Quantcast

വ്യാജ ബോംബ് സന്ദേശത്തിലൂടെ യാത്രാവിമാനം റാഞ്ചി മാധ്യമപ്രർത്തകനെ അറസ്റ്റ് ചെയ്ത് ബെലാറസ്

യാത്രക്കാരനെ അറസ്റ്റ് ചെയ്ത വിവരം വിമാനത്തിലെ പൈലറ്റുമാരാണ് പുറംലോകത്തെ അറിയിച്ചത്. സുരക്ഷിതമായി നിലത്തിറക്കിയ വിമാനത്തിൽ നിന്ന് സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല.

MediaOne Logo

André

  • Published:

    24 May 2021 1:07 PM GMT

വ്യാജ ബോംബ് സന്ദേശത്തിലൂടെ യാത്രാവിമാനം റാഞ്ചി മാധ്യമപ്രർത്തകനെ അറസ്റ്റ് ചെയ്ത് ബെലാറസ്
X

ഭരണകൂടത്തിന്റെ കണ്ണിലെ കരടായ മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്യാൻ യൂറോപ്യൻ രാജ്യമായ ബെലാറസ് നടത്തിയ വിചിത്ര ഓപറേഷനെതിരെ അന്താരാഷ്ട്രതലത്തിൽ കടുത്ത വിമർശനം. രാജ്യത്തിനു മുകളിലൂടെ പറന്ന യാത്രാവിമാനം വ്യാജ ബോംബ് സന്ദേശം നൽകി നിലത്തിറക്കിയാണ് 'നെക്‌സ്റ്റ' എന്ന സോഷ്യൽ മീഡിയ ചാനലിന്റെ സഹസ്ഥാപകനായ റോമൻ പ്രൊട്ടസെവിച്ചിനെ അറസ്റ്റ് ചെയ്ത്. ഭരണാധികാരി അലക്‌സാണ്ടർ ലുക്കാഷെങ്കോവിനെതിരെ ഈയിടെ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭങ്ങൾക്കു പിന്നിൽ പ്രൊട്ടസെവിച്ചും സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച ടെലിഗ്രാം ചാനലാണെന്ന് ബെലാറസ് ഭരണകൂടം ആരോപിച്ചിരുന്നു.

ഗ്രീസിലെ ഏതൻസിൽ നിന്ന് ലിത്വാനിയൻ തലസ്ഥാനമായ വിൽന്യുസിലേക്ക് പുറപ്പെട്ട റ്യാനെയർ വിമാനമാണ് ആകാശപാതയില്‍ നിന്നു വഴിമാറി ബെലാറസ് തലസ്ഥാനമായ മിൻസ്‌കിൽ നിർബന്ധിച്ച് ഇറക്കിച്ചത്. വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നും അടിയന്തരമായി നിലത്തിറക്കണമെന്നുമുള്ള സന്ദേശമാണ് എയര്‍ട്രാഫിക് കൺട്രോൾ റൂമിൽ നിന്ന് ലഭിച്ചതെന്ന് വിമാനക്കമ്പനി പിന്നീട് അറിയിച്ചു. നിര്‍ദേശം പാലിക്കുന്നുവെന്നുറപ്പാക്കാന്‍ ഒരു മിഗ് 29 യുദ്ധവിമാനവും റ്യാനെയർ വിമാനത്തെ അനുഗമിച്ചിരുന്നു. യാത്രാവിമാനം മിൻസ്‌ക് വിമാനത്താവളത്തിൽ ഇറങ്ങിയതിനു പിന്നാലെ റോമൻ പ്രൊട്ടസെവിച്ചിനെ ബെലാറുസിയൻ സുരക്ഷാ ജീവനക്കാർ അറസ്റ്റ് ചെയ്യുകയായിരുന്നു.




യാത്രക്കാരനെ അറസ്റ്റ് ചെയ്ത വിവരം വിമാനത്തിലെ പൈലറ്റുമാരാണ് പുറംലോകത്തെ അറിയിച്ചത്. സുരക്ഷിതമായി നിലത്തിറക്കിയ വിമാനത്തിൽ നിന്ന് സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല. മുന്നറിയിപ്പില്ലാതെയാണ് വിമാനം മിൻസ്‌കിൽ ഇറക്കിയതെന്ന് യാത്രക്കാര്‍ പറഞ്ഞു. മിന്‍സ്കില്‍ വിമാനം ഇറക്കുന്നതു സംബന്ധിച്ച് ഒരു വിവരവും ഫ്‌ളൈറ്റ് അറ്റന്റൻഡുമാർ നൽകിയിരുന്നില്ല. ആകാശത്തുവെച്ച് വിമാനം മുന്നറിയിപ്പില്ലാതെ അസ്വാഭാവികമാംവിധം താഴ്ന്നപ്പോള്‍, തകര്‍ന്നുവീഴുകയാണെന്ന് ഭയപ്പെട്ടതായി യാത്രക്കാര്‍ പറഞ്ഞു.

വിമാനം ഏതൻസിൽനിന്ന് പുറപ്പെടുമ്പോൾ ബെലാറസ് ഇന്റലിജൻസ് വിഭാഗത്തിലെ രണ്ട് ജീവനക്കാർ ഉണ്ടായിരുന്നുവെന്ന് പ്രൊട്ടസെവിച്ച് തങ്ങളെ അറിയിച്ചിരുന്നുവെന്നും നെക്‌സ്റ്റ എഡിറ്റർ ഇൻ ചീഫ് തദേവുസ് ഗിക്‌സാൻ വ്യക്തമാക്കി. മിൻസ്‌കിൽ നിന്ന് വിമാനം പറന്നുയരുമ്പോൾ പ്രൊട്ടസെവിച്ചിനു പുറമെ വിമാനത്തിലുണ്ടായിരുന്ന രണ്ട് യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. ഇവര്‍ ബെലാറസ് ഇന്റലിജന്‍സ് അധികൃതരായിരുന്നുവെന്നാണ് സൂചന.

കനത്ത പ്രതിഷേധം

യാത്രാവിമാനം ബലംപ്രയോഗിച്ച് നിലത്തിറക്കുകയും മാധ്യമപ്രവർത്തകനെ പിടികൂടുകയും ചെയ്ത സംഭവത്തിൽ ബെലാറസിനെതിരെ നിരവധി യൂറോപ്യൻ രാജ്യങ്ങൾ രംഗത്തുവന്നു. ഒരിക്കലും സ്വീകരിക്കാൻ കഴിയുന്ന നടപടിയല്ല ഇതെന്നായിരുന്നു യൂറോപ്യൻ കമ്മീഷൻ പ്രസിഡണ്ട് ഉർസുല വോൻ ദെർ ലെയനിന്റെ പ്രതികരണം.

'ബെലാറസ് ഭരണകൂടത്തിന്റെ നികൃഷ്ടവും നിയമവിരുദ്ധവുമായ പെരുമാറ്റം അനന്തരഫലങ്ങളുണ്ടാക്കും. റയാനെയർ വിമാനം റാഞ്ചിയവരെ ഉപരോധിക്കണം. ജേണലിസ്റ്റ് റോമൻ പ്രോട്ടാസെവിച്ചിനെ ഉടൻ മോചിപ്പിക്കണം' ഉർസുല വോൻ ദെർ ലെയൻ ട്വീറ്റ് ചെയ്തു.

ഫ്രാൻസ്, ബ്രിട്ടൻ, പോളണ്ട് എന്നീ രാജ്യങ്ങളും ബെലാറസിന്റെ നടപടിക്കെതിരെ രംഗത്തുവന്നു. റ്യാനെയർ വിമാനം റാഞ്ചുകയാണ് ബെലാറസ് ചെയ്തതെന്നും ഇത് ഭീകരവാദ പ്രവർത്തനമാണെന്നും പോളണ്ട് പ്രധാനമന്ത്രി മാത്യൂസ് മൊറാവിച്കി പറഞ്ഞു. ഈ വിഷയം യൂറോപ്യൻ യൂണിയൻ വിദേശമന്ത്രിമാരുടെ യോഗത്തിൽ ചർച്ച ചെയ്യണമെന്ന് അയർലാന്റ് പ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ ആവശ്യപ്പെട്ടു. വിമാനം വഴിതിരിച്ചുവിട്ട് നിലത്തിറക്കിയ സംഭവം അപകടകരവും ജുഗുപ്‌സാവഹവുമാണെന്ന് ബെലാറസിലെ യു.എസ് അംബാസഡർ ജൂലി ഫിഷർ പറഞ്ഞു.

സംഭവത്തെ തുടർന്ന്, ബെലാറസിന്റെ ആകാശപാതയിലൂടെയുള്ള യാത്ര റദ്ദാക്കിയതായി വിവിധ വിമാനക്കമ്പനികൾ അറിയിച്ചു. യാത്രാവിമാനം നിലത്തിറക്കാൻ യുദ്ധവിമാനത്തെ അയച്ച ബെലാറസിന്റെ നടപടി യാത്രക്കാരുടെ സുരക്ഷയെ അപകടത്തിലാക്കുന്നതായും ഇക്കാര്യത്തിൽ അന്താരാഷ്ട്ര വ്യോമയാന സംഘടന (ഐ.സി.എ.ഒ) അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും എട്ട് യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിനിധികളടങ്ങിയ ഫോറിൻ അഫയേഴ്‌സ് കമ്മിറ്റി പറഞ്ഞു. ഐ.സി.എ.ഒയുടെ റിപ്പോർട്ട് വരുംവരെ ബെലാറസിലേക്കും അവിടെ നിന്ന് പുറത്തേക്കുമുള്ള വിമാനസർവീസുകൾ നിരോധിക്കണമെന്നും സംയുക്ത പ്രസ്താവനയിൽ അവർ ആവശ്യപ്പെട്ടു.

മിൻസ്‌ക് വിമാനത്താവളത്തിൽ മണിക്കൂറുകൾ ചെലവഴിച്ച ശേഷം ന്യാനെയർ വിമാനം പറന്നുയരുകയും ഞായറാഴ്ച വൈകുന്നേരം വിൽന്യുസ് വിമാനത്താവളത്തിൽ ലാന്റ് ചെയ്യുകയും ചെയ്തു. വിമാനത്തെയും യാത്രക്കാരെയും സ്വീകരിക്കാൻ ലിത്വാനിയൻ പ്രധാനമന്ത്രി അടക്കമുള്ളവർ എത്തിയിരുന്നു.

ബെലാറസിലെ ഏകാധിപത്യ സ്വഭാവമുള്ള ഭരണകൂടത്തിനെതിരെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടാന്‍ കാരണമായ 'നെക്സ്റ്റ' സ്ഥാപകര്‍ ഭീകരവാദികളാണെന്ന് ബെലാറസ് പരമോന്നത കോടതി കഴിഞ്ഞ മാസം വിധിച്ചിരുന്നു. ഇവരെ വിട്ടുതരണമെന്ന് പോളണ്ടിനോട് ബെലാറസ് ഔദ്യോഗികമായി ആവശ്യപ്പെടുകയും ചെയ്തു. പതിനഞ്ച് വര്‍ഷം തടവും വധശിക്ഷയുമടക്കം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രൊട്ടസെവിച്ചിനും സഹപ്രവര്‍ത്തകര്‍‌ക്കും മേല്‍ ചുമത്തിയിരിക്കുന്നത്.

TAGS :

Next Story