Quantcast

യുക്രൈനിലെ സ്‌കൂളിൽ റഷ്യയുടെ ബോംബാക്രമണം; രണ്ടു പേർക്ക് ദാരുണാന്ത്യം- അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി 60 പേർ മരിച്ചതായി സൂചന

90 ഓളം പേർ അഭയം പ്രാപിച്ച സ്‌കൂളിലാണ് ശനിയാഴ്ച ഉച്ചയോടെ റഷ്യ ബോംബാക്രമണം നടത്തിയത്

MediaOne Logo

Web Desk

  • Updated:

    2022-05-08 10:18:34.0

Published:

8 May 2022 10:16 AM GMT

യുക്രൈനിലെ സ്‌കൂളിൽ റഷ്യയുടെ ബോംബാക്രമണം; രണ്ടു പേർക്ക് ദാരുണാന്ത്യം- അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി 60 പേർ മരിച്ചതായി സൂചന
X

യുക്രൈനിയൻ ഗ്രാമമായ ബിലോഹോറിവ്കയിലെ സകൂളിൽ റഷ്യ നടത്തിയ ബോംബാക്രമണത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി 60 പേർ മരിച്ചതായും സൂചനയുണ്ട്. ലുഹാൻസ്‌ക് മേഖലയുടെ ഗവർണർ സെർഹി ഗൈഡായി ഇക്കാര്യം അറിയിച്ചത്.

90 ഓളം പേർ അഭയം പ്രാപിച്ച സ്‌കൂളിലാണ് ശനിയാഴ്ച ഉച്ചയോടെ റഷ്യ ബോംബാക്രമണം നടത്തിയത്. സംഭവ സ്ഥലത്ത് നിന്നും മുപ്പതോളം പേരെ രക്ഷിക്കാനായിട്ടുണ്ടെന്നും അവരിൽ ഏഴ് പേർക്ക് പരിക്കേറ്റതായും ഗവർണർ സെർഹി ഗൈഡായി അറിയിച്ചു. അതേസമയം റഷ്യൻ ആക്രമണം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ യുക്രൈനിന് 1.3 ബില്യൺ പൗണ്ടിന്റെ (1.60 ബില്യൺ ഡോളർ) സാമ്പത്തിക സഹായം നൽകാനൊരുങ്ങുകയാണ് ബ്രിട്ടൻ. സാമ്പത്തിക സഹായം നൽകുന്നതിലൂടെ യുക്രൈനിന്റെ സൈനിക സന്നാഹം വർധിപ്പിക്കുകയെന്നതാണ് ബ്രിട്ടന്റെ ലക്ഷ്യം. പുടിന്റെ ക്രൂരമായ ആക്രമണം യുക്രൈനിൽ മാത്രമല്ല, യൂറോപ്പിലാകമാനം നാശം വിതച്ചിരിക്കുകയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.

ഫെബ്രുവരി 24-നാണ് റഷ്യ യുക്രൈനിൽ അധിനിവേശം ആരംഭിച്ചത്. യുദ്ധം ആരംഭിച്ചതു മുതൽ റഷ്യൻ സേനയെ ചെറുക്കാനുള്ള യുക്രൈനിന്റെ ശ്രമങ്ങൾക്ക് ഏറ്റവും ശക്തമായ പിന്തുണയാണ് ബ്രിട്ടൻ നൽകിയത്. മിസൈലുകളും മറ്റു വ്യോമ പ്രതിരോധ സംവിധാനങ്ങളും ആയുധങ്ങളും ബ്രിട്ടൻ യുക്രൈനിലേക്ക് അയച്ചിരുന്നു. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യുദ്ധങ്ങൾക്ക് ശേഷം ഒരു സംഘട്ടനത്തിനായി ചെലവഴിക്കുന്ന ഏറ്റവും ഉയർന്ന നിരക്ക് യുക്രൈന് നൽകാൻ പോകുന്നുവെന്നാണ് ബ്രിട്ടന്റെ അവകാശവാദം. റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം യുക്രൈൻ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ നേതാവാണ് ബോറിസ് ജോൺസൺ. യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കിയുമായി ഗ്രൂപ്പ് ഓഫ് സെവൻ നടത്താനിരിക്കുന്ന വെർച്വൽ മീറ്റിംഗിന് മുന്നോടിയായാണ് ബ്രിട്ടന്റെ വമ്പൻ സാമ്പത്തിക സഹായ പ്രഖ്യാപനം. അടിയന്തര സാഹചര്യങ്ങളെ അതിജീവിക്കുന്നതിനായി കരുതൽ ധനത്തിൽ നിന്നും കൂടുതൽ പണമെടുത്ത് ഉപയോഗിച്ചതാണ് യുക്രൈനിന്റെ അധിക ചെലവിന് കാരണമായതെന്ന് ബ്രിട്ടൻ വ്യക്തമാക്കി.

യുക്രൈന് പ്രതിസന്ധി രൂപപ്പെട്ടതോടെ ആയുധങ്ങൾക്കു വലിയ രീതിയിലുള്ള ഡിമാന്റാണുള്ളത്. ഇതു മറികടക്കാൻ ആയുധങ്ങളുടെ ഉൽപ്പാദനം വർധിപ്പിക്കണമെന്നാണ് ബോറിസ് ജോൺസൺ ആയുധ നിർമ്മാതാക്കൾക്കു നൽകുന്ന നിർദേശം. ഇതു സംബന്ധിച്ച് ഈ മാസം അവസാനം മുൻനിര പ്രതിരോധ കമ്പനികളുമായി ചർച്ച നടത്താനാണ് ബ്രിട്ടന്റെ തീരുമാനം. സൈനികവും സാമ്പത്തികവുമായ സഹായം ബ്രിട്ടൻ നൽകിയിട്ടുണ്ടെങ്കിലും യുക്രൈനിൽ നിന്നും പലായനം ചെയ്തെത്തിയ അഞ്ച് ദശലക്ഷത്തിലധികം അഭയാർത്ഥികളിൽ കുറച്ചു പേരെ മാത്രമേ അവർ സ്വീകരിച്ചിട്ടുള്ളൂ. യുക്രൈനികൾക്ക് ഇതുവരെ 86,000 വിസകൾ നൽകിയിട്ടുണ്ടെന്നും അതിൽ 27,000 പേർ ബ്രിട്ടനിലെത്തിയിട്ടുണ്ടെന്നും ബ്രിട്ടീഷ് ഭരണകൂടം കഴിഞ്ഞ ദിവസം അറിയിച്ചു.

TAGS :

Next Story