"ശൈഖ് ഹസീനയെ അറസ്റ്റ് ചെയ്യും" വീണ്ടും വാറന്റ് പുറപ്പെടുവിച്ച് ബംഗ്ലാദേശ്
ഇന്ത്യയിൽ അഭയം പ്രാപിച്ച ഹസീനയെ ഫെബ്രുവരി 12നകം അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നാണ് ഉത്തരവ്
ധാക്ക: വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് രാജിവെച്ച് രാജ്യം വിട്ട മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്കെതിരെ വീണ്ടും അറസ്റ്റ് വാറന്റുമായി ബംഗ്ലാദേശ്. ഇന്ത്യയിൽ തങ്ങുന്ന ഹസീനക്കെതിരെ ധാക്ക കോടതിയാണ് രണ്ടാമതും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
ഹസീനയുടെ മുൻ പ്രതിരോധ ഉപദേഷ്ടാവ് താരീഖ് അഹ്മദ് സിദ്ദീഖ്, മുൻ ഐ.ജി.പി ബേനസീർ അഹ്മദ് എന്നിവരടക്കം 10 പേർക്കും വാറൻറുണ്ട്. 11 പേർക്കെതിരെ ഒക്ടോബറിലിറക്കിയ അറസ്റ്റ് വാറന്റ് നിലനിൽക്കെയാണ്, ജസ്റ്റിസ് മുപമ്മദ് ഗുലാം മൊർത്തുസ മജുംദാറിന്റെ അധ്യക്ഷതയിലുള്ള ട്രൈബ്യൂണൽ വീണ്ടും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഫെബ്രുവരി 12നകം ശൈഖ് ഹസീനയെയും കൂട്ടരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നാണ് ഉത്തരവ്.
ബംഗ്ലാദേശിൽ ശൈഖ് ഹസീനയുടെ പതനത്തിലേക്ക് നയിച്ച സംഘർഷത്തിൽ 230 ലേറെ ആളുകൾ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ആഗസ്റ്റിലാണ് വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് ശൈഖ് ഹസീന സർക്കാർ രാജിവച്ചത്.
തുടർന്ന് ധാക്ക ആസ്ഥാനമായ ഇന്റർനാഷണൽ ക്രൈം ട്രൈബ്യൂണൽ ഹസീന ഉൾപ്പടെയുള്ള സർക്കാരിനെതിരെ വംശഹത്യ അടക്കം നിരവധി കുറ്റങ്ങൾ ചുമത്തി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
മുൻപ് ശൈഖ് ഹസീനയെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ (ഐസിസി) വിചാരണ ചെയ്യണമെന്ന് മുമ്പ് ബംഗ്ലാദേശിന്റെ ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ് ആവശ്യപ്പെട്ടിരുന്നു.
മുഹമ്മദ് യൂനുസ് ഐസിസി പ്രോസിക്യൂട്ടർ കരീം എ. ഖാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഹസീനയുടെ വിചാരണയുമായി സംബന്ധിച്ചുള്ള വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു. യൂനുസിന്റെ മാധ്യമവിഭാഗം ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. ഹസീനക്ക് പുറമെ, മുൻ മന്ത്രിമാർക്കെതിരെയുള്ള കേസുകളിലും ഐസിസി വിചാരണ നടത്തണമെന്നും യൂനുസ് ആവശ്യപ്പെട്ടിട്ടുണ്ട്. ശൈഖ് ഹസീനക്ക് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ബംഗ്ലാദേശിലെ അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണലുമായി സഹകരിക്കാൻ ഐസിസിക്ക് താൽപര്യമുണ്ടെന്ന് കരീം എ. ഖാൻ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.
വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് രാജിവെച്ച ശൈഖ് ഹാസീന ആഗസ്ത് അഞ്ചു മുതൽ ഇന്ത്യയിൽ അഭയംതേടിയിരിക്കുകയാണ്. പിന്നാലെ ശൈഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കാൻ ബംഗ്ലാദേശ് ആവശ്യപ്പെട്ടിട്ടും ഇന്ത്യ അഭയം നൽകുന്നത് തുടരുകയാണ്.
Adjust Story Font
16