Quantcast

കുതിച്ചുയര്‍ന്ന് ഇന്ധനവില; ബംഗ്ലാദേശില്‍ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവില്‍

ഇന്ധനവിലയില്‍ 52 ശതമാനം വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്

MediaOne Logo

Web Desk

  • Updated:

    2022-09-01 07:44:59.0

Published:

9 Aug 2022 2:59 AM GMT

കുതിച്ചുയര്‍ന്ന് ഇന്ധനവില; ബംഗ്ലാദേശില്‍ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവില്‍
X

ധാക്ക: ഇന്ധനവില കുത്തനെ വര്‍ധിച്ചതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ പ്രതിഷേധം. പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. ഇന്ധനവിലയില്‍ 52 ശതമാനം വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. 'എക്കാലത്തെയും ഉയര്‍ന്ന വര്‍ധനവ്' എന്നാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും വര്‍ധനയെ ബംഗ്ലാദേശ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.

ദ്വീപ് രാജ്യമായ ശ്രീലങ്ക കഴിഞ്ഞാൽ ഇന്ത്യയുടെ മറ്റൊരു അയൽരാജ്യമാണ് ബംഗ്ലാദേശ്. വെള്ളിയാഴ്ച രാത്രിയാണ് ഷെയ്ഖ് ഹസീന സര്‍ക്കാര്‍ ഇന്ധന വില വര്‍ധിപ്പിച്ചത്. ഡീസലിന് ലിറ്ററിന് 34 ടക്കയും (ഏകദേശം 29 രൂപ) പെട്രോളിന് 44 ടക്കയുമാണ് (ഏകദേശം 37 രൂപ) വര്‍ധിപ്പിച്ചത്. അപ്രതീക്ഷിതമായ വിലവർധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രോഷാകുലരായ പ്രകടനക്കാർ ബംഗ്ലാദേശിലുടനീളം പെട്രോള്‍ പമ്പുകള്‍ വളഞ്ഞു. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന ഇന്ധനവിലയാണ് ഈ 51.7 ശതമാനം വർധനയെന്ന് നിരവധി ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.



പെട്ടെന്നുള്ള വില വര്‍ധനവിനെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകള്‍ പെട്രോള്‍ പമ്പുകള്‍ക്കു മുന്നില്‍ രാത്രി വൈകിയും ക്യൂ നില്‍ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തിരക്ക് സംഘര്‍ഷത്തിനും ഇടയാക്കി. സർക്കാർ തീരുമാനത്തിനെതിരെ നിരവധി പ്രതിഷേധ മാർച്ചുകൾ നടന്നു. തലസ്ഥാനമായ ധാക്കയിലെ നാഷണൽ മ്യൂസിയത്തിന് മുന്നിൽ വിദ്യാർഥി യൂണിയനുകളും പ്രതിഷേധം നടത്തിയിരുന്നു. "ജീവിതച്ചെലവുകളുടെ വർധനവ് മൂലം സാധാരണക്കാര്‍ വലഞ്ഞുകൊണ്ടിരിക്കുകയാണ്. സർക്കാർ പൊതുമുതൽ കൊള്ളയടിക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ജനങ്ങളെ ഈ ദുരിതത്തിലേക്ക് നയിച്ചു," പ്രതിഷേധക്കാരിൽ ഒരാൾ പറഞ്ഞതായി ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു.



ഇന്ധന വില വര്‍ധനയെ തുടര്‍ന്ന് രാജ്യതലസ്ഥാനമായ ധാക്കയിലെ നിരവധി ബസുകള്‍ ഞായറാഴ്ച യാത്രക്കാരില്‍ നിന്ന് അമിത നിരക്ക് ഈടാക്കാക്കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ശരിയായ ചെലവ് വിശകലനം ചെയ്തതിന് ശേഷം പുതിയ ബസ് നിരക്ക് നിശ്ചയിക്കണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആഗോള വിപണി സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്ധന വില വർധന അനിവാര്യമാണെന്ന് ബംഗ്ലാദേശ് ഊർജ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. "പുതിയ വില എല്ലാവർക്കും താങ്ങാനാവുന്നതല്ല. പക്ഷേ ഞങ്ങൾക്ക് മറ്റ് മാർഗമില്ല. ജനങ്ങൾ ക്ഷമയോടെ കാത്തിരിക്കണം," വൈദ്യുതി മന്ത്രി നസ്‌റുൽ ഹമീദ് ശനിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആഗോള വിപണിയിൽ വില കുറഞ്ഞാൽ വിലയിൽ മാറ്റം വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബംഗ്ലാദേശിന്‍റെ പണപ്പെരുപ്പ നിരക്ക് തുടർച്ചയായ ഒമ്പത് മാസമായി 6 ശതമാനത്തിന് മുകളിലാണ്, ജൂലൈയിലെ വാർഷിക പണപ്പെരുപ്പം 7.48 ശതമാനത്തിലെത്തി. ദരിദ്രരും ഇടത്തരം വരുമാനക്കാരുമായ കുടുംബങ്ങൾ അവരുടെ ദൈനംദിന ചെലവുകൾ നിറവേറ്റാൻ ബുദ്ധിമുട്ടുകയാണ്.

TAGS :

Next Story