Quantcast

പശ്ചിമേഷ്യയിലെ സംഘർഷ വ്യാപനത്തിന് ഉത്തരവാദി യുഎസെന്ന് റഷ്യ; ബൈഡൻ ഭരണകൂടം സമ്പൂർണ പരാജയം

'യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ്റെ നീക്കങ്ങൾ പതിനായിരക്കണക്കിന് ഇരകളെ സൃഷ്ടിച്ചു എന്നു മാത്രമല്ല കടുത്ത സ്തംഭനാവസ്ഥയുമുണ്ടാക്കി'

MediaOne Logo

Web Desk

  • Published:

    2 Oct 2024 5:17 AM GMT

Russia says US responsible for escalation of tensions in Middle East
X

മോസ്കോ: ഇറാനിൽനിന്ന് ഇസ്രായേലിലേക്ക് 200ലേറെ മിസൈലുകൾ തൊടുത്തതിനു പിന്നാലെ യുഎസിനെ കുറ്റപ്പെടുത്തി റഷ്യ. പശ്ചിമേഷ്യയിൽ സംഘർഷം വ്യാപിച്ചതിന്റെ പൂർണ ഉത്തരവാദി അമേരിക്കയാണെന്ന് റഷ്യ പ്രതികരിച്ചു. മേഖലയിൽ ബൈഡൻ ഭരണകൂടത്തിന്റെ ഇടപെടലുകൾ സമ്പൂർണ പരാജയമാണെന്നും റഷ്യ ആരോപിച്ചു.

വൈറ്റ് ഹൗസിൻ്റെ ഏറ്റവും പുതിയ പ്രസ്താവനകൾ പ്രതിസന്ധി പരിഹരിക്കുന്നതിൽ തികഞ്ഞ നിസ്സഹായതയാണ് പ്രകടമാക്കുന്നതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ പറഞ്ഞു. 'പശ്ചിമേഷ്യയിൽ ബൈഡൻ ഭരണകൂടത്തിന്റെ സമ്പൂർണ പരാജയമാണ്. വൈറ്റ് ഹൗസിൻ്റെ അവ്യക്തമായ പ്രസ്താവനകൾ പ്രതിസന്ധികൾ പരിഹരിക്കുന്നതിൽ തികഞ്ഞ നിസ്സഹായതയാണ് പ്രകടമാക്കുന്നത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ്റെ നീക്കങ്ങൾ പതിനായിരക്കണക്കിന് ഇരകളെ സൃഷ്ടിച്ചു എന്നു മാത്രമല്ല കടുത്ത സ്തംഭനാവസ്ഥയുമുണ്ടാക്കി'- സഖറോവ വിശദമാക്കി.

ഇറാൻ്റെ ആക്രമണത്തെത്തുടർന്ന് റഷ്യൻ ഉപപ്രധാനമന്ത്രി ദിമിത്രി ചെർനിഷെങ്കോയുടെ നേതൃത്വത്തിലുള്ള റഷ്യൻ ഔദ്യോഗിക പ്രതിനിധി സംഘത്തിന്റെ ഖത്തറിലേക്കുള്ള യാത്ര ഒഴിവാക്കിയിരുന്നു. ദോഹയിൽ നടക്കുന്ന ഏഷ്യാ കോപറേഷൻ ഡയലോ​ഗിന്റെ മൂന്നാമത് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് സംഘം ഖത്തറിലേക്ക് പോവാനിരുന്നത്.

ചൊവ്വാഴ്ച രാത്രിയാണ് ഇറാൻ ഇസ്രായേലിനു നേരെ വ്യാപക മിസൈൽ ആക്രമണം നടത്തിയത്. ‘ട്രൂ ​പ്രോമിസ് 2’ എന്ന പേരിലാണ് ഇറാൻ സൈനിക വിഭാഗമായ ഐആർജിഎസ് ആക്രമണം നടത്തിയത്. ഇ​സ്രായേലിനെതിരായ ഏറ്റവും വലിയ സൈനിക ആക്രമണമാണ് ചൊവ്വാഴ്ച നടന്നത്. 181 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ തൊടുത്തുവിട്ടത്. ഇറാന്റെ ബാലിസ്റ്റിക്​ മിസൈലുകളുടെ തീമഴയിൽ ​തെൽ അവീവ്​ ഉൾപ്പെടെ മുഴുവൻ ഇസ്രായേൽ നഗരങ്ങളും അക്ഷരാർഥത്തിൽ നടുങ്ങിയ രാവാണ്​ കടന്നുപോയത്​. രാജ്യത്തുടനീളം അപായ സൈറണുകൾ മുഴങ്ങി.

തെൽ അവീവിലടക്കം മിസൈലുകൾ പതിച്ചു. ജനങ്ങളോട് പൂർണമായും സുരക്ഷിത ബങ്കറുകളിലേക്ക് മാറാൻ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ള മന്ത്രിമാരടക്കം മണിക്കൂറുകളാണ് ബങ്കറുകളിൽ കഴിഞ്ഞുകൂടിയത്. ലബനാനിനും ഗസ്സയ്ക്കും നേരെയുള്ള ആക്രമണത്തിനും ഹിസ്ബുല്ലയുടെയും ഹമാസിന്റേയും നേതാക്കളെ കൊലപ്പെടുത്തിയതിനുമുള്ള തിരിച്ചടിയായിട്ടാണ് ആക്രമണമെന്ന് ഇറാൻ വ്യക്തമാക്കി.

ഇസ്രായേലിനെതിരായ ആക്രമണം പൂർത്തിയായതായും ഇറാൻ അറിയിച്ചു. തിരിച്ചടി ഉണ്ടായാൽ കൂടുതൽ ആക്രമണം നടത്തുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ ഇറാൻ നഗരങ്ങളിൽ ആഘോഷ പ്രകടനങ്ങളും അരങ്ങേറി. എന്നാൽ ഇറാൻ വലിയ തെറ്റാണ് ചെയ്തതെന്നും ഇതിന് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു മുന്നറിയിപ്പ് നൽകി. ഗസ്സ, ലബനാൻ, ഇറാൻ, ഇറാഖ്, സിറിയ, യമൻ എന്നിങ്ങനെ മിഡിൽ ഈസ്റ്റിൽ എവിടെ ആണെങ്കിലും ശത്രുക്കളെ ആക്രമിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി.

അതേസമയം, ഇറാന്റെ ആക്രമണത്തെ ഹമാസ് അടക്കമുളള സംഘങ്ങൾ സ്വാഗതം ചെയ്തു. ഇറാ​ന്റേത് ധീരമായ നടപടിയാണെന്നും സയണിസ്റ്റ് ശത്രുവിനും അതിന്റെ ഫാസിസ്റ്റ് സർക്കാരിനുമുള്ള ശക്തമായ സന്ദേശമാണിതെന്നും ഹമാസ് വ്യക്തമാക്കി. ഇത് അവരുടെ തീവ്രവാദത്തെ തടയാനും നിയന്ത്രിക്കാനും സഹായിക്കുമെന്നും ഹമാസ് കൂട്ടിച്ചേർത്തു. ആക്രമണം അവസാനിപ്പിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ​ഗുട്ടറസ് ആവശ്യപ്പെട്ടിട്ടുണ്ട്.

TAGS :

Next Story