Quantcast

പ്രിയപ്പെട്ടവരെ കണ്ടെത്താനുള്ള അവസാന ശ്രമം; സെദ്‌നയ ജയിലിലെ ഭൂഗർഭ അറകൾ തേടി സിറിയക്കാർ

'മനുഷ്യരുടെ അറവുശാല' എന്ന പേരിൽ കുപ്രസിദ്ധി നേടിയ സെദ്‌നയ ജയിലിൽ നിന്ന് പതിറ്റാണ്ടുകളായി പുറത്തുവരുന്നത് പീഡനങ്ങളുടെ ഭീകരമായ കഥകളാണ്

MediaOne Logo

Web Desk

  • Updated:

    2024-12-15 11:30:05.0

Published:

15 Dec 2024 10:28 AM GMT

പ്രിയപ്പെട്ടവരെ കണ്ടെത്താനുള്ള അവസാന ശ്രമം; സെദ്‌നയ ജയിലിലെ ഭൂഗർഭ അറകൾ തേടി സിറിയക്കാർ
X

ദമസ്കസ്: സിറിയയിൽ രണ്ട് പതിറ്റാണ്ട് നീണ്ട ഏകാധിപത്യത്തിന് പ്രതിപക്ഷ സേന അന്ത്യം കുറിച്ച് ഒരാഴ്ച പിന്നിടുമ്പോഴും,അസദ് ഭരണകൂടം അന്യായമായി തടവിലാക്കിയ നിരവധിപേർ കാണാമറയത്ത്. സിറിയയിലെ കുപ്രസിദ്ധമായ സെദ്‌നയ ജയിലിൽ കഴിഞ്ഞിരുന്ന ആയിരകണക്കിന് തടവുകാരെയാണ് ഇനിയും കണ്ടെത്താൻ സാധിക്കാത്തത്. ക്രൂരതകൾക്ക് പേരുകേട്ട സെദ്‌നയ ജയിലിന് രഹസ്യ ഭൂഗർഭ അറകൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത് കണ്ടെത്താൻ ആകാത്തതാണ് തടവുകാരിലേക്ക് എത്തുന്നതിന് വെല്ലുവിളിയാകുന്നത്.

ദമസ്കസിന്റെ വടക്കുള്ള പർവതനിരകളിലാണ് സെദ്‌നയ ജയിൽ സ്ഥിതി ചെയ്യുന്നത്. 'മനുഷ്യരുടെ അറവുശാല' എന്ന പേരിൽ കുപ്രസിദ്ധി നേടിയ സെദ്‌നയ ജയിലിൽ നിന്ന് പതിറ്റാണ്ടുകളായി പുറത്തുവരുന്നത് പീഡനങ്ങളുടെ ഭീകരമായ കഥകളാണ്. അസദ് ഭരണകൂടത്തിന്റെ തകർച്ചക്ക് പിന്നാലെ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ ഭാഗമായാണ് പ്രതിപക്ഷ സേന ജയിൽ തുറന്ന് തടവുകാരെ മോചിപ്പിച്ചത്. നിരവധി പേരുടെ ബന്ധുക്കൾ ഉറ്റവരെയും തേടി ജയിലിൽ എത്തിയിരുന്നു. എന്നാൽ ആയിരകണക്കിന് തടവുകാരെ ഇനിയും ജയിലിൽ നിന്ന് കണ്ടെത്താനായിട്ടില്ല.

സെദ്‌നയ ജയിലിൽ രണ്ട് കെട്ടിടങ്ങളിലായി ഏകദേശം 20,000 തടവുകാർ ഉണ്ടായിരുന്നു എന്നാണ് ആംനസ്റ്റി ഇൻ്റർനാഷണലിൻ്റെ കണക്ക്. ഇതിൽ നിരവധി പേരെ ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി മോചിപ്പിച്ചിരുന്നു. എന്നാൽ മുഴുവൻ പേരെയും കണ്ടെത്താൻ സാധിക്കാത്തതിനാൽ ജയിലിൽ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.

ജയിലിൽ അധികമാർക്കും പ്രവേശിക്കാൻ സാധിക്കാത്ത ഭൂഗർഭ അറകൾ ഉണ്ടെന്ന് നേരത്തെ തന്നെ കിംവദന്തികൾ ഉണ്ട്. ജയിലിന് മൂന്ന് ഭൂഗർഭ നിലകളുണ്ടെന്ന് ഒരു സൈനിക ഉദ്യോഗസ്ഥൻ തന്നോട് പറഞ്ഞതായി ഒരു മുൻ തടവുകാരൻ അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറയോട് പറഞ്ഞിരുന്നു. ഈ ഭൂഗർഭ അറകളിൽ ബാക്കിയുള്ള തടവുകാർ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ.

സിറിയയുടെ സിവിൽ ഡിഫൻസ് ഫോഴ്‌സ് ആയ വൈറ്റ് ഹെൽമറ്റ്‌സ് തിരച്ചിലിന്റെ ഭാഗമായിരുന്നുവെങ്കിലും സൂചനകൾ ഒന്നും കണ്ടെത്താനാകാതെ വന്നതോടെ ഇക്കഴിഞ്ഞ ചൊവ്വാഴ്ച പ്രവർത്തനം നിർത്തിവെച്ചിരുന്നു. ജയിലിന്റെ ചുവരുകളിലോ നിലത്തോ വിടവ് കണ്ടെത്താമെന്നും അതുവഴി ഈ അറകളിലേക്കുള്ള വാതിൽ കണ്ടെത്താമെന്നുമുള്ള പ്രതീക്ഷയിൽ വാട്ടർ കണ്ടക്ടറുകൾ വരെ ഉപയോഗിച്ചുകൊണ്ടാണ് നിലവിലെ തിരച്ചിൽ. യാതൊരു സൂചനയും ലഭിക്കുന്നില്ലെങ്കിലും പ്രതീക്ഷ കൈവിടാതെ തിരച്ചിൽ തുടരുകയാണ് തടവുകാരുടെ ബന്ധുക്കൾ.

ആഭ്യന്തര യുദ്ധം ആരംഭിച്ച ആദ്യ വർഷങ്ങളിൽ തടവിലാക്കപ്പെട്ടവരാണ് ജയിലിൽ ഉണ്ടായിരുന്നവരിൽ അധികവും. ഭീകരവാദകുറ്റം ചുമത്തിയാണ് ആളുകളെ ഇവിടെ തടവിലാക്കിയിരുന്നത്. അസദ് ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തിയവരും തെരുവിലിറങ്ങി പ്രതിഷേധിച്ചവരുമാണ് മിക്കവരും. ജയിലിൽ തങ്ങൾ ക്രൂരമായ മാനസിക- ശാരീരിക പീഡനങ്ങൾക്കും ബലാത്സംഗത്തിനും ഇരയാക്കപ്പെട്ടിട്ടുണ്ടെന്ന് നിരവധി തടവുകാർ വെളിപ്പെടുത്തിയിട്ടുണ്ട്. നിരവധി പേർ മർദനങ്ങൾക്കും പീഡനങ്ങൾക്കും ഒടുവിൽ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്. സൈനിക ആശുപത്രി മോർച്ചറിയിൽ നിന്ന് കണ്ടെടുത്ത പ്രമുഖ ആക്ടിവിസ്റ്റ് മാസെൻ അൽ ഹമാദയുടെ മൃതദേഹത്തിൽ പീഡനത്തിന്റെ നിരവധി തെളിവുകൾ ഉണ്ടായിരുന്നു. എന്നാൽ മരണം സംബന്ധിച്ച വിവരങ്ങളൊന്നും അധികൃതർ കുടുംബങ്ങൾക്ക് കൈമാറാറില്ല. അതിനാൽ പ്രിയപ്പെട്ടവർ ജീവനോടെയുണ്ടോ എന്ന കാര്യത്തിൽ പലർക്കും ഉറപ്പില്ല.

രാജ്യത്തെ മറ്റ് പല ജയിലുകളിലും പ്രിയപെട്ടവരെ അന്വേഷിച്ച് കണ്ടെത്താനാകാതെയാണ് നിരവധി പേർ സെദ്‌നയ ജയിലിൽ എത്തിയിട്ടുള്ളത്. ഉറ്റവരെ കണ്ടെത്താനുള്ള പലരുടെയും അവസാന ശ്രമാണ് ഈ ഭൂഗർഭ അറകൾ.

TAGS :

Next Story