Quantcast

സിറിയയിലെ പോരാട്ടം ഉടൻ അവസാനിപ്പിക്കണമെന്ന് റഷ്യ;

വിമത സൈന്യം ഇപ്പോഴും ദമസ്കസിന് സമീപം തുടരുകയാണ്

MediaOne Logo

Web Desk

  • Updated:

    2024-12-08 03:31:24.0

Published:

8 Dec 2024 3:25 AM GMT

സിറിയയിലെ പോരാട്ടം ഉടൻ അവസാനിപ്പിക്കണമെന്ന് റഷ്യ;
X

മോസ്കോ: സിറിയയിൽ വിമതസേന നടത്തുന്ന പോരാട്ടം ഉടൻ അവസാനിപ്പിക്കണമെന്ന് റഷ്യ. പോരാട്ടം അവസാനിപ്പിക്കണമെന്നാണ് റഷ്യയുടേയും തുർക്കിയുടേയും ഇറാന്റേയും നിലപാടെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. പ്രസിഡന്റ് ബശ്ശാറുൽ അസദിന് പ്രതിപക്ഷ പോരാളികൾ കനത്ത വെല്ലുവിളി ഉയർത്തുന്നതിന് പിന്നാലെയാണ് റഷ്യൻ വിദേശകാര്യമന്ത്രിയുടെ പ്രതികരണം.

പ്രശ്നം പരിഹരിക്കാൻ പ്രതിപക്ഷ പോരാളികളും സർക്കാരും തമ്മിൽ ചർച്ച നടത്തണമെന്നാണ് തങ്ങളുടെ നിലപാടെന്ന് ലാവ്‌റോവ് പറഞ്ഞു. ശനിയാഴ്ച ഖത്തർ തലസ്ഥാനത്തെത്തിയ ലാവ്‌റോവ് ദോഹ ഫോറത്തിൽ അൽ ജസീറയോട് സംസാരിച്ചു. സിറിയയിൽ രാഷ്ട്രീയ ഒത്തുതീർപ്പിനായുള്ള അസ്താന ചർച്ചകളിൽ 2017 മുതൽ മൂന്ന് രാജ്യങ്ങളും പങ്കാളികളാണ്. 'പ്രതിപക്ഷത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും ഉടൻ അവസാനിപ്പിക്കണം. യുഎന്നിന്റെ 22454 പ്രമേയം ഉടൻ നടപ്പാക്കണം. സർക്കാറും പ്രതിപക്ഷവും തമ്മിൽ ഉടൻ ചർച്ചകൾ നടത്തണമെന്നും' അദ്ദേഹം പറഞ്ഞു.

വിമത നീക്കത്തിന് പിന്നാലെ സിറിയയിൽ അസദ് ഭരണകൂടം വീഴാൻ സാധ്യയേറുന്നതായാണ് റിപ്പോർട്ടുകൾ. ബശ്ശാറുൽ അസദിന്റെ ഭരണം മണിക്കൂറുകൾ മാത്രമെന്ന് വിമത നേതാക്കൾ പറഞ്ഞിരുന്നു. വിമത സൈന്യം ഇപ്പോഴും ദമസ്കസിന് സമീപം തുടരുകയാണ്. മൂന്നു സുപ്രധാന നഗരങ്ങൾ വിമതസേന പിടിച്ചെടുത്തതായി രാജ്യാന്തര മാധ്യമങ്ങൾ റപ്പോർട്ട് ചെയ്തു. അതിനിടെ പ്രസിഡന്റ് ബശ്ശാറുൽ അസദ് തലസ്ഥാനം വിട്ടെന്ന സൂചനയുമുണ്ട്. അസദ് ദമസ്‌കസിൽ ഇല്ലെന്ന് രണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. എന്നാൽ പടിഞ്ഞാറൻ മാധ്യമങ്ങൾ കള്ളം പറയുകയാണ് എന്നാണ് അസദിന്റെ വക്താക്കൾ വിശദീകരിക്കുന്നത്. സംഘർഷം രൂക്ഷമായതോടെ ആയിരക്കണക്കിന് കുടുംബങ്ങൾ സിറിയയിൽ നിന്ന് പലായനം ചെയ്യുകയാണ്. പുതിയ ഭരണസംവിധാനം സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് വിമതസേന വ്യക്തമാക്കി.

കലാപം രൂക്ഷമായ സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ സിറിയയിലേക്ക് യാത്ര ചെയ്യരുതെന്നാണ് ഇന്ത്യൻ പൗരൻമാർക്ക് കേന്ദ്രസർക്കാറിന്റെ മുന്നറിയിപ്പ്. സിറിയയിലുള്ള ഇന്ത്യൻ പൗരന്മാരോട് വേഗം നാട്ടിലേക്ക് മടങ്ങാനും വിദേശകാര്യ മന്ത്രാലയം നിർദേശം നൽകി. എംബസിയെ ബന്ധപ്പെടാനുള്ള ഹെൽപ്പ് ലൈൻ നമ്പറും പുറത്തുവിട്ടിട്ടുണ്ട്.

TAGS :

Next Story