Quantcast

വടക്കൻ മേഖലയിൽ എത്തിയത് 1,600 റോക്കറ്റുകൾ; വൻ നാശനഷ്ടങ്ങൾ-കണക്കുകൾ പുറത്തുവിട്ട് ഇസ്രായേൽ

ഇപ്പോൾ പുറത്തുവിട്ടതിലും പതിന്മടങ്ങായിരിക്കും യഥാർഥ കണക്കുകളെന്നാണ് പ്രതിരോധ മന്ത്രാലയത്തിലെ റിഹാബിലിറ്റേഷൻ വിഭാഗം മേധാവി ബ്രിഗേഡിയർ ജനറൽ ഡേവിഡ് സൂയിസ സൂചിപ്പിക്കുന്നത്

MediaOne Logo

Web Desk

  • Published:

    11 Oct 2024 5:09 PM GMT

Report details heavy damage from over 1,600 rockets from Lebanon and Gaza to northern Israel, Israel Hezbollah war, Gaza, Hamas, Israel attack on Gaza
X

തെൽ അവീവ്: വടക്കൻ ഇസ്രായേലിൽ വ്യോമാക്രമണങ്ങളിലെ നാശനഷ്ടങ്ങൾ പുറത്തുവിട്ട് ഇസ്രായേൽ. ഒക്ടോബർ ഏഴ് ആക്രമണത്തിനുശേഷം ആരംഭിച്ച ഗസ്സ-ലബനാൻ ആക്രമണത്തിനിടെയുണ്ടായ തിരിച്ചടിയുടെ വിശദമായ വിവരമാണ് പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള നോർത്തേൺ ഹൊറിസോൺ ഡയരക്ടറേറ്റ് പ്രസിദ്ധീകരിച്ചത്. 1,645 റോക്കറ്റുകളാണ് ഇക്കാലയളവിൽ മേഖലയിലെത്തിയതെന്നാണു സ്ഥിരീകരണം. പൊതുസ്ഥാപനങ്ങൾ, കെട്ടിടങ്ങൾ, വീടുകൾ, ബിസിനസ് സ്ഥാപനങ്ങൾ, കൃഷി എന്നിവയെയെല്ലാം ആക്രമണം ബാധിച്ചതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നതായി ഇസ്രായേൽ മാധ്യമമായ 'വൈ നെറ്റ് ന്യൂസ്' റിപ്പോർട്ട് ചെയ്തു.

വടക്കൻ ഇസ്രായേലിലെ സുരക്ഷാ മേൽനോട്ടം വഹിക്കാനായി രൂപീകരിച്ച പ്രതിരോധ വകുപ്പാണ് നോർത്തേൺ ഹൊറിസോൺ ഡയരക്ടറേറ്റ്. ലബനാൻ അതിർത്തിയോട് ചേർന്നുള്ള 124 പട്ടണങ്ങളുടെയും പ്രാദേശിക കൗൺസിലുകളുടെയും സുരക്ഷാ ചുമതലയാണ് ഡയരക്ടറേറ്റ് പ്രധാനമായും കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് ഹിസ്ബുല്ല-ഹമാസ് ആക്രമണത്തിന്റെ വിശദമായ റിപ്പോർട്ട് ഡയരക്ടറേറ്റ് പുറത്തുവിട്ടിരിക്കുന്നത്.

103 ആക്രമണങ്ങളിൽ നേരിട്ട് കെട്ടിടങ്ങളിൽ പതിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇതെല്ലാം വൻ നാശവും സൃഷ്ടിച്ചിട്ടുണ്ട്. ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് കരയുദ്ധം ആരംഭിച്ചതിനു ശേഷം മാത്രം 61 പൊതു-സ്വകാര്യ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും തകർന്നു. സർക്കാർ ഓഫിസുകൾക്കു പുറമെ താമസ കെട്ടിടങ്ങൾ, ബിസിനസ് സ്ഥാപനങ്ങൾ, വീടുകൾ എന്നിവയ്‌ക്കെല്ലാം വലിയ നാശമുണ്ടായിട്ടുണ്ട്. വ്യാപകമായി കൃഷിനാശവും സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

വീടുകൾ ലക്ഷ്യമിട്ടുള്ള ഹിസ്ബുല്ല ആക്രമണത്തിലാണ് 54 ശതമാനം നാശവും സംഭവിച്ചതെന്നാണ് ഡയരക്ടറേറ്റ് വിലയിരുത്തുന്നത്. 11 ശതമാനം പൊതുസ്ഥാപനങ്ങളിലും നാല് ശതമാനം കോഴിക്കൂടുകളെയും ഗോശാലകളെയും മൂന്ന് ശതമാനം അടിസ്ഥാന സൗകര്യങ്ങളെയും രണ്ട് ശതമാനം കൃഷി ഭൂമിയെയുമാണ് ആക്രമണം ബാധിച്ചത്. രണ്ട് ശതമാനം ബിസിനസ് സ്ഥാപനങ്ങളും തകർന്നു. നാശനഷ്ടങ്ങളും അപകടങ്ങളും നിർണയിക്കാൻ കഴിയാത്ത 19 ശതമാനം സംഭവങ്ങളുമുണ്ട്.


79 ശതമാനം നാശനഷ്ടങ്ങളും ഹിസ്ബുല്ല വ്യോമാക്രമണത്തിലാണ് സംഭവിച്ചത്. 21 ശതമാനം നാശം ഇസ്രായേൽ സൈനിക നടപടിയുടെ ഭാഗമായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ കൂടുതലും യുദ്ധത്തിന്റെ തുടക്കത്തിൽ സൈന്യം പൂർണമായും മേഖലയുടെ നിയന്ത്രണം കൈയിലാക്കുന്നതിനു മുൻപ് സംഭവിച്ചതാണെന്ന് ഡയരക്ടറേറ്റ് പറയുന്നു.

അതേസമയം, ഇപ്പോൾ പുറത്തുവിട്ടതിലും പതിന്മടങ്ങായിരിക്കും യഥാർഥ കണക്കുകളെന്നാണ് പ്രതിരോധ മന്ത്രാലയത്തിലെ റിഹാബിലിറ്റേഷൻ വിഭാഗം മേധാവി ബ്രിഗേഡിയർ ജനറൽ ഡേവിഡ് സൂയിസ സൂചിപ്പിക്കുന്നത്. ഓരോ ആക്രമണവും ഒറ്റ സംഭവമായാണ് കണക്കാക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ഒരേ ആക്രമണത്തിൽ പത്ത് വീടുകളും കൂടുതൽ കെട്ടിടങ്ങളും തകർന്നിട്ടുണ്ടെങ്കിലും അത് ഒറ്റ സംഭവമായി മാത്രമാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുള്ളത്. അങ്ങനെയാണെങ്കിൽ പുറത്തുവിട്ടതിന്റെ എത്രയോ ഇരട്ടിയാകും ഹിസ്ബുല്ല-ഹമാസ് ആക്രമണം വിതച്ച നാശത്തിന്റെ വ്യാപ്തിയെന്നു വ്യക്തമാണ്.

കിർയത് ഷെമോനയിലാണ് ഏറ്റവും കൂടുതൽ ആക്രമണമുണ്ടായത്. ഇവിടെ മാത്രം 218 ആക്രമണങ്ങളും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. എന്നാൽ, 117ലും ചെറിയ തോതിലുള്ള നാശനഷ്ടങ്ങളേ സംഭവിച്ചിട്ടുള്ളൂവെന്നാണു വിശദീകരണം. ഏറ്റവും കൂടുതൽ നാശമുണ്ടായത് കിബ്ബട്‌സ് മനാരയിലാണ്. 73 ആക്രമണങ്ങളിൽ ഒൻപതെണ്ണം ഗുരുതരമാണ്. പടിഞ്ഞാറൻ ഗലീലിയിലെ ഷെതൂലയിലുണ്ടായ 68 ആക്രമണങ്ങളിൽ 19 എണ്ണം വലിയ വിനാശം സൃഷ്ടിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Summary: Report details heavy damage from over 1,600 rockets from Lebanon and Gaza to northern Israel

TAGS :

Next Story