ മാതാപിതാക്കളിൽനിന്നു പിടിച്ചുകൊണ്ടുപോയും കുട്ടികളോട് ഇസ്രായേൽ സൈന്യം ക്രൂരത തുടരുന്നു.


രണ്ട് ആഴ്ചയോളം അഭയാർഥി ക്യാംപിലുള്ള സാധാരണക്കാരെ പട്ടിണിക്കിട്ട ശേഷമായിരുന്നു ജബാലിയയിൽ ആക്രമണം നടത്തിയതെന്ന് ഔദ പറയുന്നു. ഇസ്രായേൽ ആക്രമണങ്ങളിൽനിന്നു രക്ഷതേടി ഗസ്സയുടെ മറ്റു പ്രദേശങ്ങളിൽനിന്ന് എത്തിയവരാണ് ഈ ക്യാംപിലുണ്ടായിരുന്നത്. ഇതിൽ വലിയൊരു ഭാഗവും കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റവർ നിരവധി. ആശുപത്രിയും സ്‌കൂളും ബോംബിട്ടു തകർത്ത ശേഷം ബാക്കിയായവരോടെല്ലാം ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ഇസ്രായേൽ സൈന്യം.

ജബാലിയയിൽ കുട്ടികൾക്കുനേരെ നടക്കുന്ന ക്രൂരതകളെ കുറിച്ച് ഒരു ഫലസ്തീൻ മാതാവ് പങ്കുവച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ മാധ്യമപ്രവർത്തകനായ മുഅ്തസിം ദല്ലൗൽ എക്‌സിൽ വെളിപ്പെടുത്തിയിരുന്നു. അത് ഇങ്ങനെയാണ്:

''കുട്ടികളെ മുഴുവൻ മാതാപിതാക്കളിൽനിന്ന് തട്ടിയെടുത്ത് ഒരു വലിയ ഗർത്തം പോലെയുള്ള സ്ഥലത്തേക്ക് കൊണ്ടുപോയി. തുടർന്ന് ടാങ്കുകൾ അവർക്കു ചുറ്റും വട്ടമിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കുട്ടികളുടെ ആർത്തനാദങ്ങൾക്കും അമ്മമാരുടെ വിലാപങ്ങൾക്കുമിടയിലും സൈന്യം ഇതു തുടർന്നു. ഇതു കഴിഞ്ഞ് സൈന്യം വന്ന് ഓരോ കുട്ടികളെ ഏതെങ്കിലും സ്ത്രീകളുടെ കൈയിലേക്ക് എറിഞ്ഞുകൊടുക്കുകയായിരുന്നു. കൈയിൽ കിട്ടിയ കുട്ടികളുമായി ഉടൻ കടന്നുപോകാനായിരുന്നു ഉത്തരവ്. ആരുടെയൊക്കെയോ മക്കളായിരിക്കും സ്വന്തം കൈയിലുള്ളത്. സ്വന്തം കുഞ്ഞുങ്ങൾ മറ്റാരുടെയെങ്കിലും കരങ്ങളിലും. എന്നിട്ട് സ്വന്തം മക്കളെ കണ്ടെത്താനുള്ള തിരച്ചിലാണവിടെ നടക്കുന്നത്...''

വംശീയ ഉന്മൂലനമാണ് ജബാലിയയിൽ നടക്കുന്നതെന്നാണ് ഔദ പറയുന്നത്. കഴിഞ്ഞ ദിവസം മാത്രം ഇവിടെ 200ലേറെ പേർ കൊല്ലപ്പെട്ടതായി അവർ റിപ്പോർട്ട് ചെയ്യുന്നു. വടക്കൻ ഗസ്സയെ സമ്പൂർണമായി ഉന്മൂലനം ചെയ്യുകയാണ് ഇസ്രായേലെന്നും അവർ പറയുന്നു.

വടക്കൻ ഗസ്സയിലെ കമാൽ അദ്‌വാൻ ആശുപത്രിയിൽനിന്നുള്ള ഞെട്ടിപ്പിക്കുന്ന കാഴ്ചകളും ഇപ്പോൾ പുറത്തുവരുന്നുണ്ട്. ഇന്തോനേഷ്യൻ ആശുപത്രിയിൽ സംഭവിച്ചതിനു സമാനമായ കാഴ്ചകളാണിവിടെയും. പുറത്തുനിന്നു വളഞ്ഞ ശേഷം ആശുപത്രിക്കു നേരെ ബോംബിട്ടിരിക്കുകയാണ് ഇസ്രായേൽ സൈന്യം. സൈന്യത്തിന്റെ ഉത്തരവ് പ്രകാരം കൈകൾ ഉയർത്തി പുറത്തിറങ്ങുന്ന ആരോഗ്യ പ്രവർത്തകരുടെയും സിവിലിയന്മാരുടെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ) മേധാവി തെദ്രോസ് അദാനോം ഗെബ്രിയേസസ് തന്നെ ഇക്കാര്യം പരസ്യമായി സ്ഥിരീകരിച്ചു കഴിഞ്ഞു. ഡബ്ല്യുഎച്ച്ഒ സംഘം അവശ്യമരുന്നുകളും സാമഗ്രികളും എത്തിക്കുകയും ഗുരുതരാവസ്ഥയിലുള്ള രോഗികളെ അൽശിഫാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതിനു പിന്നാലെയാണ് ആരോഗ്യ പ്രവർത്തകർക്കുനേരെ ആക്രമണം നടന്നതെന്ന് തെദ്രോസ് പറയുന്നു. രോഗികളും ആരോഗ്യ പ്രവർത്തകരുമായി 600ഓളം പേർ കമാൽ അദ്‌വാൻ ആശുപത്രിയിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 44 ആരോഗ്യ പ്രവർത്തകരെ പിടിച്ചുകൊണ്ടുപോയെന്നും ഡബ്ല്യുഎച്ച്ഒ തലവൻ സ്ഥിരീകരിക്കുന്നുണ്ട്.

ഇസ്രായേൽ സൈന്യം കമാൽ അദ്‌വാൻ ആശുപത്രിയിൽനിന്നു നിരവധി ഫലസ്തീൻ യുവാക്കളെ പിടിച്ചുകൊണ്ടുപോയി ഒഴിഞ്ഞ സ്ഥലത്ത് നഗ്നരാക്കി നിർത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിൽ ആരോഗ്യ പ്രവർത്തകരും ആശുപത്രിയ ഡയരക്ടറും ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെടെയുണ്ടെന്നും വിവരമുണ്ട്. കമാൽ അദ്‌വാനിൽനിന്ന് ഭീകരവാദികളെയും ഹമാസ് വൃത്തങ്ങളെയും അറസ്റ്റ് ചെയ്യുകയും നിരവധി പേരെ വധിക്കുകയും ചെയ്‌തെന്നാണ് ഇസ്രായേൽ മാധ്യമമായ 'ഇസ്രായേലി ചാനൽ 14' റിപ്പോർട്ട് ചെയ്തത്.

കമാൽ അദ്‌വാൻ ആശുപത്രി ഡയരക്ടർ ഡോ. സഫിയ മറ്റു ജീവനക്കാർക്കൊപ്പം അറസ്റ്റിലായിട്ടുണ്ടെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആശുപത്രിയിലെ മിക്ക ഡോക്ടർമാരും ജീവനക്കാരും അറസ്റ്റിലായതായി സഫിയ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇവർ ഉൾപ്പെടെ ആരെയും ഇപ്പോൾ ബന്ധപ്പെടാനാകില്ലെന്നാണ് ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നത്.

വടക്കൻ ഗസ്സയെ പൂർണമായി ഒഴിപ്പിക്കുകയാണ് ഇസ്രായേൽ ലക്ഷ്യമിടുന്നതെന്ന് 'ദ ഗാർഡിയൻ' ലേഖിക ബെഥാൻ മക്കെർനാൻ ജറൂസലമിൽനിന്ന് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ മാസം ബെഞ്ചമിൻ നെതന്യാഹു സർക്കാർ പ്രഖ്യാപിച്ച പദ്ധതിയുടെ തുടർച്ചയാണിതെന്ന് അവർ സൂചിപ്പിക്കുന്നു. പുറത്തുനിന്നുള്ള മുഴുവൻ സഹായവും ഭക്ഷണ-ആരോഗ്യ സാമഗ്രികളുമെല്ലാം തടഞ്ഞ് വടക്കൻ ഗസ്സയിലുള്ളവരെ ഇവിടെനിന്ന് ഒഴിയാൻ നിർബന്ധിതരാക്കുകയാണു പദ്ധതി. അഭയാർഥികൾ കഴിയുന്ന ആശുപത്രികളും സ്‌കൂളുകളുമെല്ലാം തകർത്ത ശേഷം ബാക്കിയുള്ളവരോട് ഇവിടെനിന്ന് ഒഴിഞ്ഞുപോകാൻ നിർദേശിച്ചിരിക്കുകയാണ്. യുദ്ധക്കുറ്റങ്ങൾക്കു സമാനമായ സംഭവങ്ങളാണ് ഇവിടെ നടക്കുന്നതെന്ന് വിദഗ്ധരെ ഉദ്ധരിച്ച് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

Summary: 'Palestinian men are stripped naked and buried alive by Israel soldiers; Children are taken away from their mothers' - Journalists releases shocking scenes from Jabalia in northern Gaza

TAGS :

Next Story