ഔദ്യോഗിക വാഹനത്തിന്റെ മുൻ ടയർ വലിയ ശബ്ദത്തോടെ പൊട്ടി, പുക ഉയർന്നു; പുടിന് നേരെ വധശ്രമമെന്ന് റിപ്പോർട്ട്
താൻ കുറഞ്ഞത് അഞ്ച് കൊലപാതക ശ്രമങ്ങളെയെങ്കിലും അതിജീവിച്ചതായി 2017ൽ പുടിൻ വെളിപ്പെടുത്തിയിരുന്നു.
മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന് നേരെ വധശ്രമമുണ്ടായതായി റിപ്പോർട്ട്. ജനറൽ ജിവിആർ ടെലഗ്രാം ചാനലിനെ ഉദ്ധരിച്ച് യൂറോ വീക്കിലി ന്യൂസ് ആണ് ബുധനാഴ്ച ഈ റിപ്പോർട്ട് പുറത്തുവിട്ടത്. എപ്പോഴാണ് വധശ്രമമുണ്ടായത് എന്നത് സംബന്ധിച്ച് റിപ്പോർട്ടിൽ പറയുന്നില്ല. റഷ്യയുടെ ഔദ്യോഗിക രഹസ്യങ്ങൾ നിരന്തരം പുറത്തുവിടുന്ന ടെലഗ്രാം ചാനലാണ് ജനറൽ ജിവിആർ.
ഫെബ്രുവരിയിൽ യുക്രൈൻ അധിനിവേശം ആരംഭിച്ചത് മുതൽ പുടിന്റെ ആരോഗ്യത്തെക്കുറിച്ചും അദ്ദേഹത്തിന് ജീവന് ഭീഷണിയുള്ളതായും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. താൻ കുറഞ്ഞത് അഞ്ച് കൊലപാതക ശ്രമങ്ങളെയെങ്കിലും അതിജീവിച്ചതായി 2017ൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമായ ലിമോസിന്റെ മുൻഭാഗത്തെ ഇടത് ചക്രത്തിൽ വലിയ സ്‌ഫോടനമുണ്ടാവുകയും പുക ഉയരുകയും ചെയ്തതായാണ് ടെലഗ്രാം ചാനൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്.
യുക്രൈ്നിലെ റഷ്യയുടെ സൈനികനഷ്ടവും സമ്പദ്വ്യവസ്ഥയിലുണ്ടായ നാശനഷ്ടവും ഉൾപ്പെടെയുള്ള നിരവധി കാരണങ്ങൾ ചൂണ്ടിക്കാട്ടി പുടിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അധികാരത്തിൽ നിന്ന് നീക്കം ചെയ്യണമെന്ന് സെന്റ് പീറ്റേഴ്സ്ബർഗിൽ നിന്നുള്ള ഒരു കൂട്ടം രാഷ്ട്രീയക്കാർ സ്റ്റേറ്റ് ഡുമയോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നതായുള്ള റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
Adjust Story Font
16