Quantcast

ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന 25 വയസ്സിൽ താഴെയുള്ള വിദ്യാർഥിനികൾക്ക് 80,000 രൂപ സഹായവുമായി റഷ്യൻ സംസ്ഥാനം

ജനനനിരക്ക് വൻതോതിൽ കുറഞ്ഞതോടെയാണ് അമ്മമാർക്ക് ധനസഹായം പ്രഖ്യാപിച്ചത്.

MediaOne Logo

Web Desk

  • Published:

    9 Jan 2025 4:49 AM GMT

Russia offers female students under 25 years over Rs 80,000 to give birth to healthy babies
X

മോസ്‌കോ: ജനനനിരക്ക് വർധിപ്പിക്കാൻ പ്രസവം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളുമായി റഷ്യ. ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന 25 വയസ്സിൽ താഴെയുള്ള വിദ്യാർഥിനികൾക്ക് ഒരുലക്ഷം റൂബിൾ (ഏകദേശം 81,000 രൂപ) നൽകുമെന്നാണ് കരേലിയ പ്രവിശ്യാ ഭരണകൂടത്തിന്റെ വാഗ്ദാനം. ജനുവരി ഒന്ന് മുതലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. മാതാവ് ഏതെങ്കിലും യൂണിവേഴ്‌സിറ്റിയിലോ കോളജിലോ മുഴുവൻ സമയ വിദ്യാർഥിനിയായിരിക്കണം, പ്രായം 25 വയസ്സിൽ താഴെയാവണം, കരേലിയയിൽ സ്ഥിരതാമസക്കാരിയാവണം എന്നിവയാണ് നിബന്ധനകൾ.

ഗർഭത്തിലിരിക്കെ മരിച്ച കുഞ്ഞിന് ജന്മം നൽകുന്ന മാതാവിന് ഈ ആനുകൂല്യം ലഭിക്കില്ല. സഡൻ ഇൻഫന്റ് ഡെത്ത് സിൻഡ്രോം (ഒരു വയസ്സിൽ താഴെയുള്ള കുട്ടികളുടെ അപ്രതീക്ഷിത മരണം) മൂലം കുട്ടി മരിച്ചാൽ പണം അസാധുവാക്കുമോ എന്ന് നിയമത്തിൽ വ്യക്തമാക്കുന്നില്ല. വൈകല്യമുള്ള കുട്ടികളെ പ്രസവിക്കുന്ന സ്ത്രീകൾ ധനസഹായത്തിന് അർഹരാണോ എന്നതും ശിശു സംരക്ഷണത്തിനും പോസ്റ്റ്പാർട്ടം സിൻഡ്രോം മറികടക്കാനും അധിക ധനസഹായം നൽകുമോ എന്നതും നിയമത്തിൽ വ്യക്തമല്ല.

റഷ്യയിൽ പ്രസവം പ്രോത്സാഹിപ്പിക്കാൻ സാമ്പത്തിക സഹായം പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമല്ല കരേലിയ. 11 പ്രവിശ്യാസർക്കാരുകൾ ഇതിനകം തന്നെ പ്രസവത്തിന് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം രാജ്യത്ത് പുതിയ അമ്മമാർക്ക് ആവശ്യമായ സംരക്ഷണവും സാമ്പത്തിക സ്ഥിതിയുമില്ലാത്തതിനാൽ നിലവിലെ സഹായപദ്ധതികൾ അപര്യാപ്തവും ദീർഘവീക്ഷണം ഇല്ലാത്തതുമാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

2024ന്റെ ആദ്യ പകുതിയിൽ 599,600 കുട്ടികൾ മാത്രമാണ് റഷ്യയിൽ ജനിച്ചത്. കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജനന നിരക്കാണ് ഇത്. 2023ന്റെ ആദ്യ പകുതിയെ അപേക്ഷിച്ച് 16,000ന്റെ കുറവാണ് ഉണ്ടായത്. 2024 ജൂണിലും ജനന നിരക്കിൽ വലിയ കുറവാണ് ഉണ്ടായത്.

ജനസംഖ്യയിലുണ്ടായവുന്ന വൻ ഇടിവ് രാജ്യത്തിന്റെ ഭാവിക്ക് വലിയ വെല്ലുവിളിയാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് കഴിഞ്ഞ ജൂലൈയിൽ പ്രതികരിച്ചിരുന്നു. 1990ൽ 148 മില്യൺ ആയിരുന്ന റഷ്യൻ ജനസംഖ്യ ഇപ്പോൾ 146 മില്യൺ ആയി കുറഞ്ഞിട്ടുണ്ട്. 2100 ആവുമ്പോഴേക്കും ജനസംഖ്യ 74 മില്യണും 112 മില്യണും ഇടയിലേക്ക് താഴുമെന്നാണ് യുഎൻ പ്രവചിക്കുന്നത്.

TAGS :

Next Story