പണമില്ലാത്തതിനാല്‍ പാഡും മെൻട്രൽകപ്പും വാങ്ങാതിരിക്കേണ്ട...ആർത്തവ ഉല്‍പ്പന്നങ്ങൾ സൗജന്യമാക്കി സ്‌കോട്ട്‌ലന്‍ഡ്
ഫ്രീ പിരീഡ് ബിൽ ഐകകണ്ഠ്യേനയാണ് സ്കോട്ടിഷ് പാർലമെന്റ് പാസാക്കിയത്
ഇഡിൻബർഗ്: ആർത്തവവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ വാങ്ങാൻ നല്ലൊരു തുകതന്നെ സ്ത്രീകൾ ഓരോ വർഷവും ചെലവഴിക്കുന്നുണ്ട്. പണമില്ലാത്തതിനാൽ സാനിറ്ററി പാഡുപോലും വാങ്ങാൻ കഴിയാത്ത നിരവധി പേരും അക്കൂട്ടത്തിലുണ്ടാകും. ഇതെല്ലാം കണക്കിലെടുത്ത് ആർത്തവ ശുചിത്വവുമായി ബന്ധപ്പെട്ട എല്ലാ ഉൽപ്പന്നങ്ങളും പൂർണമായും സൗജന്യമാക്കിയിരിക്കുകയാണ് സ്‌കോട്ട്‌ലന്‍ഡ്.
ലോകത്ത് ഇത്തരമൊരു നീക്കം നടത്തുന്ന ആദ്യം രാജ്യം കൂടിയാണ് സ്‌കോട്ട്‌ലന്‍ഡ്. ഇതിനായി നിമയനിർമാണവും നടത്തിക്കഴിഞ്ഞു. ഫ്രീ പിരീഡ് ബിൽ ഐകകണ്ഠ്യേനയാണ് സ്കോട്ടിഷ് പാർലമെന്റ് പാസാക്കിയത്. തിങ്കളാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വരും. നിലവിൽ സ്‌കൂളുകളിലും കോളജുകളിലും ആർത്തവ ഉൽപ്പന്നങ്ങൾ സൗജന്യമായി നൽകുന്നുണ്ട്.
ലിംഗസമത്വവും തുല്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടിയെന്ന് സാമൂഹിക നീതി സെക്രട്ടറി ഷോണ റോബിസൺ പറഞ്ഞു.സാമ്പത്തിക ബാധ്യതയുടെ പേരിൽ ഇനിയാർക്കും ആർത്തവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ കിട്ടാതിരിക്കില്ലെന്നും അവർ പറഞ്ഞു. ഇത്തരമൊരു നടപടി സ്വീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ ദേശീയ സർക്കാരെന്ന നിലയിൽ ഞങ്ങൾ അഭിമാനിക്കുന്നു, അവർ കൂട്ടിച്ചേർത്തു.
ഈ തകർപ്പൻ നിയമനിർമ്മാണത്തിന് വോട്ട് ചെയ്യുന്നതിൽ അഭിമാനിക്കുന്നെന്ന് സ്‌കോട്ട്‌ലൻഡിന്റെ ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ പറഞ്ഞു.
Adjust Story Font
16