Quantcast

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ മസ്ജിദ് സന്ദർശിച്ച് ഫ്രാൻസിസ് മാർപാപ്പ; മതസൗഹാർദത്തിന്റെ സംഗമവേദിയായി മസ്ജിദ് ഇസ്തിഖ്‌ലാൽ

തൊട്ടടുത്തുള്ള കത്തോലിക്കാ പള്ളിയുമായി മസ്ജിദിനെ ബന്ധിപ്പിക്കുന്ന തുരങ്കപാതയായ 'ടണൽ ഓഫ് ഫ്രണ്ട്ഷിപ്പി'ലൂടെയായിരുന്നു മാര്‍പാപ്പയും ഇമാമും വേദിയിലെത്തിയത്

MediaOne Logo

Web Desk

  • Updated:

    2024-09-05 17:33:01.0

Published:

5 Sep 2024 5:15 PM GMT

Pope Francis and Imam of Southeast Asias largest mosque, Istiqlal Masjid at interfaith conference at Jakarta, Pope Francis Indonesia visit, Malayalam world news
X

ജക്കാർത്ത: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ മുസ്‌ലിം പള്ളി സന്ദർശിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലെ പ്രസിദ്ധമായ ഇസ്തിഖ്‌ലാൽ മസ്ജിദിലാണ് പോപ്പ് നേരിട്ടെത്തി വിവിധ മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. ഇവിടെ നടന്ന മതാന്തര സൗഹാർദ സമ്മേളനത്തിൽ പങ്കെടുത്താണ് അദ്ദേഹം മടങ്ങിയത്.

12 ദിവസം നീണ്ടുനിൽക്കുന്ന ഏഷ്യാ, പസഫിക് പര്യടനത്തിന്റെ ഭാഗമായായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ ഇന്തോനേഷ്യൻ സന്ദർശനം. ഇസ്തിഖ്‌ലാൽ പള്ളിയിൽ നടന്ന ഇന്റർഫെയ്ത്ത് സമ്മേളനത്തിന്റെ വേദിയിലേക്ക് ഗ്രാൻഡ് ഇമാം നാസറുദ്ദീൻ ഉമർ കത്തോലിക്കസഭയുടെ പരമാധ്യക്ഷനെ സ്വീകരിച്ചാനയിച്ചു. ഇമാമിനെ നേരിൽകണ്ടതോടെ കൈയിൽ ചുംബിച്ച് അഭിവാദ്യം ചെയ്തു മാർപാപ്പ. മാർപാപ്പയെ ആലിംഗനം ചെയ്തും നെറ്റിയിൽ മുത്തം നൽകിയും ഇമാം നാസറുദ്ദീൻ തിരിച്ചും സ്‌നേഹാദരം പ്രകടിപ്പിച്ചു.


തൊട്ടടുത്തുള്ള കത്തോലിക്കാ പള്ളിയുമായി മസ്ജിദിനെ ബന്ധിപ്പിക്കുന്ന തുരങ്കപാതയായ 'ടണൽ ഓഫ് ഫ്രണ്ട്ഷിപ്പി'ലൂടെയായിരുന്നു ഇരുവരും വേദിയിലെത്തിയത്. ഇസ്‌ലാം, ക്രിസ്ത്യൻ, ബുദ്ധ, ഹിന്ദു, കൺഫ്യൂഷൻ ഉൾപ്പെടെ ഇന്തോനേഷ്യയിലെ അംഗീകൃത മതവിഭാഗങ്ങളിൽനിന്നുള്ള നേതാക്കൾ അവിടെ മാർപാപ്പയെ കാണാനും കേൾക്കാനും എത്തിയിരുന്നു. സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും പ്രാധാന്യം ഊന്നിയുള്ള ഇമാമിന്റെ സ്വാഗതപ്രസംഗമായിരുന്നു ആദ്യം.


ഇതിനുശേഷമാണ് പോപ്പ് സംസാരം ആരംഭിച്ചത്. വ്യത്യസ്ത മതവിഭാഗങ്ങളിൽപെട്ട നമ്മളാണ് ജനങ്ങളെ അവരുടെ ജീവിതത്തിന്റെ തുരങ്കങ്ങളിൽ മുന്നോട്ടുനടക്കാൻ സഹായിക്കേണ്ടതെന്ന് പള്ളിക്കും ചർച്ചിനും ഇടയിലുള്ള തുരങ്കപാതയെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. അവർക്ക് വെളിച്ചത്തിലേക്കു പാത തുറന്നുകൊടുക്കണം. യുദ്ധങ്ങൾ ന്യായീകരിക്കാൻ വേണ്ടി മതങ്ങളെ ദുരുപയോഗം ചെയ്യാറുണ്ട്. ഓരോ മനുഷ്യജീവന്റെയും ആത്മാഭിമാനം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്. ഒരുപാട് വെല്ലുവിളികൾ നിറഞ്ഞ കാലത്ത് സാഹോദര്യം കൊണ്ടാണു നമ്മൾ പ്രതികരിക്കേണ്ടതെന്നും മാർപാപ്പ ഉണർത്തി. നാനാത്വത്തിൽ ഏകത്വമെന്ന ഇന്തോനേഷ്യയുടെ സന്ദേശം എന്നും ഉയർത്തിപ്പിടിക്കാനാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.


ഇന്റർഫെയ്ത്ത് സമ്മേളനത്തിന്റെ പ്രമേയപ്രഖ്യാപനമായി 'ജോയിന്റ് ഡിക്ലറേഷൻ ഓഫ് ഇസ്തിഖ്‌ലാൽ 2024'ൽ ഇമാമിനൊപ്പം ഒപ്പുവച്ചാണ് മാർപാപ്പ മടങ്ങിയത്. കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെ ഉൾപ്പെടെയുള്ള അതിക്രമങ്ങൾക്കുള്ള ന്യായമായി മതത്തെ ദുരുപയോഗം ചെയ്യുന്നത് ആശങ്കാജനകമാണെന്ന് സംയുക്ത പ്രഖ്യാപനത്തിൽ പറഞ്ഞു. തദ്ദേശീയവും പ്രാദേശികവും അന്താരാഷ്ട്രീയവുമായ സംഘർഷങ്ങൾക്കുള്ള ഫലപ്രദമായ പരിഹാര മാർഗമായി മതാന്തര സംവാദങ്ങളെ അംഗീകരിക്കണം. മനുഷ്യകുലത്തിന്റെ സമാധാനപരമായ ജീവിതത്തിനു വിഘ്‌നം നിൽക്കുന്ന പാരിസ്ഥിതികമായ പ്രതിസന്ധികൾക്കു പരിഹാരം കാണാനുള്ള കൂട്ടായ യത്‌നങ്ങളുണ്ടാകണമെന്നും പ്രഖ്യാപനത്തിൽ ആഹ്വാനമുണ്ടായി.


ജക്കാർത്തയിൽ തന്നെ ഒരു ലക്ഷത്തോളം പേർ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിലും മാർപാപ്പ പങ്കെടുത്തു. ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിദോദോയുമായി കൂടിക്കാഴ്ച നടത്തി. നാളെ പാപ്പുവ ന്യൂ ഗിനിയയിലേക്കു തിരിക്കും. സിംഗപ്പൂരിലും ഈസ്റ്റ് തിമോറിലും സന്ദർശനം നടത്തിയ ശേഷമായിരിക്കും അദ്ദേഹം വത്തിക്കാനിലേക്കു മടങ്ങുക.

Summary: Pope Francis and Imam of Southeast Asia's largest mosque, Istiqlal Masjid at interfaith conference at Jakarta

TAGS :

Next Story