Quantcast

കൊക്കെയ്ന്‍ അടിച്ചു കിറുങ്ങി നടക്കുന്ന സ്രാവുകള്‍; എവിടുന്നുകിട്ടി? അന്തംവിട്ട് ശാസ്ത്രജ്ഞര്‍!

മയക്കുമരുന്നിന്‍റെ സാന്നിധ്യം സ്രാവുകളെ സ്വഭാവത്തെയും ബാധിച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു

MediaOne Logo

Web Desk

  • Updated:

    2024-07-24 04:52:26.0

Published:

24 July 2024 4:50 AM GMT

Sharks
X

ബ്രസീലിയ: ബ്രസീലിയന്‍ സമുദ്രത്തിലെ സ്രാവുകളില്‍ മാരകമായ മയക്കുമരുന്നിന്‍റെ സാന്നിധ്യം കണ്ടെത്തി. റിയോ ഡി ജനീറോയ്ക്കടുത്തുള്ള കടലില്‍ നിന്നുള്ള പതിമൂന്നോളം നീളന്‍ മൂക്കന്‍(ഷാര്‍പ്നോസ് ഷാര്‍ക്ക്) സ്രാവുകളിലാണ് വലിയ തോതില്‍ കൊക്കെയ്ന്‍ സാന്നിധ്യം കണ്ടെത്തിയത്. മനുഷ്യന്‍റെ നിയമവിരുദ്ധവും അമിതവുമായ മയക്കുമരുന്ന് ഉപഭോഗം സമുദ്രജീവികളെ എങ്ങനെ ദോഷകരമായി ബാധിക്കുന്നുവെന്ന് തെളിയിക്കുന്ന കണ്ടെത്തലുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

മയക്കുമരുന്നിന്‍റെ സാന്നിധ്യം സ്രാവുകളെ സ്വഭാവത്തെയും ബാധിച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. റിയോ ഡി ജനീറോയിലെ ഒരു കടൽത്തീരത്ത് മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ 13 സ്രാവുകളെ പരിശോധിച്ചപ്പോഴാണ് കൊക്കെയ്ന്‍റെ സാന്നിധ്യം കണ്ടെത്തിയതെന്ന് 'കൊക്കെയ്ന്‍ ഷാര്‍ക്ക്' എന്ന തലക്കെട്ടില്‍ സയന്‍സ് ഓഫ് ദ ടോട്ടല്‍ എന്‍വയോണ്‍മെന്‍റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു. നേരത്തെ നടത്തിയ പഠനത്തില്‍ നദികള്‍, സമുദ്രങ്ങള്‍ എന്നിവിടങ്ങളിലും മയക്കുമരുന്ന് വലിയ അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ചെമ്മീന്‍ പോലുള്ള കടല്‍ മത്സ്യങ്ങളിലും ലഹരിയുടെ അംശം കണ്ടെത്തിയിട്ടുണ്ട്.

ഇത്രയും കൂടിയ അളവിൽ കൊക്കെയ്ൻ എങ്ങനെ സ്രാവുകളിൽ എത്തിയെന്ന സംശയത്തിലാണ് മറൈന്‍ ബയോളജിസ്റ്റുകള്‍. സ്രാവുകളുടെ ശരീരത്തിലേക്ക് മയക്കുമരുന്ന് എത്തിയത് എങ്ങനെയെന്ന് ഉറപ്പിക്കാനായിട്ടില്ലെങ്കിലും മയക്കുമരുന്ന് ഉൽപ്പാദിപ്പിക്കുന്ന അനധികൃത ലാബുകളിലെ ഡ്രെയിനേജ് വഴിയായിരിക്കാം എന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ വിസർജ്യം കലർന്ന മലിനജലത്തിലൂടെയായിരിക്കാം എന്നും കരുതുന്നുണ്ട്. മയക്കുമരുന്ന് കടത്തുകാർ ഏതെങ്കിലും സാഹചര്യങ്ങളിൽ കടലിൽ കൊണ്ടുതള്ളിയ കൊക്കെയ്‌നുകളും കാരണമാവാം എന്നും വിശ്വസിക്കപ്പെടുന്നു.

ബ്രസീലിയൻ സംസ്ഥാനമായ സാവോ പോളോയിലെ സാൻ്റോസ് ബേയിലെ ബ്രൗൺ ചിപ്പികൾ, മുത്തുച്ചിപ്പികൾ, ഈൽ എന്നീ ജിവികളില്‍ ഉയർന്ന അളവിലുള്ള കൊക്കെയ്ൻ അവശിഷ്ടങ്ങൾ ഗുരുതരമായ ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നതായി അടുത്തിടെ നടന്ന പ്രത്യേക പഠനത്തില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ മറ്റ് സമുദ്രജീവികളിൽ മുമ്പ് കണ്ടെത്തിയിട്ടുള്ളതിൽനിന്നും 100 മടങ്ങ് അധികം കൊക്കെയ്ൻ അംശമാണ് റിയോ ഡി ജനീറോയിൽ പരിശോധിച്ച സ്രാവുകളിലുള്ളത്.

ബ്രസീല്‍ വലിയ തോതില്‍ കൊക്കെയ്ന്‍ ഉത്പാദിപ്പിക്കുന്ന രാജ്യമല്ലെങ്കിലും കയറ്റുമതി ചെയ്യുന്നുണ്ട്. ഫസ്റ്റ് ക്യാപിറ്റൽ കമാൻഡ് (പിസിസി) പോലുള്ള ശക്തമായ തെരുവ് സംഘങ്ങൾ യൂറോപ്പിലേക്ക് ഷിപ്പിംഗ് കണ്ടെയ്നറുകളിൽ ടൺ കണക്കിന് മയക്കുമരുന്ന് അയക്കുന്നുണ്ട്. ''റിയോയിൽ കടലിലേക്ക് ഒഴുകുന്ന നദികളിൽ ഇതിനോടകം കൊക്കെയ്ന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇത്രയും മാരകമായ തോതില്‍ സ്രാവുകളിൽ കണ്ടെത്തിയതിൽ അത്ഭുതം തോന്നുന്നു'' പഠനത്തിന് നേതൃത്വം നല്‍കിയ ഓസ്വാൾഡോ ക്രൂസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള എൻറിക്കോ മെൻഡസ് സാഗിയോറോ പറഞ്ഞു.

TAGS :

Next Story