Quantcast

'ഭൂമിയിലേക്ക് തിരിച്ചെത്തിക്കുമെന്ന് പറഞ്ഞു തിരിച്ചെത്തിച്ചു'; നാസക്കും സ്പേസ് എക്സിനും നന്ദി പറഞ്ഞ് വൈറ്റ് ഹൗസ്

ജനുവരിയിൽ, പ്രസിഡന്‍റ് ട്രംപ് ഇലോൺ മസ്കിനോട് ബഹിരാകാശയാത്രികരുടെ തിരിച്ചുവരവ് വേഗത്തിലാക്കാൻ ആവശ്യപ്പെട്ടിരുന്നു

MediaOne Logo

Web Desk

  • Updated:

    19 March 2025 2:59 AM

Published:

19 March 2025 2:39 AM

Butch Wilmore, Russia’s Alexander Gorbunov,
X

വാഷിംഗ്ടൺ: അങ്ങനെ ഒന്‍പത് മാസത്തെ കാത്തിരിപ്പിന് ശേഷം ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ മടങ്ങിയെത്തിയിരിക്കുകയാണ്. 17 മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ ബുധനാഴ്ച പുലർച്ചെ 3.25ന് ഫ്‌ളോറിഡ തീരത്തോട് ചേർന്ന് അറ്റ്‌ലാന്‍റിക് സമുദ്രത്തിലാണ് സംഘം സഞ്ചരിച്ച സ്‌പേസ് എക്‌സിന്‍റെ ഡ്രാഗൺ ക്രൂ9 പേടകം ഇറങ്ങിയത്.

ബഹിരാകാശ നിലയത്തിൽ ഒമ്പത് മാസമായി കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരെ തിരിച്ചുകൊണ്ടുവരുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. ആ വാഗ്ദാനം ഇപ്പോൾ നിറവേറ്റിയതായി സുനിതയെയും ബുച്ചിനെയും സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിയതിന് ശേഷം വൈറ്റ് ഹൗസ് പ്രസ്താവനയിൽ അറിയിച്ചു. "വാഗ്ദാനം ചെയ്തതുപോലെ വാഗ്ദാനം പാലിച്ചു. ഒമ്പത് മാസമായി ബഹിരാകാശത്ത് കുടുങ്ങിയ ബഹിരാകാശയാത്രികരെ രക്ഷിക്കുമെന്ന് പ്രസിഡന്‍റ് ട്രംപ് പ്രതിജ്ഞയെടുത്തിരുന്നു. ഇന്ന് അവർ സുരക്ഷിതമായി അമേരിക്കൻ ഉൾക്കടലിൽ ലാൻഡ് ചെയ്തു," വൈറ്റ് ഹൗസ് ട്വീറ്റ് ചെയ്തു. സ്പേസ് എക്സ് സിഇഒ ഇലോൺ മസ്കിനും കമ്പനിക്കും നാസയ്ക്കും നന്ദി പറയുകയും ചെയ്തു.

മുന്‍ ജോ ബൈഡൻ ഭരണകൂടത്തിന്‍റെ കഴിവില്ലായ്മ കൊണ്ടാണ് ബഹിരാകാശ യാത്രികര്‍ കുടുങ്ങിപ്പോയതെന്നും അവരെ തിരികെയെത്തിക്കാന്‍ സാധിക്കാതിരുന്നതെന്നും ട്രംപ് ആരോപിച്ചിരുന്നു. ജനുവരിയിൽ, പ്രസിഡന്‍റ് ട്രംപ് ഇലോൺ മസ്കിനോട് ബഹിരാകാശയാത്രികരുടെ തിരിച്ചുവരവ് വേഗത്തിലാക്കാൻ ആവശ്യപ്പെട്ടിരുന്നു. സ്പ്ലാഷ്ഡൗണിന്‍റെ ഒരു വീഡിയോ പങ്കിട്ടുകൊണ്ട്, മസ്ക് സ്പേസ് എക്സ് ടീമിനെയും നാസയെയും അഭിനന്ദിക്കുകയും "ഈ ദൗത്യത്തിന് മുൻഗണന നൽകിയതിന്" ട്രംപിന് നന്ദി പറയുകയും ചെയ്തു. "ഈ അന്താരാഷ്ട്ര സംഘവും ഞങ്ങളുടെ സംഘവും ട്രംപ് ഭരണകൂടത്തിന്‍റെ വെല്ലുവിളി ഏറ്റെടുത്തു. ഞങ്ങളുടെ സംഘത്തെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള പുതുക്കിയതും ഏറെക്കുറെ സവിശേഷവുമായ ഒരു ദൗത്യ പദ്ധതിയാണിത്''.നാസ ആക്ടിംഗ് അഡ്മിനിസ്ട്രേറ്റർ ജാനറ്റ് പെട്രോ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

ബുച്ച് വിൽമോറിനെ കൂടാതെ നാസയുടെ നിക് ഹേഗും റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിന്റെ അലക്‌സാണ്ടർ ഗോർബുനോവും സുനിതക്കൊപ്പം ഡ്രാഗൺ പേടകത്തിൽ സഹയാത്രികരായിരുന്നു. എട്ട് ദിവസത്തെ പരീക്ഷണയാത്രക്ക് പുറപ്പെട്ട് ഒമ്പത് മാസത്തോളം (286 ദിവസം) അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയേണ്ടിവന്നു സുനിത വില്യംസിനും ബുച്ച് വിൽമോറിനും. ഇതോടൊപ്പം ഏറ്റവും കൂടുതൽ സമയം സ്‌പേസ് വാക് നടത്തിയെന്ന നേട്ടവും സുനിതയും വിൽമോറും സ്വന്തമാക്കി.

TAGS :

Next Story