Quantcast

ലബനാനിലെ മുനിസിപ്പൽ കെട്ടിടത്തിൽ ഇസ്രാ​യേൽ ആക്രമണം; മേയറടക്കം ആറുപേർ കൊല്ലപ്പെട്ടു

ഗസ്സയിലെയും ലബനാനിലെയും സ്ഥിതിഗതികളിൽ ആശങ്ക രേഖപ്പെടുത്തി യു.എൻ രക്ഷാസമിതി യോഗം

MediaOne Logo

Web Desk

  • Published:

    17 Oct 2024 1:44 AM GMT

lebanon attack mayor killed
X

ദുബൈ: ബെയ്​റൂത്ത്​ ഉൾപ്പെടെ ലബനാന്‍റെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ ആക്രമണം വ്യാപിപ്പിച്ചു. തെക്കൻ മേഖലയിലെ മുനിസിപ്പാലിറ്റി കെട്ടിടത്തിൽ ബോംബിട്ട് മേയറടക്കം ആറുപേരെ ഇസ്രായേൽ വധിച്ചു. നബ്തിയയിൽ അടിയന്തര സഹായവിതരണം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത മുനിസിപ്പൽ കൗൺസിൽ യോഗത്തിനുമേൽ നടന്ന വ്യോമാക്രമണത്തിലാണ് മേയർ അഹ്മദ് കാഹിയും മറ്റ് അഞ്ചുപേരും കൊല്ലപ്പെട്ടത്. 43 പേർക്ക് പരിക്കേറ്റു.

നബ്തിയയുടെ പരിസരങ്ങളിലുടനീളം നടന്ന കനത്ത വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഗസ്സയിലും ആക്രമണം വ്യാപകമാണ്. ആറിടങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ 24 മണിക്കൂറിനിടെ 65 പേരാണ്​ കൊല്ലപ്പെട്ടത്​. 140 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഉപരോധം തുടരുന്ന വടക്കൻ ഗസ്സയിൽ സ്ഥിതി അതീവ ഗുരുതരമാണെന്ന്​ യു.എൻ ഏജൻസികൾ വ്യക്​തമാക്കി. പ്രദേശത്തെ മൂന്ന് ആശുപത്രികളിലെയും സ്ഥിതി ദുരന്തപൂർണമാണ്​. കമാൽ അദ്‍വാൻ, അൽഔദ, ഇന്തോനേഷ്യൻ ആശുപത്രികളിലായി നൂറുകണക്കിന് രോഗികളാണ്​ ആവശ്യമായ ചികിത്സയും അടിയന്തര സേവനങ്ങളും ലഭിക്കാതെ നരകിക്കുന്നത്​.

രാത്രി ചേർന്ന യു.എൻ രക്ഷാസമിതി യോഗം ഗസ്സയിലെയും ലബനാനിലെയും സ്ഥിതിഗതികളിൽ അതീവ ആശങ്ക രേഖപ്പെടുത്തി. ഗസ്സയിൽ ജനങ്ങളെ പട്ടിണിക്കിടാനുള്ള ഇസ്രായേൽ നീക്കത്തോട്​ യോജിപ്പില്ലെന്ന്​ രക്ഷാസമിതിയിൽ അമേരിക്ക വ്യക്​തമാക്കി. സമാധാന സേനയെ ലബനാനിൽനിന്ന്​ പിൻവലിക്കണമെന്ന ഇസ്രായേൽ ആവശ്യം യു.എൻ തള്ളി.

സേനയെ പിൻവലിക്കുന്ന പ്രശ്നമില്ലെന്ന്​ യൂറോപ്യൻ യൂനിയനും പ്രതികരിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം അംഗീകരിക്കാനാവില്ലെന്ന്​ ബ്രസൽസിൽ ചേർന്ന യൂറോപ്യൻ യൂനിയൻ, ഗൾഫ്​ ഉച്ചകോടി വ്യക്​തമാക്കി. അതിനിടെ, ഇറാനെതിരെ ശക്​തമായ പ്രത്യാക്രമണം നടത്തുന്നതുമായി ബന്ധപ്പെട്ട്​ നെതന്യാഹുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാ സമിതി യോഗം ചർച്ച നടത്തി.

അടുത്ത മാസം നടക്കുന്ന അമേരിക്കൻ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പിനു മു​മ്പെ ഇസ്രായേൽ ഇറാനെതിരായ ആക്രമണം നടത്താൻ തീരുമാനിച്ചതായി യു.എസ്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. ജോർദാൻ, ഈജിപ്ത്​, തുർക്കി രാജ്യങ്ങളുടെ പിന്തുണ തേടി ഇറാൻ വിദേശകാര്യ മന്ത്രിയുടെ പര്യടനം തുടരുകയാണ്​. ആക്രമണത്തിന്റ പശ്ചാത്തലത്തിൽ തെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നതായി വിവിധ യൂറോപ്യൻ വിമാന കമ്പനികൾ അറിയിച്ചു.

TAGS :

Next Story