Quantcast

'ജനനനിരക്ക് കുറയാൻ കാരണം സ്ത്രീകളുടെ മദ്യപാനം'; പോളിഷ് രാഷ്ട്രീയ നേതാവിന്റെ പ്രസ്താവന വിവാദത്തിൽ

കാസിൻസ്‌കിയുടെ പരാമർശം അങ്ങേയറ്റം പുരുഷാധിപത്യം നിറഞ്ഞതാണെന്ന് വിമര്‍ശനം

MediaOne Logo

Web Desk

  • Published:

    8 Nov 2022 4:21 AM GMT

ജനനനിരക്ക് കുറയാൻ കാരണം സ്ത്രീകളുടെ മദ്യപാനം; പോളിഷ് രാഷ്ട്രീയ നേതാവിന്റെ പ്രസ്താവന വിവാദത്തിൽ
X

പോളണ്ട്: യുവതികളുടെ അമിതമായ മദ്യപാനമാണ് യൂറോപ്യൻ യൂണിയൻ രാജ്യത്ത് ജനനനിരക്ക് കുറയുന്നതിന് കാരണമെന്ന് ഭരണകക്ഷി നേതാവ് ജറോസ്ലാവ് കാസിൻസ്‌കി. നേതാവിന്റെ പ്രസ്താവനക്കെതിരെ വൻ ജനരോഷമാണ് പോളണ്ടിൽ ഉയരുന്നത്.

പ്രതിപക്ഷ രാഷ്ട്രീയക്കാരും വനിതാ സെലിബ്രിറ്റികളടക്കമുള്ളവർ ജറോസ്ലാവ് കാസിൻസ്‌കിയുടെ പരാമർശം അങ്ങേയറ്റം പുരുഷാധിപത്യം നിറഞ്ഞതാണെന്ന് ആരോപിച്ചു. കഴിഞ്ഞദിവസമാണ് 73-കാരനായ കാസിൻസ്‌കിയുടെ വിവാദ പ്രസ്താവന പുറത്ത് വന്നത്.

''25 വയസ്സ് വരെ യുവതികൾ അവരുടെ പ്രായത്തിലുള്ള പുരുഷന്മാരെപ്പോലെ മദ്യപിക്കുന്ന സാഹചര്യമുണ്ടായാൽ കുട്ടികളുണ്ടാകില്ലെന്നായിരുന്നു കാസിൻസ്‌കി ശനിയാഴ്ച പറഞ്ഞത്. ഇതിന് പുറമെ പുരുഷന്മാർക്ക് സ്ഥിരം മദ്യപാനിയാകാൻ ശരാശരി 20 വർഷത്തേക്ക് അമിതമായി മദ്യപിക്കണമെന്നും സ്ത്രീകൾക്ക് വെറും രണ്ട് വർഷം മാത്രം മതിയെന്നുമായിരുന്നു കാസിൻസ്‌കിയുടെ മറ്റൊരു നിരീക്ഷണം. താൻ വെറുതെ പറയുകയല്ലെന്നും ഒരു ഡോക്ടറുടെ അനുഭവത്തെ അടിസ്ഥാനമാക്കിയാണ് തന്റെ വാദമെന്ന് കാസിൻസ്‌കി അവകാശപ്പെട്ടതായി 'ഗാർഡിയൻ ' റിപ്പോർട്ട് ചെയ്തു.

അതേസമയം, ചെറുപ്പത്തിൽ തന്നെ സ്ത്രീകൾക്ക് കുട്ടികളുണ്ടാകുന്നതിന് താൻ അനുകൂലമല്ലെന്ന് കാസിൻസ്‌കി കൂട്ടിച്ചേർത്തു. ഒരു സ്ത്രീ അമ്മയാകണമെങ്കിൽ പക്വത ഉണ്ടാകണം എന്നാണ് ഇതിന്റെ കാരണമായി പറയുന്നത്. ഇടതുപക്ഷ നേതാവായ ജോവാന സ്ച്യൂറിംഗ്-വീൽഗസ് ഈ അഭിപ്രായങ്ങളെ 'ചവറ്' എന്നാണ് വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ പ്രസ്താവനകൾ ചിരിക്കാനും ട്രോളുകളുണ്ടാക്കാനും കഴിയുന്നതാണ് എന്നറിയാം. പക്ഷേ ഇത് ഗൗരവമേറിയതും ദാരുണവുമായ കാര്യമാണെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

TAGS :

Next Story