Quantcast

'ചെടികൾ കരയും, സമീപത്തുള്ളവ കേൾക്കും'; പഠനവുമായി ഇസ്രായേൽ ശാസ്ത്രജ്ഞർ

ചെടികൾ പുറത്തുവിടുന്ന ശബ്ദം മനുഷ്യർക്ക് കേൾക്കാനാകുന്ന വിധത്തിലേക്ക് മാറ്റിയത് കേൾക്കാം

MediaOne Logo

Web Desk

  • Updated:

    2023-04-01 14:23:06.0

Published:

1 April 2023 2:16 PM GMT

ചെടികൾ കരയും, സമീപത്തുള്ളവ കേൾക്കും; പഠനവുമായി ഇസ്രായേൽ ശാസ്ത്രജ്ഞർ
X
ചെടികളെ കുറിച്ച് അത്ഭുകരമായ പഠനവുമായി ഇസ്രായേലി ശാസ്ത്രജ്ഞർ. സമ്മർദം അനുഭവിക്കുമ്പോൾ അവ കരയുമെന്നും ഈ ശബ്ദം സമീപത്തുള്ള പ്രാണികൾ, മൃഗങ്ങൾ, മറ്റ് സസ്യങ്ങൾ എന്നിവയ്ക്ക് പോലും തിരിച്ചറിയാനാകുമെന്നുമാണ് ടെൽ അവീവ് സർവകലാശാലയിലെ ഗവേഷകർ പറയുന്നത്. ഒരു മീറ്റർ ദൂരെവരെയെത്താവുന്ന ഈ ശബ്ദം മനുഷ്യരുടെ കാതുകൾക്ക് കേൾക്കാനാകില്ല. ആവൃത്തി കൂടുതലായതിനാലാണിത് കേൾക്കാനാകാത്തത്. ക്ലിക്ക് ചെയ്യുമ്പോഴുള്ളതിനോടും പോപ്‌കോൺ വെന്ത് പൊട്ടുന്നതിനോടും സാമ്യമുള്ള ശബ്ദമാണ് ചെടികൾ പുറത്തുവിടുന്നത്. സെൽ എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സൗണ്ട് പ്രൂഫ് ചെയ്ത അക്കോസ്റ്റിക് ചേമ്പറിലും സാധാരണ ഹരിതഗൃഹത്തിലും വെച്ച് ആരോഗ്യമുള്ളതും സമ്മർദ്ദമുള്ളതുമായ സസ്യങ്ങളുടെ ശബ്ദം മൈക്രോഫോണുകൾ ഉപയോഗിച്ച് റെക്കോർഡ് ചെയ്യുകയായിരുന്നു. തക്കാളി, പുകയില എന്നിവയുടെ വളർച്ചാ ഘട്ടം നിരീക്ഷിക്കുന്നതിനിടയിലാണ് അൾട്രാസോണിക് ശബ്ദം റെക്കോർഡ് ചെയ്തത്. ഇവയ്ക്ക് പുറമേ ഗോതമ്പ്, ചോളം, കള്ളിമുൾച്ചെടി തുടങ്ങിയവയുടെ ശബ്ദവും ശാസ്ത്രജ്ഞർ ശേഖരിച്ചിട്ടുണ്ട്.

ചെടികൾക്ക് വെള്ളമൊഴിക്കാതെയും തണ്ടുകൾ മുറിച്ചുമാറ്റിയും മറ്റു ചിലതിനെ സ്പർശിക്കാതെയും വെച്ചാണ് ശബ്ദ ശേഖരണം നടത്തിയത്. കൃത്യമായി ശബ്ദം പിടിച്ചെടുക്കാനാകുന്ന അക്വാസ്റ്റിക് ബോക്‌സിൽ വെച്ച് അൾട്രാസോണിക് മൈക്രോഫോണുകൾ ഉപയോഗിച്ചാണ് ശബ്ദം റെക്കോർഡ് ചെയ്തത്. 20-250 കിലോ ഹെർട്‌സ് ശബ്ദം വരെ റെക്കോർഡ് ചെയ്യാനാകുന്ന മൈക്രോഫോൺ ഉപയോഗിച്ചായിരുന്നു പഠനം. ചെടികൾ 40-80 വരെ കിലോ ഹെർട്‌സ് ശബ്ദം പുറപ്പെടുവിക്കുന്നുവെന്ന്‌ റെക്കോർഡിൽനിന്ന് വ്യക്തമായതെന്നാണ് ജോർജ്ജ് എസ് വൈസ് ഫാക്കൽറ്റി ഓഫ് ലൈഫ് സയൻസസിലെ സ്‌കൂൾ ഓഫ് പ്ലാന്റ് സയൻസസ് ആൻഡ് ഫുഡ് സെക്യൂരിറ്റിയിൽ നിന്നുള്ള പ്രൊഫ. ലിലാച്ച് ഹദാനി പറഞ്ഞത്. സമ്മർദ്ദമില്ലാത്ത സസ്യങ്ങൾ മണിക്കൂറിൽ ശരാശരി ഒന്നിൽ താഴെ ശബ്ദമാണ് പുറപ്പെടുവിച്ചതെന്നും എന്നാൽ നിർജ്ജലീകരണം വഴിയോ മുറിവേറ്റതോ ആയവ മണിക്കൂറിൽ ഡസൻ കണക്കിന് തവണ ശബ്ദമുണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

മനുഷ്യന് കേൾക്കാനാകുന്ന ഉയർന്ന ശബ്ദം 16 കിലോ ഹെർട്‌സ് മാത്രമായതിനാലാണ് ഈ ശബ്ദം ഉൾക്കൊള്ളാനാകാത്തത്. റെക്കോർഡ് ചെയ്ത ചെടികളുടെ ശബ്ദം നിർമിത ബുദ്ധി ഉപയോഗിച്ചും ഗവേഷകർ പഠിച്ചു. ചെടികൾ നേരിടുന്ന പ്രശ്‌നങ്ങൾ ഇതിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞെന്നാണ് അവർ പറയുന്നത്.

Plants cry when stressed: Israeli scientists

TAGS :

Next Story