ഗിനിയിൽ കുടുങ്ങിയ ഇന്ത്യൻ നാവികരുമായുള്ള കപ്പൽ നൈജീരിയയിൽ എത്തി
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഉടൻ അവരെ നേരിൽ കാണും
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഇക്വിറ്റോറിയൽ ഗിനിയിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ നാവികരുമായുളള കപ്പൽ നൈജീരിയയിൽ എത്തി. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഉടൻ അവരെ നേരിൽ കാണും. നാവികരുടെ കപ്പൽ മനഃപൂർവം വൈകിപ്പിക്കുവെന്ന ആരോപണത്തെ കുറിച്ച് അറിയില്ലെന്നും മാധ്യമങ്ങളോടാരെങ്കിലും അത്തരം പരാതി നൽകിയോയെന്ന് അറിയില്ലെന്നും വാർത്താസമ്മേളനത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞിരുന്നു. കപ്പൽ നൈജീരിയയിൽ എത്തുന്നത് മനഃപൂർവം വൈകിപ്പിക്കുന്നുവെന്ന് നാവികരുടെ സന്ദേശം പുറത്തുവന്നിരുന്നു. ഇതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മന്ത്രി മറുപടി പറഞ്ഞത്. മലയാളി നാവികൻ സനു ജോസിന്റെ ഭാര്യക്കാണ് സന്ദേശം ലഭിച്ചത്. തടവിലാക്കപ്പെട്ട ഇന്ത്യൻ നാവികരുമായുള്ള കപ്പൽ നൈജീരിയയിലേക്ക് തിരിച്ചതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. മൂന്നു മലയാളികൾ ഉൾപ്പെടെ 26 പേരാണ് കപ്പലിലുള്ളത്. കപ്പൽ ഉടമകളും അഭിഭാഷകരും നേരത്തെ തന്നെ നൈജീരിയയിൽ എത്തിയിരുന്നു.
നാവികരെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്ന് സംഭവത്തിൽ കുടുങ്ങിയ സനു ജോസിന്റെ ഭാര്യ ആവശ്യപ്പെട്ടു. തന്റെ ഭർത്താവടക്കമുള്ളവർ ക്രൂഡ് ഓയിൽ മോഷ്ടിക്കാൻ പോയതല്ലെന്നും അത്തരത്തിൽ വാർത്ത നൽകരുതെന്നും അവർ വ്യക്തമാക്കി. നാവികർ തെറ്റ് ചെയ്തിട്ടില്ലെന്നും പറഞ്ഞു.
ഗിനി സേന കസ്റ്റഡിയിലെടുത്ത 'എം.ടി ഹീറോയിക് ഇദുൻ' എന്ന പേരിലുള്ള എണ്ണക്കപ്പലിലെ നാവികരെ നൈജീരിയയ്ക്ക് കൈമാറിയിരുന്നു. നേരത്തെ തടങ്കലിൽ പാർപ്പിച്ചിരുന്ന ഇവരെ കപ്പലിലേക്ക് മാറ്റി. ശേഷം നൈജീരിയൻ നാവികസേന എത്തി കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. അതിർത്തി ലംഘിച്ച് ക്രൂഡോയിൽ ശേഖരിച്ചെന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും ഇവർക്കെതിരെ ആരോപണമുണ്ട്. ഗിനി വിട്ടാൽ നാടുമായി ബന്ധപ്പെടാനാകില്ലെന്ന് നാവികൻ സനു ജോസിന്റെ വിഡിയോ സന്ദേശം കഴിഞ്ഞ ദിവസം രാത്രി പുറത്തുവന്നിരുന്നു. നൈജീരിയൻ സേനയ്ക്ക് കൈമാറിയ ശേഷം ഇവരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നാണ് ബന്ധുക്കൾ അറിയിച്ചിട്ടുള്ളത്.
Ship with Indian sailors stranded in Guinea arrives in Nigeria
Adjust Story Font
16