Quantcast

കോവിഡിനെ പ്രതിരോധിക്കുന്ന ജീൻ വേരിയന്റിനെ തിരിച്ചറിഞ്ഞതായി ഗവേഷകർ

ജീൻ വേരിയന്റ് ആഫ്രിക്കൻ വംശജരിലും യൂറോപ്യൻ വംശജരിലും ഏതാണ്ട് ഒരുപോലെയാണെന്ന് ഗവേഷകർ കണ്ടെത്തി

MediaOne Logo

Web Desk

  • Updated:

    2022-01-17 09:55:08.0

Published:

17 Jan 2022 9:52 AM GMT

കോവിഡിനെ പ്രതിരോധിക്കുന്ന ജീൻ വേരിയന്റിനെ തിരിച്ചറിഞ്ഞതായി ഗവേഷകർ
X

കോവിഡ് 19 അണുബാധയെ പ്രതിരോധിക്കുന്ന ജീൻ വേരിയന്റിനെ ഗവേഷകർ തിരിച്ചറിഞ്ഞു. സ്വീഡനിലെ കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ഗ്രൂപ്പാണ് കോവിഡിനെ പ്രതിരോധിക്കുന്ന ജീൻ വേരിയന്റ് കണ്ടെത്തിയത്. വ്യത്യസ്ത വംശത്തിൽപ്പെട്ടയാളുകളെ പഠനവിധേയമാക്കിയുള്ള കണ്ടെത്തൽ രോഗ പ്രതരോധത്തിൽ പുത്തൻ സാധ്യതകൾക്ക് വഴിതെളിക്കുമെന്ന് ആരോഗ്യ വിദഗ്ദർ അഭിപ്രായപ്പെട്ടു. നേച്ചർ ജെനറ്റിക്‌സ് മാസികയിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഗവേഷകർ പങ്കുവെച്ചത്.

കോവിഡ് അണുബാധ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ ഒരു പരിധി വരെ ഈ ജീൻ വേരിയന്റിന് തടയാനാകുമെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. ഈ ജീൻ വേരിയന്റുള്ള യൂറോപ്യൻ വംശജർക്ക് കോവിഡ് ബാധ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശനങ്ങൾ ഗുരുതരമാകാനുള്ള സാധ്യത കുറവാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. ഈ ഡിഎൻഎ വിഭാഗം രോഗപ്രതിരോധ സംവിധാനത്തിലെ ജീനുകളെ എൻകോഡ് ചെയ്യുന്നു, ആഫ്രിക്കയ്ക്ക് പുറത്തുള്ള പകുതിയോളം ആളുകളിൽ നിയാണ്ടർത്തലുകളിൽ നിന്ന് പാരമ്പര്യമായി ലഭിച്ചതാണിതെന്നും ഗവേഷകർ പറഞ്ഞു.

ജീൻ വേരിയന്റ് ആഫ്രിക്കൻ വംശജരിലും യൂറോപ്യൻ വംശജരിലും ഏതാണ്ട് ഒരുപോലെയാണെന്ന് ഗവേഷകർ കണ്ടെത്തി. ഇരു വംശത്തിൽപ്പെട്ടവർക്കും ഈ ജീൻ കോവിഡിൽ നിന്നും സംരക്ഷണം നൽകുന്നുണ്ടെന്നും ഗവേഷകർ വ്യക്തമാക്കുന്നു. 2787 ആഫ്രിക്കൻ വംശജരെയാണ് പഠനത്തിനായി പ്രാരംഭ ഘട്ടത്തിൽ തെരഞ്ഞെടുത്തത്. ആഫ്രിക്കൻ വംശജരിൽ 80 ശതമാനം ആളുകളും ഈ സംരക്ഷിത ജിൻ വേരിയന്റ് വഹിക്കുന്നുണ്ടെന്ന് ഗവേഷകർ പറഞ്ഞു.''ജനിതക ഘടനയുമായി ബന്ധപ്പെട്ട അപകട സാധ്യതകളെ തിരിച്ചറിയാനും അതിനെ വിശദമായി മനസ്സിലാക്കാനും ഞങ്ങൾ തുടങ്ങിയിരിക്കുന്നു, പ്രത്യേക ജീൻ വേരിയന്റിന്റെ കണ്ടെത്തൽ കോവിഡിനെതിരായ മരുന്നുകൾ വികസിപ്പിക്കുന്നതിന് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്''. കാനഡയിലെ മക്ഗിൽ സർവകലാശാലയിലെ പ്രൊഫസറായ ബ്രെന്റ് റിച്ചാർഡ്‌സ് പറഞ്ഞു.

TAGS :
Next Story