ലാൻഡിംഗിനിടെ വിമാനത്തിന്റെ എമർജെൻസി എക്‌സിറ്റ് തുറന്ന് യാത്രക്കാരൻ; ആഞ്ഞടിച്ച് കാറ്റ്, 9 പേർ ആശുപത്രിയിൽ
ജനലിലൂടെ കാറ്റ് ആഞ്ഞടിക്കുന്നതും യാത്രക്കാർ പേടിച്ച് നിലവിളിക്കുന്നതുമൊക്കെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം
സിയോൾ: ലാൻഡിംഗിനിടെ വിമാനത്തിന്റെ എമർജെൻസി എക്‌സിറ്റ് യാത്രക്കാരൻ തുറന്നതിനെ തുടർന്ന് പരിഭ്രാന്തി. ഏഷ്യാന എയർലൈൻസ് ഫ്‌ളൈറ്റിലാണ് സംഭവം. ജനലിലൂടെ കാറ്റ് ആഞ്ഞടിക്കുന്നതും യാത്രക്കാർ പേടിച്ച് നിലവിളിക്കുന്നതുമൊക്കെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം.
സിയോളിലെ എയർബസ് A321-200 എന്ന വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ദയിഗു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേ അടുക്കവേ 650 അടി ഉയരത്തിൽ വെച്ചാണ് യാത്രക്കാരൻ ജനൽ തുറന്നത്. വിമാനം ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെ ഇയാൾ പൊടുന്നനെ ലിവർ വലിക്കുകയായിരുന്നു.
ഏകദേശം 200ഓളം യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തെങ്കിലും ജനൽ പെട്ടെന്ന് തുറന്നതിനെ തുടർന്ന് നിരവധി പേർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. ഒമ്പതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് ദക്ഷിണ കൊറിയൻ ന്യൂസ് ഏജൻസിയായ യോൻഹാപ് റിപ്പോർട്ട് ചെയ്യുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
ജനൽ തുറന്ന യാത്രക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
Adjust Story Font
16