'യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ല': അസദുമായുള്ള വിവാഹമോചനത്തിന് ഭാര്യ അപേക്ഷ നൽകിയെന്ന റിപ്പോർട്ട് തള്ളി റഷ്യ
അസദ് മോസ്‌കോയിൽ ഒതുങ്ങിക്കഴിയുകയാണെന്നും അദ്ദേഹത്തിന്റെ സ്വത്തുക്കൾ മരവിപ്പിച്ചുവെന്നുമുള്ള റിപ്പോർട്ടുകളും ദിമിത്രി പെസ്കോവ് നിഷേധിച്ചു.
മോസ്കോ: സിറിയയില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ ഭാര്യ അസ്മ അല്‍ അസദ് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി റഷ്യ.
റഷ്യയിലെ ജീവിതത്തില്‍ തൃപ്തയല്ലാത്തതിനാലാണ് അസ്മ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയതെന്നും ജന്മനാടായ ലണ്ടനിലേക്ക് മാറാനാണ് ആഗ്രഹിക്കുന്നത് എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത റിപ്പോര്‍ട്ടുകളാണിതെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. അസദ് മോസ്‌കോയിൽ ഒതുങ്ങിക്കഴിയുകയാണെന്നും അദ്ദേഹത്തിന്റെ സ്വത്തുക്കൾ മരവിപ്പിച്ചുവെന്നുമുള്ള റിപ്പോർട്ടുകളും ദിമിത്രി പെസ്കോവ് നിഷേധിച്ചു.
തുർക്കി, അറബ് മാധ്യമങ്ങളാണ് അസ്മയുടെ വിവാഹമോചനം സംബന്ധിച്ച വാര്‍ത്ത നല്‍കിയിരുന്നത്. മോസ്കോയിൽ അഭയം പ്രാപിച്ച അസദ്, നിലവിൽ റഷ്യൻ സർക്കാരിന്റെ കടുത്ത നിയന്ത്രണങ്ങൾക്കു വിധേയനായാണു കഴിയുന്നതെന്നും അദ്ദേഹത്തിന്റെ 270 കിലോഗ്രാം സ്വർണവും 2 ബില്യൺ യുഎസ് ഡോളറും മോസ്കോയിലെ 18 അപ്പാർട്ടുമെൻ്റുകളും ഉൾപ്പെടുന്ന പണവും സ്വത്തുക്കളും റഷ്യൻ അധികൃതർ മരവിപ്പിച്ചതായും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിരുന്നു.
സിറിയന്‍ സ്വദേശികളാണ് മാതാപിതാക്കളെങ്കിലും ലണ്ടനിലാണ് അസ്മ ജനിച്ചതും വളര്‍ന്നതും. ബ്രിട്ടിഷ് – സിറിയ ഇരട്ടപൗരത്വമുള്ളയാളാണ് അസ്മ. 2000ൽ 25-ാം വയസ്സിൽ സിറിയയിലേക്ക് താമസം മാറിയ അവർ, അതേവർഷം തന്നെ ബഷാർ അൽ അസദിനെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ മൂന്ന് മക്കളുണ്ട്. ഹഫീസ്, സെയ്ൻ, കരീം എന്നിവരാണു മക്കൾ. സിറിയയില്‍ കലാപം ആരംഭിച്ചതു മുതൽ മക്കൾക്കൊപ്പം ലണ്ടനിലേക്ക് കടക്കാനായിരുന്നു അസ്മ ശ്രമിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അതേസമയം അസ്മയെ ബ്രിട്ടനിലേക്ക് മടങ്ങാൻ അനുവദിക്കില്ലെന്ന് യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി നേരത്തെ പറഞ്ഞിരുന്നു. അസദ് കുടുംബത്തിലെ ഒരു അംഗവും യുകെയിൽ ഇടം കണ്ടെത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16