വിമാനം കടലിൽ വീണു; സാഹസികമായി രക്ഷപ്പെട്ട് പൈലറ്റും വളർത്തുനായയും
പൈലറ്റും വളർത്തുനായയും കരയിലേക്ക് നീന്തിയത് 200 മീറ്റർ
കാലിഫോർണിയ: എഞ്ചിൻ പരാജയപ്പെട്ട് കടലിൽ വീണ വിമാനത്തിൽ നിന്നും സാഹസികമായി നീന്തി കരയ്ക്ക് കയറി പൈലറ്റും വളർത്തുനായയും. അമേരിക്കയിലെ കാലിഫോർണിയയിലാണ് സംഭവം. വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായതോടെ കടലിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ ശ്രമിക്കുകയായിരുന്നു പൈലറ്റ് എന്നാണ് പ്രാഥമിക വിവരം.
വിമാനത്തിൽ മറ്റ് യാത്രക്കാരില്ലാതിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തമാണെന്ന് അധികൃതർ വ്യക്തമാക്കി. കടലിൽ നിന്ന് പൈലറ്റും നായയും 200 മീറ്ററോളമാണ് കരയിലേക്ക് നീന്തിയത്.
വിമാനം കടലിലേക്ക് വീഴുന്നത് കണ്ട ദൃക്‌സാക്ഷി ഉടനെ അടിയന്തര നമ്പറിലേക്ക് വിളിക്കുകയും കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററുമായി പ്രദേശത്തേക്ക് പറക്കുകയും ചെയ്തു. കോസ്റ്റ് ഗാർഡ് വിമാനം വീണ സ്ഥലത്തേക്ക് എത്തുമ്പോഴേക്കും പൈലറ്റും നായയും കരയിലെത്തിയിരുന്നു. വിമാനം പൂർണമായും കടലിൽ മുങ്ങിത്താണു. പൈലറ്റിനും നായയ്ക്കും ഒരു പരിക്കുകളുമില്ലെന്ന് അധികൃതർ വ്യക്തമാക്കി.
1981 മോഡൽ വിമാനമാണ് അപകടത്തിൽപെട്ടത്.
Adjust Story Font
16