'അവരുടെ ആത്മാഭിമാനത്തെ ബാധിക്കും'; ട്രംപിന്റെ നാടുകടത്തൽ നയത്തിനെതിരെ ഫ്രാൻസിസ് മാർപാപ്പ
നിയമവിരുദ്ധതയുടെ പേരിൽ ആളുകളെ നിർബന്ധിച്ച് നാടുകടത്തുന്നത് അവരുടെ ആത്മാഭിമാനത്തെ ബാധിക്കുമെന്നും ഇത് മോശമായി അവസാനിക്കുമെന്നും ഫ്രാൻസിസ് മാർപാപ്പ

റോം: അനധികൃത കുടിയേറ്റക്കാരെ യുഎസ് കൂട്ടത്തോടെ നാടുകടത്തുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ഫ്രാൻസിസ് മാർപാപ്പ.
നിയമവിരുദ്ധതയുടെ പേരിൽ ആളുകളെ നിർബന്ധിച്ച് നാടുകടത്തുന്നത് അവരുടെ ആത്മാഭിമാനത്തെ ബാധിക്കുമെന്നും ഇത് മോശമായി അവസാനിക്കുമെന്നും മുന്നറിയിപ്പ് നൽകി. യുഎസിലെ ബിഷപ്പുമാർക്ക് അയച്ച കത്തിലാണ് മാര്‍പാപ്പയുടെ വിമർശനം.
കൊടും പട്ടിണിയും അരക്ഷിതാവസ്ഥയും ചൂഷണവും പ്രകൃതി ദുരന്തവും കാരണം രക്ഷതേടി വന്നവരെ നാടുകടത്തുന്നത് അന്തസ്സിന് മുറിവേൽപിക്കും. അവരെ ദുർബലരും പ്രതിരോധിക്കാൻ കഴിയാത്തവരുമായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
കുടിയേറ്റക്കാരെ സംരക്ഷിക്കുന്നതിന് മുൻഗണന നൽകണമെന്ന് എക്കാലത്തും വാദിക്കുന്നയാളാണ് ലാറ്റിൻ അമേരിക്കയിൽനിന്നുള്ള ആദ്യ മാർപാപ്പയായ ഫ്രാൻസിസ്. പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി ട്രംപ് വന്നപ്പോൾ തന്നെ അദ്ദേഹത്തിന്‍റെ കുടിയേറ്റ വിരുദ്ധ നിലപാടുകളെ ഫ്രാൻസിസ് മാർപാപ്പ വിമർശിച്ചിരുന്നു.
അതേസമയംഇതുവരെ 8,000ത്തിലധികം ആളുകളെ അറസ്റ്റ് ചെയ്തതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചിലരെ നാടുകടത്തി, മറ്റുള്ളവരെ ഫെഡറൽ ജയിലുകളിലും മറ്റുള്ളവരെ ക്യൂബയിലെ ഗ്വാണ്ടനാമോ ബേ നേവൽ ബേസിലാണ് പാർപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Adjust Story Font
16