Quantcast

മാർപാപ്പയുടെ നില അതീവ ഗുരുതരം; ശ്വാസതടസവും ഛർദിയും മൂർഛിച്ചു

ഛർദിയെ തുടർന്നുള്ള ശ്വാസതടസമാണ് മാർപാപ്പയുടെ ആരോഗ്യനില വീണ്ടും മോശമാകാൻ ഇടയാക്കിയത്.

MediaOne Logo

Web Desk

  • Published:

    1 March 2025 2:06 AM

മാർപാപ്പയുടെ നില അതീവ ഗുരുതരം; ശ്വാസതടസവും ഛർദിയും മൂർഛിച്ചു
X

വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില വീണ്ടും അതീവ ഗുരുതരാവസ്ഥയിൽ.

അദ്ദേഹത്തിന് നിലവിൽ കൃത്രിമ ശ്വാസം നൽകുകയാണെന്ന് വത്തിക്കാൻ അറിയിച്ചിട്ടുണ്ട്. ഛർദിയെ തുടർന്നുള്ള ശ്വാസതടസമാണ് മാർപാപ്പയുടെ ആരോഗ്യനില വീണ്ടും മോശമാകാൻ ഇടയാക്കിയത്. ഫെബ്രുവരി 14നാണ് ശ്വാസതടസത്തെത്തുടർന്ന് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അപകടനില തരണം ചെയ്തിട്ടില്ലെങ്കിലും ഫ്രാൻസിസ് മാർപാപ്പ സാവധാനം ആരോഗ്യം വീണ്ടെടുക്കുന്നു എന്ന വാർത്തകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നത്. ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായിരുന്നു.

കിടക്കയിൽ നിന്ന് എഴുന്നേറ്റ് ചാരുകസേരയിൽ ഇരുന്ന് തെറാപ്പികൾക്ക് വിധേയമാകുന്നതായി വത്തിക്കാൻ അറിയിച്ചിരുന്നു. രാത്രി നന്നായി ഉറങ്ങിയെന്നും അദ്ദേഹം രാവിലെ പ്രഭാത ഭക്ഷണം കഴിച്ചുവെന്നും വത്തിക്കാന്റെ അറിയിപ്പിലുണ്ടായിരുന്നു. ഇതിന്റെ ആശ്വാസത്തിലായിരുന്നു വിശ്വാസികൾ.

ജമേലി ആശുപത്രിയുടെ പത്താം നിലയിലെ പ്രത്യേക മുറിയിലാണ് പോപ്പ് ചികിത്സയിൽ കഴിയുന്നത്. പ്രത്യേക മെഡിക്കൽ ടീമിൻ്റെ സഹായത്തോടെയാണ് മുഴുവൻ സമയവും ചികിത്സയും പരിചരണവും മാർപാപ്പയ്ക്ക് നൽകുന്നത്. 2013ൽ മാർപാപ്പയായതിനുശേഷം ഫ്രാൻസിസ് പാപ്പയുടെ നാലാമത്തെയും ഏറ്റവും ദൈർഘ്യമേറിയതുമായ ആശുപത്രി വാസമാണിത്.

TAGS :

Next Story