ചരിത്രം തിരുത്തി ബംഗ്ലാദേശ് സർക്കാർ; ശൈഖ് മുജീബുർ റഹ്മാനെ രാഷ്ട്രപിതാവ് പദവിയിൽ നിന്നും മാറ്റി
പുതിയ അധ്യയനവർഷത്തിലെ പാഠപുസ്തകങ്ങളിലാണ് ചരിത്രം മാറ്റിയെഴുതികൊണ്ടുള്ള രാഷ്ട്രീയ ഇടപെടൽ
ധാക്ക: ശൈഖ് മുജീബുർ റഹ്മാനെ രാഷ്ട്രപിതാവ് പദവിയിൽ നിന്നും മാറ്റി ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ. പുതിയ അധ്യയനവർഷത്തിലെ പാഠപുസ്തകങ്ങളിലാണ് ചരിത്രം മാറ്റിയെഴുതികൊണ്ടുള്ള രാഷ്ട്രീയ ഇടപെടൽ. അവാമി ലീഗിനെ അപ്രസക്തമാക്കുന്ന പുതിയ സർക്കാരിന്റെ നടപടികളുടെ തുടർച്ചയാണ് പാഠപുസ്തകങ്ങളിലെ മാറ്റത്തിൽ പ്രതിഫലിക്കുന്നത്.
പ്രൈമറി, സെക്കൻഡറി ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ നിന്നാണ് ബംഗബന്ധു എന്നറിയപ്പെടുന്ന മുജീബുർ റഹ്മാനെ പരിപൂർണമായി ഒഴിവാക്കിയിരിക്കുന്നത്. രാഷ്ട്രപിതാവെന്ന മുജീബുർ റഹ്മാന്റെ വിശേഷണവും ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് മേജർ സിയാ ഉർ റഹ്മാനാണെന്നാണ് പുസ്തകങ്ങളിലുള്ളത്. 1971 മാർച്ച് 26ന് സിയാ ഉർ റഹ്മാൻ ആദ്യം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. അടുത്ത ദിവസം മുജീബുർ റഹ്മാനു വേണ്ടി പ്രഖ്യാപനം ആവർത്തിച്ചു എന്നും പുതിയ പാഠപുസ്തകങ്ങൾ പറയുന്നു.
കാലങ്ങളായുള്ള ചരിത്രത്തെയാണ് കരിക്കുലം കമ്മിറ്റി പൊളിച്ചെഴുതിയിരിക്കുന്നത്. അതിശയോക്തിപരമായ കാര്യങ്ങളെ മാറ്റുന്നതിനു വേണ്ടിയാണ് പുനരവലോകനമെന്ന് ഗവേഷകനും എഴുത്തുകാരനുമായ രഖൽ റാഹ അഭിപ്രായപ്പെട്ടു. കരിക്കുലം കമ്മറ്റിയും ഇതേ വാദം ആവർത്തിച്ചിട്ടുണ്ട്. മുജീബുർ റഹ്മാന്റെ ഇളയമകളും പ്രധാനമന്ത്രിയുമായ ശൈഖ് ഹസീനയെ സ്ഥാന ഭ്രഷ്ടയാക്കിയതിനു പിന്നാലെ തുടങ്ങിയ രാഷ്ട്രീയ നീക്കമാണ് പാഠപുസ്ത പരിഷ്കരണത്തിലൂടെ പുറത്തുവന്നത്.
രക്തസാക്ഷി ദിനത്തിലെ പൊതു അവധി റദ്ദാക്കിയും കറൻസികളിലെ ചിത്രങ്ങൾ നീക്കിയും ഇടക്കാല സർക്കാർ മുജീബുർ റഹ്മാനോടുള്ള രാഷ്ട്രീയ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
Adjust Story Font
16