Quantcast

കരിങ്കടലിൽ എണ്ണ ചോർച്ച; ക്രിമിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് റഷ്യ

ടൺ കണക്കിന് മാലിന്യങ്ങളാണ് കെർച്ച് കടലിടുക്കിന്‍റെ ഇരുവശത്തുനിന്നും നീക്കം ചെയ്യുന്നത്

MediaOne Logo

Web Desk

  • Published:

    5 Jan 2025 12:12 PM GMT

കരിങ്കടലിൽ എണ്ണ ചോർച്ച; ക്രിമിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് റഷ്യ
X

ക്രിമിയ: ക്രിമിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് റഷ്യ. കരിങ്കടലിൽ എണ്ണ ചോർച്ചയെ തുടർന്നുണ്ടായ മാലിന്യങ്ങൾ നീക്കം ചെയ്യാൻ വേണ്ടിയാണ് ക്രിമിയയിൽ റഷ്യ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ടൺ കണക്കിന് മാലിന്യങ്ങളാണ് കെർച്ച് കടലിടുക്കിന്‍റെ ഇരുവശത്തുനിന്നും നീക്കം ചെയ്യുന്നത്.

കഴിഞ്ഞ വർഷം യുക്രൈനിൽ നിന്ന് റഷ്യ പിടിച്ചെടുത്ത സ്ഥലമാണിത്. അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കുന്നതിന്‍റെ ഭാഗമായാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് സെവാസ്റ്റോപോളിലെ ഗവർണർ മിഖായേൽ റസ്വോഷേവ് പറഞ്ഞു. വീടുകൾ ഒഴിപ്പിക്കുന്നത് പോലെയുള്ള ഉത്തരവിടുന്നതിനും വേഗത്തിലുള്ള തീരുമാനങ്ങൾ എടുക്കാനും അധികൃതർക്ക് കൂടുതൽ അധികാരം നൽകാൻ വേണ്ടിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

രക്ഷാപ്രവർത്തകർ 86,000 മെട്രിക് ടൺ മലിനമായ മണലും മണ്ണും നീക്കം ചെയ്തതായി അടിയന്തര മന്ത്രാലയം അറിയിച്ചു. റഷ്യയിലെ കുബാൻ മേഖലയിലും ക്രിമിയയിലുമാണ് ഈ മാലിന്യം നിക്ഷേപിക്കുന്നത്. ഡിസംബർ 15ന് ആയിരുന്നു കൊടുങ്കാറ്റിൽ പെട്ട് രണ്ട് ടാങ്കറുകളിൽ നിന്ന് എണ്ണ ചോർന്നത്. ടാങ്കറുകളിൽ ഒരെണ്ണം മുങ്ങുകയും മറ്റൊന്ന് കരയിലടിയുകയും ചെയ്തു. 50 വർഷത്തിലേറെ പഴക്കമുള്ള ടാങ്കറുകളാണ് തകർന്നത്. തകർന്ന ടാങ്കറുകളിൽ മൊത്തം 9200 മെട്രിക് ടൺ എണ്ണയുണ്ടായിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രദേശത്താകെ ദുർഗന്ധം വമിക്കുകയും ഡോൾഫിനുകൾ, കടൽ പക്ഷികൾ തുടങ്ങിയവ ചത്തതായും പരിസ്ഥിതി സംഘടനകൾ അറിയിച്ചു. പാരിസ്ഥിതിക മലിനീകരണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് മാലിന്യം നീക്കം ചെയ്യുന്നത്.

TAGS :

Next Story