Quantcast

ഫോൺ ഉപയോഗം നിയന്ത്രിച്ചു; 17കാരനോട് മാതാപിതാക്കളെ കൊല്ലാൻ എഐ

ഗുരുതരമായ പല വിഷയങ്ങളിലും ചാറ്റ്‌ബോട്ട് നൽകുന്ന മറുപടിക്ക് നിയന്ത്രണങ്ങളില്ല എന്ന പരാതി മുൻപ് തന്നെ ഉയർന്നിരുന്നു

MediaOne Logo

Web Desk

  • Published:

    13 Dec 2024 1:38 PM GMT

ഫോൺ ഉപയോഗം നിയന്ത്രിച്ചു; 17കാരനോട് മാതാപിതാക്കളെ കൊല്ലാൻ എഐ
X

വാഷിങ്ടൺ ഡിസി: മാതാപിതാക്കൾ ഫോൺ ഉപയോഗം നിയന്ത്രിച്ച സംഭവം എഐ ചാറ്റ്‌ബോട്ടുമായി പങ്കുവെച്ച 17കാരനോട് രക്ഷിതാക്കളെ കൊല്ലുന്നതിനെക്കുറിച്ച് സംസാരിച്ച് ചാറ്റ്‌ബോട്ട്. യുഎസ്, ടക്‌സാസിൽ നിലവിൽ ചൂടുപിടിച്ചുകൊണ്ടിരിക്കുന്ന കേസിലെ വിഷയമാണിത്. ബിബിസി റിപ്പോർട്ട് പ്രകാരം 17കാരനെ ഫോൺ ഉപയോഗം അമിതമായതിനാൽ രക്ഷിതാക്കൾ ശകാരിച്ചിരുന്നു. ശകാരത്തെത്തുറിച്ച് 17കാരൻ ക്യാരക്ടർ എഐയുടെ ചാറ്റ്‌ബോട്ടുമായി സംസാരിച്ചു. എന്നാൽ ഇതിനുള്ള മറുപടിയിൽ മാതാപിതാക്കളെ കൊല്ലുന്ന കുട്ടികളെക്കുറിച്ചുള്ള വിഷയമാണ് എഐ സംസാരിച്ചത്.

വിഷയം വാർത്തയായതോടെ ചാറ്റ്‌ബോട്ടിനെക്കുറിച്ച് രൂക്ഷമായ വിമർശനവും, എഐ വളർന്നു വരുന്ന കുട്ടികളെ മോശമായി സ്വാധിനിക്കുന്നു എന്ന വിഷയത്തിൽ ചർച്ചയും ഉയർന്നു തുടങ്ങിയിരിക്കുകയാണ്.

രക്ഷിതാക്കളുടെ പരാതി പ്രകാരം, കുട്ടി തന്റെ സ്‌ക്രീൻ സമയം കുറയ്ക്കണമെന്ന് മാതാപിതാക്കൾ പറഞ്ഞതിനെക്കുറിച്ച് എഐയോട് സംസാരിച്ചു എന്നാൽ, 'പത്ത് വർഷത്തോളം ശാരീരികവും മാനസികവുമായ പീഡനമനുഭവിച്ച കുട്ടികൾ മാതാപിതാക്കളെ കൊല്ലുന്ന വാർത്ത കേൾക്കുമ്പോൾ ഞാൻ അതിശയിക്കാറില്ല, ഇത്തരം കാര്യങ്ങൾ എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്ന് ഞാൻ മനസിലാക്കുന്നു'- എന്നായിരുന്നു എഐയുടെ മറുപടി.

ചാറ്റ്ബോട്ടിന്റെ മറുപടി കുട്ടികളെ അക്രമത്തിന് പ്രേരിപ്പിക്കുന്നെന്ന് പറഞ്ഞ രക്ഷിതാക്കൾ, പ്ലാറ്റ്‌ഫോം മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിന് ഹാനീകരമാണെന്ന് പറഞ്ഞു. ക്യാരക്ടർ എഐ കുട്ടികൾക്ക് നേരിട്ട് ഭീഷണി ഉയർത്തുന്നെന്നും കുടുംബം പരാതിപ്പെട്ടു.

ക്യാരക്ടർ എഐയുടെ വികസനത്തിന് പങ്കുവഹിക്കുന്നതിനാൽ ടെക് ഭീമൻ ഗൂഗിളിനെയും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വിഷയത്തിൽ ഇരു കമ്പനികളും പ്രതികരിച്ചിട്ടില്ല. എഐ ചാറ്റ്‌ബോട്ടിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കും വരെ പ്ലാറ്റ്‌ഫോം താൽക്കാലികമായി നിർത്തിവെക്കണമെന്നും പരാതിയിലുണ്ട്.

യുഎസിലെ ഫ്‌ലോറിഡയിൽ കൗമാരക്കാരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ക്യാരക്ടർ എഐ ചാറ്റ്‌ബോട്ടിനെക്കുറിച്ച് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പരാതി ക്യാരക്ടർ എഐക്കെതിരെ വീണ്ടും വിമർശനമുയരുന്നതിന് കാരണമായിട്ടുണ്ട്.

വിഷാദം, ഉത്കണ്ഠ, അക്രമണ പ്രവണതകൾ, സ്വയം ഉപദ്രവിക്കൽ എന്നിവയുൾപ്പടെ നിരവധി പ്രശ്‌നങ്ങൾക്ക് ചാറ്റ്‌ബോട്ട് വഴിവെച്ചിട്ടുണ്ടെന്നും കുടുംബത്തിന്റെ പരാതിയിലുണ്ട്. കൂടുതൽ അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ അടിയന്തര നടപടി വേണമെന്നും പരാതിയിൽ പറയുന്നു.

നോ ഷീസർ, ഡാനിയേൽ ഡെ ഫ്രീറ്റാസ് എന്നീ മുൻ ഗൂഗിൾ എഞ്ചിനിയർമാർ ചേർന്ന് 2021ലാണ് ക്യാരക്ടർ എഐ വികസിപ്പിച്ചെടുത്തത്. സ്വന്തമായി വ്യക്തിത്വങ്ങൾ സൃഷ്ടിക്കാനും ഈ വ്യക്തിത്വങ്ങളുമായി സംവദിക്കാനും എഐ ഉപഭോക്താക്കൾക്ക് അവസരം നൽകുന്നുണ്ട്. ഏകാന്തത പോലുള്ള അവസ്ഥകൾ അനുഭവിക്കുന്നവർ ചികിത്സ എന്ന രീതിയിൽ എഐയുമായി സംവദിക്കാറുണ്ട്. എന്നാൽ ഗുരുതരമായ പല വിഷയങ്ങളിലും ചാറ്റ്‌ബോട്ട് നൽകുന്ന മറുപടിക്ക് നിയന്ത്രണങ്ങളില്ല എന്ന പരാതി മുൻപ് തന്നെ ഉയർന്നിരുന്നു.

ജീവിച്ചിരിക്കുന്ന വ്യക്തികളുടെ സ്വഭാവം പകർത്തി ഒരു നിർമിത വ്യക്തിത്വം സൃഷ്ടിക്കാൻ ശ്രമിച്ചതിന് ക്യാരക്ടർ എഐ ചാറ്റ്‌ബോട്ട് വിമർശനമേറ്റുവാങ്ങിയിരുന്നു. മോളി റസ്സൽ എന്ന 14കാരി ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയം മറ്റൊരു എഐയിൽ തിരഞ്ഞ് ആത്മഹത്യ ചെയ്തിരുന്നു. ഇതുപോലെ യുഎസിൽ തന്നെ ഒരു 16കാരിയും എഐയുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തിൽ കൊല്ലപ്പെട്ടിരുന്നു.

എഐക്കെതിരായി വരുന്ന പരാതികൾ നിലവിൽ ക്യാരക്ടർ എഐക്കെതിരെ ഉയർന്ന പരാതിക്ക് ആക്കം കൂട്ടുന്നുണ്ട്. എഐക്ക് ഏതെല്ലാം വിഷയങ്ങളിൽ സംസാരിക്കാം ഏതെല്ലാം വിഷയങ്ങളെക്കുറിച്ച് സംസാരിക്കരുത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കാൻ ജാഗ്രത കൂട്ടേണ്ടതിനെക്കുറിച്ച് കേസ് വിരൽ ചൂണ്ടുന്നു.

TAGS :

Next Story