Quantcast

'വിലക്കയറ്റം നിയന്ത്രിച്ചില്ലെങ്കിൽ ശ്രീലങ്കയിൽ കണ്ട ജനകീയ പ്രക്ഷോഭം മറ്റു രാജ്യങ്ങളിലും ആവർത്തിക്കും'- മുന്നറിയിപ്പുമായി ഐ.എം.എഫ്

വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന സമൂഹത്തിലെ അതിദരിദ്രർക്ക് പ്രഥമ പരിഗണന നൽകണമെന്ന് ഐ.എം.എഫ് മേധാവി ക്രിസ്റ്റലീന ജോർജീവ

MediaOne Logo

Web Desk

  • Updated:

    2022-05-23 16:13:59.0

Published:

23 May 2022 4:11 PM GMT

വിലക്കയറ്റം നിയന്ത്രിച്ചില്ലെങ്കിൽ ശ്രീലങ്കയിൽ കണ്ട ജനകീയ പ്രക്ഷോഭം മറ്റു രാജ്യങ്ങളിലും ആവർത്തിക്കും- മുന്നറിയിപ്പുമായി ഐ.എം.എഫ്
X

ലണ്ടൻ: ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധിക്കു പിന്നാലെയുണ്ടായ ജനകീയ പ്രക്ഷോഭം മറ്റു രാജ്യങ്ങളിലും സംഭവിക്കാൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര നാണ്യനിധി(ഐ.എം.എഫ്). ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിലയിൽ ഇളവ് നൽകിയില്ലെങ്കിൽ ഇത്തരത്തിലുള്ള ജനകീയരോഷം മറ്റു രാജ്യങ്ങളിലേക്കും പടരുമെന്നാണ് ഐ.എം.എഫ് മേധാവി ക്രിസ്റ്റലീന ജോർജീവയുടെ മുന്നറിയിപ്പ്.

ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് ക്രിസ്റ്റലീനയുടെ വിലയിരുത്തൽ. ''സമൂഹത്തിലെ പരമദരിദ്രർക്കായി ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനങ്ങളുടെയും വില കുറയ്ക്കാൻ സർക്കാരുകൾ തയാറാകണം. ജനങ്ങളുടെ കൃത്യമായ പിന്തുണയില്ലെങ്കിൽ ശ്രീലങ്കയിൽ കണ്ട പ്രക്ഷോഭങ്ങൾ മറ്റു രാജ്യങ്ങളിലും ആവർത്തിക്കാം.''- അഭിമുഖത്തിൽ അവർ അഭിപ്രായപ്പെട്ടു.

കോവിഡിന് മുൻപ് സമാനമായ രീതിയിലുള്ള ജനരോഷം ഫ്രാൻസ് മുതൽ ചിലി അടക്കമുള്ള രാജ്യങ്ങളിൽ തലപൊക്കിത്തുടങ്ങിയിരുന്നുവെന്നും ക്രിസ്റ്റലീന ചൂണ്ടിക്കാട്ടി. ''ജനങ്ങൾക്കിടയിൽ വളർന്നുകൊണ്ടിരിക്കുന്ന അസമത്വബോധവും ജനവിരുദ്ധമായ തീരുമാനങ്ങളുമാണ് അത്തരം പ്രതിഷേധങ്ങൾക്കിടയാക്കിയത്. 2019ൽനിന്ന് എന്തെങ്കിലും പാഠങ്ങൾ പഠിക്കാനുണ്ടെങ്കിൽ നയനിലപാടുകൾ കൈക്കൊള്ളുമ്പോൾ കൂടുതൽ വിനയം പുലർത്തണമെന്നതാണ്. ഇതോടൊപ്പം പലതരത്തിൽ ജനങ്ങളുമായി ഇടപെട്ടുകൊണ്ടിരിക്കുകയും വേണം. കാരണം, ഓരോ നയവും ബാധിക്കുന്നത് ജനങ്ങളെയാണ്. അത് എഴുതിവച്ച പേപ്പറുകളെയല്ല''- ഐ.എം.എഫ് മേധാവി സൂചിപ്പിച്ചു.

രണ്ടു മുൻഗണനകളാണ് പരിഗണനയിലെടുക്കേണ്ടത്. ഒന്ന് പരമദരിദ്രരായ മനുഷ്യരാണ്. ഭക്ഷ്യ, ഇന്ധന വിലക്കയറ്റത്തിൽ പൊറുതിമുട്ടുകയാണ് അവർ. മറ്റൊന്ന് യുക്രൈൻ യുദ്ധത്തിൽ ഏറ്റവും നാശനഷ്ടം സംഭവിച്ച വാണിജ്യ സ്ഥാപനങ്ങളുടെ കാര്യമാണ്. അവയെ പിന്തുണയ്ക്കണമെന്നും ക്രിസ്റ്റലീന ജോർജീവ കൂട്ടിച്ചേർത്തു.

Summary: "Governments need to subsidize the cost of food and energy, otherwise the protests seen in Sri Lanka could be repeated in other countries." warns International Monetary Fund (IMF) head Kristalina Georgieva

TAGS :

Next Story